Image

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും .....പെരുകുന്ന പീഡനമൊന്നു മാത്രം! (അനില്‍ പെണ്ണുക്കര)

Published on 09 March, 2017
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും .....പെരുകുന്ന പീഡനമൊന്നു മാത്രം! (അനില്‍ പെണ്ണുക്കര)
കേരളത്തിനു പൊലിച്ചു. അച്ചന്‍ സമ്മാനിച്ച കന്യകാഗര്‍ഭത്തിനു പിന്നാലെ കുഞ്ഞാടിന്റെ വക മറ്റൊരു ഗര്‍ഭവും ശിശുവും കൂടി. കെസിവൈഎമ്മിന്റെ യുവരക്തത്തില്‍ പിറന്ന ഒരു ഗര്‍ഭവുംകൂടി രാജ്യത്തിന്റെ ജനസമ്പത്തിനു മുതല്‍ക്കൂട്ടായിരിക്കുന്നു. സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള അകലം കുറയുകയാണ്.  കുറെ മേദസ്സുപെരുത്ത വിത്തുകാളകള്‍ മദിച്ചാടുകയാണ്. 

കൊഴുപ്പു എല്ലിന്റെ ഇടയില്‍ കുത്താന്‍ തുടങ്ങിയാല്‍ ഒരു വിരേചനം ഉണ്ടായേ പറ്റൂ.  എമ്പ്രനൊന്നു കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും... എന്ന പാടിയ ഫലിതക്കാരന്‍ കുഞ്ചമ്പ്യാര്‍ ഫലിതമല്ല പറഞ്ഞത് സര്‍വ്വദേശീകവും സാര്‍വ്വകാലികവുമായ ഒരു സത്യമാണെന്നു ഇപ്പോള്‍ ബോദ്ധ്യമായി.  പക്ഷേ ഒരു കാര്യത്തില്‍ യൂത്തനെ അഭിനന്ദിക്കണം ആ ദിവ്യഗര്‍ഭദായകന്‍ അതിന്റെ ഉത്തരവാദിത്വം പെണ്‍കുട്ടിയുടെ പിതാവിന്റെ ചുമലില്‍വച്ചു കൊടുക്കാന്‍ തയ്യാറായില്ല.
ആശ്വാസം. 

സാത്താന്മാരെ വെടിച്ചുകൊല്ലാന്‍ ഒരു സാല്‍വേഷന്‍ ആര്‍മി ബ്രിഗേഡിയര്‍ക്കും ഇതുവരെ ആയില്ലേ? അത്യാധുനികമായ ഉപകരണം വല്ലതും സമ്പാദിച്ചു കൂടേ... ദേ സാത്തന്മാര്‍ വേണ്ടാതീനം കാണിച്ച് അച്ചന്മാരെ ജയിലാക്കുന്നു...

പാലക്കാട്ടും വയനാട്ടിലും വളയാറിലും പീഡനം... പിഞ്ചുകുട്ടികളെ പീഡിപ്പിച്ചുകൊല്ലുന്നുവെന്ന് വാര്‍ത്ത. നാട്ടില്‍ ഗോവിന്ദച്ചാമിമാരും കൗണ്‍സിലര്‍മാരും ലോക്കല്‍ നേതാക്കളും കിളീരൂര്‍ വിഐപിമാരും കൂടുതല്‍ സുഖവും ആദരവും നേടി വിലസുമ്പോള്‍ ആര്‍ക്കെന്തു പേടിക്കണം. പീഡിപ്പിച്ചത് (പീഡനം ഇന്ന് അശഌലവും ഭയമുണ്ടാക്കുന്നതുമായ ഒരു വാക്കായി മാറിയിട്ടുണ്ട്) ഭരണക്കാരുടെ ആളാണെങ്കില്‍ അത് ഇന്‍ക്വിലാബ്‌ സിന്ദാബാദിന്റെ ഭാഗമാണ്. ഒരുതരം ഒളിപ്പോരിന്റെ വഴി. അല്ലെങ്കില്‍ ബ്രാഞ്ചില്‍ മെമ്പന്മാരുടെ എണ്ണം കൂട്ടാനും പാര്‍ട്ടി കരുത്തു വര്‍ദ്ധിപ്പിക്കാനുമുള്ള അടവുനയം.

മറൈന്‍ െ്രെഡവില്‍ ശിവസേനയും സദാചാരഗുണ്ടായിത്തിനു അവസരമൊരുക്കിയ പോലീസുകാര്‍ക്കെതിരെ നടപടി പെട്ടെന്നായിരുന്നു. പതിമൂന്നുകാരിയെ ഏതോ ഒരു സദാചാരന്‍ പീഡിപ്പിച്ച് മരണത്തിലേക്കു തള്ളിവിട്ടത് അന്വേഷിക്കാതെ, നടപടിയെടുക്കാതെ ഇരുന്ന പോലീസുകാര്‍ക്കെതിരെ നടപടിയില്ല. മറൈെ്രെഡവില്‍ അടികൊണ്ടവര്‍ക്കു സ്‌നേഹ ഇരുപ്പെന്ന ഐക്യദാര്‍ഢ്യവുമായി ഇടതു യുവജന ശക്തി. പക്ഷേ വയനാട്ടിലും പാലക്കാട്ടും വാളയാറിനും പിഞ്ചുകുഞ്ഞുങ്ങള്‍ക്കുണ്ടായ ദുരന്തത്തിനെതിരെ ഒരു സ്‌നേഹവാക്കു പോലുമില്ല.

ഉമ്മസമരം നടത്തിയ വീര്യത്തോടെ പൊതുസ്ഥങ്ങളില്‍ എന്തുമാകാം എന്നു വിചാരിക്കുന്ന ഒരു കൂട്ടം ആളുകളുടെ വോട്ടുബലം പീഡനത്തില്‍ പൊലിഞ്ഞുപോയ പാവങ്ങള്‍ക്കില്ല. ശിവസേന രാഷ്ടീയമായ ലക്ഷ്യത്തോടെ കാറ്റുള്ളപ്പോള്‍ തൂറ്റീ. അത് ഇഷ്ടപ്പെടുന്ന ഒരുപാടു മാതാപിതാക്കളെ എനിക്കറിയാം. കാരണം കുട്ടികളില്‍ ഇന്നു വളര്‍ത്തുന്ന അനാവശ്യമായ സ്വാതന്ത്ര്യബോധവും വൈദേശികമായ ദുരാചാരങ്ങളും വൃത്തികേടുകളും രക്ഷിതാക്കള്‍ക്കു നിയന്ത്രിക്കാന്‍ വയ്യാതിരിക്കുന്നു. അപ്പോള്‍ ഇത്തരം സദാചാര പോലീസിംങ് ചില മാതാപിതാക്കള്‍ ഇഷ്ടപ്പെട്ടു പോകും. കാരണം ഈ സ്‌നേഹ ഇരുപ്പിനൊടുവില്‍ എവിടെയെങ്കിലും മരക്കൊമ്പിലോ ആശുപത്രിയിലോ അകപ്പെട്ടുപോകുന്ന തങ്ങളുടെ മകള്‍ക്കുവേണ്ടി കരയാനും നീതിവേണം എന്നു വിളിച്ചുകൂവാനും തങ്ങള്‍ മാത്രമേ ഉണ്ടാകൂ. അപ്പോള്‍ ഒരു പുരോഗമന സ്വാതന്ത്രേ്യച്ഛുയും ഉണ്ടാവില്ല സാഹായിക്കാന്‍. കൂടെ നില്ക്കാന്‍. അത് വിഷ്ണുപ്രണോയിയുടെ ജീവിതവും മരണവും കാട്ടിത്തരുന്നു.

പിണറായിയുടെ പടം കണികാണിച്ചും ചങ്ങലയില്‍ കണ്ണിയായും നടന്ന വിഷ്ണുവിനെക്കാള്‍ നീതിലഭിക്കാന്‍ അര്‍ഹതനേടിയത് കൃഷ്ണദാസ് എന്ന മുതലാളിക്കാണ്. പീഡനത്തിലായ അച്ചനെ പരാമാവധി പോലീസ് കസ്റ്റഡിയില്‍നിന്നും രക്ഷിക്കാന്‍ സത്യവാങ്മൂലം വൈകിപ്പിച്ചു സഹായിക്കുന്നതും ഈ നീതിയുടെ ഭാഗമാണ്.

നിയമസഭയില്‍ സംസാരത്തിലും പെരുമാറ്റത്തിലും കരുത്തുകാണിക്കുന്നവര്‍ ജനകീയവിഷയങ്ങളില്‍ പ്രതികള്‍ക്കൊപ്പം നിന്ന ഇരകളോടും കാട്ടുന്ന അനീതി ജനം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. വയനാട്ടിലേയും കൊട്ടിയൂരിലേയും പാലക്കാട്ടേയും പെണ്‍കുട്ടികളുടെ ദുരന്തത്തെക്കാള്‍ ഭീകരമാണോ മറൈന്‍ െ്രെഡവില്‍വച്ച് ചന്തിയ്ക്കു നാലു പിട കിട്ടിയത്? ഇതിനെതിരെ കൈകോര്‍ത്തുപിടിച്ച് പീഡനത്തിനുള്ള പുതിയ സാഹചര്യം സൃഷ്ടിക്കുന്നവര്‍ അവരുടെ ഭാര്യമാരേയും പെണ്‍കുട്ടികളേയും പെങ്ങന്മാരേയും ഈ സമരത്തിന്റെ മുന്നിലിറക്കി സ്‌നേഹ ഇരുപ്പ് നടത്താന്‍ പ്രേരിപ്പിക്കുമോ? ഇതില്‍ പങ്കെടുത്ത തിരികെ വീട്ടില്‍ വരുന്നകുട്ടികളോട് അവരുടെ
മതാപിതാക്കള്‍ സബാഷ് പറയുമോ... ആര്‍ക്കറിയാം.

കേരളത്തില്‍ ഇപ്പോള്‍ എവിടെതിരിഞ്ഞൊന്നു നോക്കിയാലും പീഡനമെന്നൊന്നേ കാണാനുള്ളൂ. അതിലുള്‍പ്പെടാതിരിക്കാന്‍ ശ്രദ്ധാപൂര്‍വ്വം ഏവരും ശ്രമിക്കുക. സര്‍ക്കാരോ നിയമോ ഒന്നും പരിഹാരമല്ല. നാളെ പീഡനം ഞങ്ങളുടെ അവകാശമാണെന്നു ഒരു കൂട്ടര്‍ സംഘടിച്ചു വാദിച്ചാല്‍ അതിനുവേണ്ടിയും ഇരുപ്പുസമരം ഉണ്ടായെന്നു വരാം. സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് വഴി തെറ്റിക്കുന്നവര്‍ക്ക് രാഷ്ടീയമായ ശക്തിയാര്‍ജ്ജിക്കലാണ് ലക്ഷ്യം. പിന്നെ അതിന്റെ പേരില്‍ കിട്ടുന്ന ചീപ്പ് പോപ്പുലാരിറ്റിയും.
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും .....പെരുകുന്ന പീഡനമൊന്നു മാത്രം! (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക