Image

സുകുമാര്‍ അഴീക്കോട്‌ അദ്വിതീയനായ പ്രഭാഷകന്‍ (വാസുദേവ്‌ പുളിക്കല്‍ )

Published on 24 February, 2012
സുകുമാര്‍ അഴീക്കോട്‌ അദ്വിതീയനായ പ്രഭാഷകന്‍ (വാസുദേവ്‌ പുളിക്കല്‍ )
സുകുമാര്‍ അഴീക്കോടിനെ പല കോണുകളില്‍ നിന്ന്‌ ജനങ്ങള്‍ ആദരവോടെ വീക്ഷിക്കുന്നു. വിവിധ മേഖലകളില്‍ തന്റെ മായാത്ത വ്യക്‌തിമുദ്ര പതിപ്പിച്ചതുകൊണ്ടാണ്‌ അദ്ദേഹത്തിന്‌ ജനങ്ങളില്‍ ഇത്രയേറെ സ്വാധീനം ചെലുത്താനും അവരുടെ ആരാധ്യനാകാനും സാധിച്ചത്‌. ഒരു സാഹിത്യ വിമര്‍ശകന്‍, ചിന്തകന്‍, പണ്ഡിതന്‍ തുടങ്ങിയ നിലകളില്‍ മാത്രമല്ല അദ്ദേഹം പ്രസിദ്ധനായത്‌. ഒരു പ്രഭാഷകന്‍ എന്ന നിലയിലും അദ്ദേഹം അദ്വിതീയനായിരുന്നു. അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ക്ക്‌ നിറപ്പകിട്ടു നല്‍കിയത്‌ അദ്ദേഹത്തിന്റെ നിഷ്‌പക്ഷതയും ധീരതയും ഭാഷാശൈലിയും അവതരണരീതിയും അവതരിപ്പിക്കുന്ന വിഷയത്തിലുള്ള അസാമാന്യമായ പാണ്ഡിത്യവുമായിരുന്നു. സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ച്‌്‌ കണ്ണില്‍ പെടുന്ന അനീതികളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. അത്‌ പലര്‍ക്കും വിഷമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. പക്ഷെ, വ്യക്‌തിപരമായ വൈരാഗ്യം വച്ചു കൊണ്ടല്ല, സ്വന്തം ആദര്‍ശത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ അദ്ദേഹം സംസാരിച്ചിരുന്നത്‌. ഭാരതീയ സംസ്‌കാരത്തിന്റെ മൂല്യവും മഹത്ത്വവും മനസ്സിലക്കിയിരുന്ന അദ്ദേഹം ജീവിതത്തിലുടനീളം ആ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും മറ്റുള്ളവരെ അതിന്‌ പ്രേരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

പ്രാചീന കാലം മുതല്‍ ലോകത്തില്‍ പ്രശസ്‌തരായ പ്രാസംഗികര്‍ ഉണ്ടായിട്ടുണ്ട്‌. ലോകത്തിലെ ഏറ്റവും മികച്ച പ്രാസംഗികന്‍ പ്രാചീന ഗ്രീസിലെ ഡെമൊസ്‌തനീസിനെ പോലെ സാമുഹ്യ-രാഷ്‌ട്രീയ നീതിയെ പറ്റിയും പ്രാചീന റോമിലെ സിസറൊയെ പോലെ ആദര്‍ശസംസ്‌ഥാപനത്തിനു വേണ്ടിയും വിവേകാനന്ദ സ്വാമികളെ പോലെ ഭാരതീയ സംസ്‌കാരത്തിന്റെ മഹിമയെ പറ്റിയും അഴീക്കോട്‌ ധാരാളം പ്രസംഗിച്ചിട്ടുണ്ട്‌. മേല്‍പറഞ്ഞ പ്രാസംഗികരുമായി അഴീക്കോടിനെ താരതമ്യപ്പെടുത്തുകയല്ല. എങ്കിലും, മനുഷ്യ മനസ്സുകളെ സ്വാധിനിക്കുന്ന കാര്യത്തില്‍ പ്രഭാഷണത്തിനുള്ള ശക്‌തി തെളിയിച്ച കേരളം കണ്ട പ്രാസംഗികരില്‍ വച്ച്‌ അദ്വിതീയനും ഉജ്‌ജ്വലനുമായിരുന്നു അഴീക്കോട്‌ എന്ന്‌ നമുക്ക്‌ അഭിമാനിക്കാം.

ഈ അവസരത്തില്‍ ഞാന്‍ സോക്രട്ടീസ്സിനെ ഓര്‍ക്കുന്നു. സോക്രട്ടിസ്‌ തന്റെ പ്രസംഗത്തിലൂടെ ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നു എന്ന ആരോപണം ഉണ്ടായപ്പോള്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ ആരേയും എന്റെ സംഭാഷണം കേള്‍ക്കാന്‍ ക്ഷണിച്ചിട്ടില്ല. സോക്രട്ടീസ്സിന്റെ ചിന്തയുടെ ഔന്നത്യത്തില്‍ നിന്ന്‌ ഉതിര്‍ന്നു വീണ വാക്കുകളുടെ ശക്‌തിയാണ്‌ ജനങ്ങളെ അദ്ദേഹത്തിന്റെ ചുറ്റുമെത്തിച്ചത്‌. അല്ലാതെ സോക്രട്ടീസ്‌ എന്ന ആ ചെറിയ മനുഷ്യനായിരുന്നില്ല. അതുപോലെ, സുകുമാര്‍ അഴീക്കോടിന്റെ ഉല്‍കൃഷ്‌ടമായ വാക്കുകളുടെ മാസ്‌മരശക്‌തിയില്‍, അദ്ദേഹത്തിന്റെ ശബ്‌ദമാന്ത്രീകത്വത്തില്‍ ആകൃഷ്‌ടരായാണ്‌ ജനങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്‌. ഏതൊരു വിഷയവും യുക്‌തിയുക്‌തമായും ചമല്‍ക്കാരത്തോടും അവതരിപ്പിക്കാനുള്ള വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു. വികാരവും വിചാരവും പാണ്ഡിത്യവും മുറ്റി നിന്ന അദ്ദേഹത്തിന്റെ ശബ്‌ദധാര കേഴ്‌വിക്കാരെ ചിന്തിപ്പിച്ച്‌ ബോധവാന്മാരും കര്‍മ്മോന്മുഖരുമാക്കാന്‍ പര്യാപ്‌തമായിരുന്നു.

പ്രഭാഷണത്തിനിടയില്‍ അവസരോചിതമായി പറഞ്ഞ ഫലിതങ്ങളും പാടിയ പദ്യശകലങ്ങളും ഉദ്ധരിച്ച ഉപനിഷദ്‌ വാക്യങ്ങളും പ്രഭാഷണത്തിന്റെ ഊര്‍ജ്‌ജ്വസ്വലതയും മനോഹാരിതയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. മുന്‍കൂട്ടി തയ്യാറാക്കിയതും അല്ലാത്തതുമായ പ്രസംഗങ്ങളുണ്ട്‌. അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്‌തകത്തില്‍ ചേര്‍ത്തിരിക്കുന്നത്‌ മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗങ്ങളല്ല. എന്താണ്‌ ഭാരതീയത എന്ന വിഷയത്തെ കുറിച്ച്‌്‌ നടത്തിയ ഒരാഴ്‌ച നീണ്ടു നിന്ന പ്രസംഗപരമ്പര പുസ്‌തകമാക്കിയത്‌ പ്രസംഗത്തിന്‌ ഉപയോഗിച്ച കുറിപ്പുകളുടെ സഹായത്തോടെയാണെന്ന്‌ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌. പല മഹാന്മാരും പ്രസംഗം എഴുതിയും തിരുത്തി എഴുതിയും ഭംഗിയാക്കിയിട്ടുണ്ടല്ലൊ.

പ്രസംഗം ഒരു കലയാണ്‌. കല ജന്മസിദ്ധമാണെങ്കിലും ഏതൊരു കലയുടേയും പൂര്‍ണ്ണമായ വികാസത്തിന്‌ ഗൗരവമായ അഭ്യാസം അനിവാര്യമാണ്‌. പ്രസംഗകലയില്‍ പ്രാവീണ്യം നേടാന്‍ സാധിച്ചതുകൊണ്ടും ഒരു പ്രാസംഗികന്‌ ഉണ്ടായിരിക്കേണ്ട യോഗ്യതകള്‍ എന്തെന്ന്‌ മനസ്സിലാക്കിയുരുന്നതു കൊണ്ടുമാണ്‌ അദ്ദേഹത്തിന്‌ ഉജ്‌ജ്വലനായ ഒരു പ്രാസംഗികനാകാന്‍ കഴിഞ്ഞത്‌. ഒരു പ്രാസംഗികന്‌ അത്യാവശ്യമായും ഉണ്ടായിരിക്കേണ്ട ആത്മവിശ്വാസം, സ്വരദോഷമില്ലാതെ വാക്കുകള്‍ സ്‌ഫുടമായി ഉച്ചരിക്കാനുള്ള കഴിവ്‌, അനുയോജ്യമായ പദങ്ങള്‍ നാവില്‍ തുള്ളിക്കളിക്കാന്‍ വാഗ്‌ദേവതയുടെ അനുഗ്രഹം, സംസാരിക്കുന്ന വിഷയത്തെ കുറിച്ചുള്ള വ്യക്‌തമായ ധാരണ, പ്രസംഗം കാടു കേറി പോയി ശ്രോതാക്കളെ ചിന്താക്കുഴപ്പത്തിലാക്കാതിരിക്കാന്‍ അവതരണത്തില്‍ ഉണ്ടായിരിക്കേണ്ട അടുക്കും ചിട്ടയും തുടങ്ങിയ ഗുണങ്ങളെ പറ്റി അഴീക്കോട്‌ തന്റെ പ്രഭാഷണത്തിന്റെ ചിറകുകള്‍ എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. ഈ ഗുണങ്ങളെക്ലാം അഴീക്കോടില്‍ സമ്മേളിക്ലിരുന്നു എന്ന്‌ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടിട്ടുള്ളവര്‍ക്ക്‌ ബോധ്യമാകും. ആചാര്യന്മാര്‍ വാഗ്‌പതികളായിരിക്കുമെന്നും അവരുടെ വാക്കുകള്‍ ബോംബു പോലെ പൊട്ടിത്തെറിക്കുമെന്നും വിവേകാനന്ദ സ്വാമികള്‍ ഒരിക്കല്‍ പറഞ്ഞത്‌ല്‌പസാഹിത്യാചാര്യനായിരുന്ന അഴീക്കോടിന്റെ കാര്യത്തില്‍ അന്വര്‍ത്ഥമായിട്ടുണ്ട്‌. ഏറിയാല്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ല്‌പഒരു വിഷയത്തില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കാന്‍ വിഷമമാണ്‌ എന്ന്‌ പൊതുവെ ഒരു ധാരണയുണ്ട്‌. എന്നാല്‍ അഴീക്കോടിന്റെ പ്രഭാഷണത്തിന്റെ കാര്യത്തില്‍ അതിന്‌ തിരുത്തല്‍ വേണ്ടി വരും. ശ്രോതാക്കളുടെ നിലവാരം ഉയര്‍ത്താന്‍ പര്യാപ്‌തമായ, അവര്‍ക്ക്‌ ആവശ്യമുള്ള വിഭവങ്ങള്‍ സമൃദ്ധമായി വിളമ്പിക്കൊടുക്കാന്‍ അഴീക്കോടിന്‌ സാധിച്ചിരുന്നതു കൊണ്ട്‌ മണിക്കൂറുകള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ജനങ്ങള്‍ ശ്രദ്ധയോടെ കേട്ടിരുന്നിട്ടുണ്ട്‌. ഒരു പ്രഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സുന്ദരവും സുശക്‌തവുമായ വാഗ്‌ദ്ധോരണിക്ക്‌ ലഭിക്ല അംഗീകാരവും ബഹുമതിയുമാണിത്‌.ല്‌പ
മുഖവുരയില്‍ തന്നെ അദ്ദേഹം ശ്രോതാക്കളെ വിഷയത്തിലേക്ക്‌ ആനയിച്ചുകൊണ്ടുപോയി അവരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഉദാഹരണത്തിന്‌ നിയമസഭാ മലിനീകരണത്തിനെതിരെ അദ്ദേഹം ചെയ്‌ത പ്രസംഗത്തിന്റെ മുഖവുരയില്‍ തന്നെ പറഞ്ഞു, ` സ്വാതന്ത്ര്യത്തിന്റെ മധുരഫലങ്ങളാണല്ലൊ നിയമനിര്‍മ്മാണസഭയും തെരഞ്ഞെടുപ്പും ജനാധിപത്യവുമെല്ലാം. സ്വാതന്ത്ര്യം നേടിത്തന്നവര്‍ അഴുക്കുചാലുകളല്ല, പുണ്യതീര്‍ത്ഥങ്ങളായിരുന്നു - ഗാന്ധിജി, നെഹൃ, പട്ടേല്‍ തുടങ്ങിയവര്‍. ഇവിടത്തെ പ്രചണ്ഡഭാസ്‌കരന്മാര്‍ അസ്‌തമിക്കുകയും കരിക്കട്ടകള്‍ അവരുടെ സ്‌ഥാനത്ത്‌ വരികയും ചെയ്‌തു. നാടാകെ മലിനമായി. പിന്നെ നിയമസഭ മാത്രം നിര്‍മ്മലമാകുന്നതെങ്ങനെ''. എന്താണ്‌ പറയാന്‍ പോകുന്നതെന്ന്‌ ശ്രോതാക്കളെ ബോദ്ധ്യപ്പെടുത്തി അതു കേള്‍ക്കാനുള്ള ആകാംക്ഷ തുടക്കത്തില്‍ തന്നെ അവരില്‍ ജനിപ്പിക്കാനുള്ള അഴീക്കോടിന്റെ അസാമാന്യമായ കഴിവ്‌ പ്രകടമാകുന്നു. ഈ പ്രസംഗമദ്ധ്യേ സമ്മേളനത്തില്‍ ഉപസംഹാരസമയത്ത്‌ ധൃതിപിടിച്ച്‌ കയറി വരുന്ന മന്ത്രിക്ക്‌ സ്വാഗതം പറയുന്ന ജനങ്ങളുടെ പ്രവണതയെ അദ്ദേഹം വിമര്‍ശിച്ചു. `സമ്മേളനം അവസാനിക്കുന്ന സമയത്ത്‌ കയറി വരുന്ന ആള്‍ എത്ര കൊലകൊമ്പനായാലും സ്വാഗതമൊ നന്ദിയോ അര്‍ഹിക്കുന്നില്ല എന്ന്‌ പറയാന്‍ നമുക്ക്‌ സാധിക്കണം. മന്ത്രിമാരുടെ സ്വഭാവത്തിന്റെ അധഃപതനമല്ല, മൊത്തം ജനതയുടെ അധഃപതനമാണിവിടെ നടക്കുന്നത്‌. അവരുടെ ആത്മാവിന്റെ ഭാഷ മാറിപ്പോയി'. ഇങ്ങനെയൊക്കെ വിമര്‍ശിക്കാന്‍ അഴീക്കോടിനു മാത്രമെ കഴിയൂ.

തത്ത്വമസിയെ പറ്റി അഴീക്കോടിന്റെ ഒരു പ്രഭാഷണമുണ്ട്‌. ഭാരതീയ തത്ത്വസംഹിതയെ കുറിക്ലുള്ള അദ്ദേഹത്തിന്റെ അഗാധമായ പരിജ്‌ഞാനത്തിന്റെ മറ്റൊലിയായിരുന്നു ആ പ്രഭാഷണം. തത്ത്വമസി, അഹംബ്രഹ്‌മാസ്‌മി, അസതോ മാ സദ്‌ ഗമയ, തമസോ മാ ജ്യോതിര്‍ ഗമയ, ലോകാ സമസ്‌താ സുഖിനോ ഭവന്തു തുടങ്ങി നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഋഷിമാര്‍ പറഞ്ഞു തന്നിട്ടുള്ള മഹാവാക്യങ്ങള്‍ ഇന്നും ജനങ്ങള്‍ ജാതി മതഭേദമന്യെ ഉരുവിടുന്നു. കാരണം, മനുഷ്യരെ പാവനമായ സ്‌നേഹത്തിലേക്ക്‌ നയിക്കുന്ന ചൂണ്ടു പലകകളാണവ. അഴീക്കോട്‌ പ്രഭാഷണത്തിലൂടെ സാഹിത്യ നിരൂപണവും ചെയ്‌തിട്ടുണ്ട്‌. ആശാന്റെ നളിനിയിലേയും ടാഗോറിന്റെ ഗീതാജ്‌ഞലിയിലേയും ഉപനിഷത്തിന്റെ അടിസ്‌ഥാനത്തിലുള്ള കണ്ടെത്തലുകള്‍ ഈ പ്രഭാഷണത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്‌. `ആശാന്റെ നളിനിയില്‍ ഓമിതി ശ്രുതി നിഗൂഢ വൈഖരി മുഴങ്ങുന്നു. ശ്രുതിയില്‍ ഒളിഞ്ഞു കിടക്കുന്ന മഹാനാദം. വാക്കിനാലപരിമേയമാം മഹാവാക്യം എന്ന്‌ മഹാകവി അതിനെ പറ്റി പാടി. അതാണ്‌ തത്ത്വമസി. എന്നെ നിന്റെ വീണയാക്കുക എന്ന്‌ ടാഗോര്‍ പാടി. തൈത്തിരീയാരണ്യകത്തില്‍ മാനുഷീ വീണ എന്ന പ്രയോഗമുണ്ട്‌. മാനുഷീ വീണയാണ്‌ ജീവാത്മാവ്‌. അതുകൊണ്ടാരംഭിക്കുന്നു ഗീതാജ്‌ഞലി. അവസാനിക്കുന്നത്‌ പ്രശ്‌നോപനിഷത്തില്‍ പറഞ്ഞിരിക്കുന്നതിന്റെ മനോഹരമായ മാറ്റൊലി'. ഇങ്ങനെ പോകുന്നു ഗീതാജ്‌ഞലിയെ പറ്റിയുള്ള നിരൂപണം. ഗീതാജ്‌ഞലിയിലെ ആദ്യത്തെ ഗാനവും അവസാനത്തെ ഗാനവും പിന്നെ ഇടയിലുള്ള പല ഗാനങ്ങളും ടാഗോര്‍ ഉപനിഷത്തില്‍ നിന്ന്‌ സ്വയം പാകപ്പെടുത്തി ചേര്‍ത്തതാണെന്ന്‌ ചൂണ്ടിക്കാണിച്ചു കൊണ്ട്‌ അതിനും നോബല്‍ സമ്മാനം കിട്ടി എന്ന്‌ അഴീക്കോട്‌ പറഞ്ഞതില്‍ പരിഹാസത്തിന്റെ കലര്‍പ്പുണ്ട്‌. ഇതുപോലുള്ള പരിഹാസങ്ങള്‍ അഴീക്കോടിന്റെ പല പ്രഭാഷണങ്ങളിലുമുണ്ട്‌. ടാഗോര്‍ ഗീതാജ്‌ഞലിയില്‍ പലേടത്തും ഉപനിഷത്തില്‍ നിന്നുള്ള ആശയങ്ങളെ കാവ്യസാല്‍ക്കരിച്ചു എന്ന അഴീക്കോടിന്റെ അഭിപ്രായം ഉയര്‍ന്നു വന്നത്‌ നോബല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷമാണല്ലൊ. ഗീതാജ്‌ഞലി പാടി പുകഴ്‌ത്തി നടന്നവര്‍ വസ്‌തുതകള്‍ വേണ്ടവിധത്തില്‍ മനസ്സിലാക്കിയിരുന്നോ എന്നാര്‍ക്കറിയാം.

അഴീക്കോട്‌ തന്റെ പ്രഭാഷണങ്ങളിലൂടെ ജനങ്ങളുടെ ജീവിതത്തെ പറ്റിയുള്ള കാഴ്‌ചപ്പാടു തന്നെ മാറ്റി മറിക്കാന്‍ ശ്രമിച്ചിട്ടുള്ളതായി കാണാം. തത്ത്വമസിയെ പറ്റിയുള്ള പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു, `നമ്മുടെ ജീവ ശക്‌തിയായി ഉപനിഷത്തിനെ കൊണ്ടു വരണം. മഹാത്മാഗാന്ധി ഒടുവില്‍ ഉപനിഷത്തിന്റെ സത്യദീപത്തിന്റെ മുമ്പില്‍ എത്തിച്ചേര്‍ന്നു. നമ്മുടെ ചെറുപ്പക്കാര്‍ പ്രാപിക്കേണ്ടത്‌ ഏറ്റവും മഹത്തായ ഉപനിഷദ്‌ പാരമ്പര്യമാണ്‌'. ഇങ്ങനെ ശ്രോതാക്കളുടെ ചിന്താഗതികളും വീക്ഷണങ്ങളും തന്റേതുമായി സമന്വയിപ്പിക്കാനുള്ള ചാതുര്യവും നയവും അഴീക്കോടിനുണ്ടായിരുന്നു. ശ്രോതാക്കളെ തന്റെ പ്രഭാഷണത്തിന്റെ വിഹായസ്സിലേക്കുയര്‍ത്തിക്കൊണ്ടു പോയി അവര്‍ക്ക്‌ വിജ്‌ഞാനവും ആനന്ദാനുഭൂതിയും പകര്‍ന്നു കൊടുക്കാന്‍ അഴീക്കോടിന്‌ നിഷ്‌പ്രയാസം സാധിട്ടിരുന്നു. സുകുമാര്‍ അഴീക്കോട്‌ മണ്‍മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു നില്‍ക്കും, നമ്മുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുക്കും.
സുകുമാര്‍ അഴീക്കോട്‌ അദ്വിതീയനായ പ്രഭാഷകന്‍ (വാസുദേവ്‌ പുളിക്കല്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക