Image

വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു

Published on 10 March, 2017
വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു. അനാരോഗ്യം കാരണമാണ്‌ രാജിയെന്ന്‌ സുധീരന്‍ പറഞ്ഞു. രാജിക്കത്ത്‌ ഇന്ന്‌ തന്നെ സോണിയാഗാന്ധിക്ക്‌ അയക്കും.

 എല്ലാ പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുന്നു. ഈ ഘട്ടത്തില്‍ ഒഴിയേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും സുധീരന്‍ പറഞ്ഞു.

രാജിക്കാര്യം താന്‍ ആരോടും ആലോചിച്ചിട്ടില്ലെന്നും അങ്ങനെ ആലോചിച്ചാല്‍ പല തടസവും വരും എന്നതുകൊണ്ട്‌ തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച്‌ രാജിവെക്കുകയായിരുന്നെന്നും സുധീരന്‍ പറഞ്ഞു.


ബദല്‍ ക്രമീകരണം എ.ഐ.സി.സി.യുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുമെന്നും ഉടന്‍ തന്നെ സ്ഥാനത്തേക്ക്‌ പുതിയ ആളെ എ.ഐ.സി.സി നിയമിക്കുമെന്നും സുധീരന്‍ പറഞ്ഞു.

തികച്ചും ആരോഗ്യകരമായ പ്രശ്‌നങ്ങളാലാണ്‌ രാജി. സ്വന്തം തീരുമാനമാണ്‌ ഇത്‌. ആദ്യമായി മാധ്യമങ്ങളോടാണ്‌ പറയുന്നത്‌. ഏറ്റെടുത്ത ജോലി നീതിപൂര്‍വം നടത്തണം എന്നതുകൊണ്ടാണ്‌ സ്ഥാനം ഒഴിയുന്നത്‌.

കഴിഞ്ഞ ദിവസം കോഴിക്കോട്‌ വെച്ച്‌ നടന്ന ഡി.സി.സി കുടുംബയോഗത്തിനിടെ വീണ്‌ വാരിയെല്ലിന്‌ പരിക്കേറ്റിരുന്നു. ഡോക്ടര്‍ വിശ്രമം പറഞ്ഞിരുന്നു. അതുകൊണ്ടാണ്‌ രാജി വെക്കാന്‍ തീരുമാനിച്ചത്‌.

ഏറ്റെടുക്കുന്ന പ്രവര്‍ത്തിയോട്‌ നീതി വേണമെന്ന്‌ നിര്‍ബന്ധമുണ്ട്‌. ഇപ്പോള്‍ കണ്ണ്‌്‌ തുറന്നിരിക്കണ്ട സമയാണ്‌. ആ സാഹചര്യത്തില്‍ ഇപ്പോള്‍ താന്‍ വിശ്രമത്തിലായാല്‍ കെ.പി.സി.സിക്ക്‌ അത്‌ ക്ഷീണമാകും. 

അതുകൊണ്ട്‌ തന്നെ പ്രവര്‍ത്തന നിരതമായ ആള്‍ വരണമെന്നതുകൊണ്ടാണ്‌ രാജി തീരുമാനിച്ചത്‌.
കേരളത്തില്‍ ഇപ്പോള്‍ അടിക്കടി പ്രശ്‌നമുണ്ടാകുന്നു. അതുകൊണ്ട്‌ തന്നെ താന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട്‌ മാറി നിന്നാല്‍ പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ കഴിയില്ല. 

ലീവെടുത്ത്‌ മാറി നില്‍ക്കുക എന്നത്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന്‌ ക്ഷീണമാകും. അതുകൊണ്ട്‌ തന്നെ രാജിവെക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും സുധീരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക