Image

ഒരുനാടാകെ തെരഞ്ഞ കുഞ്ഞിനെ കണ്ടെത്തി; യുവതി പിടിയില്‍

Published on 10 March, 2017
ഒരുനാടാകെ തെരഞ്ഞ കുഞ്ഞിനെ കണ്ടെത്തി; യുവതി പിടിയില്‍


പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍നിന്നു യുവതി കടത്തികൊണ്ടുപോയ നാലു ദിവസം പ്രായമായ നവജാത ശിശുവിനെ കണ്ടെത്തി.

 പോലീസ്‌ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്‌ത്രീയെ പോലീസ്‌ പിടികൂടി. 

കുഞ്ഞിനെയുമായി പോയ യുവതി ആനപ്പാറ കുലശേഖരംപടി-കുന്‌പഴ മേഖലയില്‍ എത്തിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന്‌ ഇവിടെ പരിശോധന കര്‍ശനമാക്കിയിരുന്നു.

രാവിലെ 11.10ന്‌ പത്തനാപുരം പനയ്‌ക്കപതാലില്‍ പാസ്റ്റര്‍ സജി ചാക്കോയുടെയും ചെല്ലക്കാട്‌ മാടത്തുംപടി കാവുംമൂലയില്‍ അനിതയുടെയും കുഞ്ഞിനെയാണ്‌ യുവതി കൈക്കലാക്കിയത്‌. 
പത്തനാപുരം ബഥേല്‍ സഭയുടെ പാസ്റ്ററാണ്‌ സജി. 

നാലു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ പിതാവിന്‍റെ കൈയില്‍നിന്നു തന്ത്രപൂര്‍വം കൈക്കലാക്കി യുവതി കടന്നുകളയുകയായിരുന്നു.

പ്രസവവാര്‍ഡിനു പുറത്തു പിതാവിന്‍റെ കൈയിലിരുന്ന കുഞ്ഞിനെ പാല്‍ കൊടുക്കാന്‍ സമയമായി, അമ്മയെ ഏല്‌പിക്കാം എന്നു പറഞ്ഞാണ്‌ യുവതി വാങ്ങിയത്‌. 

പ്രസവവാര്‍ഡില്‍ നിന്നാണ്‌ ഇവര്‍ വന്നതെന്നും മലയാളത്തിലാണു സംസാരിച്ചതെന്നും സജി പറയുന്നു. രണ്ടു ദിവസമായി ഇവര്‍ ഈ വാര്‍ഡില്‍ ഉണ്ടായിരുന്നു.

 പ്രസവവാര്‍ഡിന്‍റെ പിന്‍വശത്തുകൂടി ആശുപത്രിയുടെ പ്രധാന കവാടത്തിലെത്തി ഓട്ടോറിക്ഷയിലാണ്‌ ഇവര്‍ കടന്നുകളഞ്ഞത്‌. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. 

കഴിഞ്ഞ 5ന്‌ രാവിലെ 8.50 നാണ്‌ റാന്നി സ്വദേശിനി അനിത (29) ആണ്‍ കുഞ്ഞിന്‌ ജില്ലാ ആശുപത്രിയില്‍ ജന്മം നല്‍കിയത്‌. സജി-അനിത ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്‌. 

ആദ്യത്തെ കുട്ടി ഗോഡ്‌സീന എന്ന പെണ്‍കുട്ടിയാണ്‌. 
കുട്ടിയുടേയും അനിതയുടെയും പരിചരണത്തിനായി അനിതയുടെ അമ്മയാണ്‌ കൂടെയുണ്ടായിരുന്നത്‌. അനിതയുടെ അമ്മ രാവിലെ പത്തരയോടെ കുട്ടിയെ സജിയെ ഏല്‍പ്പിച്ചശേഷം വസ്‌ത്രങ്ങള്‍ കഴുകാന്‍ പുറത്ത്‌ പോയി. 

ഇതിനിടയില്‍ ഡോക്ടര്‍ ലേബര്‍ റൂമിലെത്തി. ഈ സമയത്താണ്‌ ആശുപത്രി ജീവനക്കാരി എന്ന വ്യാജേന 
 യുവതി സജിയില്‍ നിന്നു കുഞ്ഞിനെ വാങ്ങി അകത്തേക്ക്‌ കയറിയത്‌. 

അല്‌പസമയം കഴിഞ്ഞപ്പോള്‍ അനിത മുറിയില്‍ നിന്നെത്തി കുഞ്ഞിനെ ആവശ്യപ്പെട്ടപ്പോള്‍ അകത്തേക്ക്‌ കൊടുത്തുവിട്ടു എന്ന്‌ സജി പറഞ്ഞു.

ഇതോടെയാണ്‌ കുഞ്ഞ്‌ നഷ്ടപ്പെട്ട വിവരം ദമ്പതികള്‍ അറിയുന്നത്‌. സംഭവം ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിച്ചു. 

നിമിഷങ്ങള്‍ക്കുള്ളില്‍  വന്‍ പോലീസ്‌ സംഘം അന്വേഷണം ആരംഭിച്ചു. 

സി സി ടിവി പരിശോധനയില്‍ 11.10 ന്‌ കുഞ്ഞുമായി ആശുപത്രിയില്‍ നിന്നിറങ്ങുന്ന സ്‌ത്രീയേയും, 11.15 ന്‌ ഇവര്‍ കയറിയ ഓട്ടോറിക്ഷ ആശുപത്രി കവാടം വിട്ട്‌ കടന്നുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടെത്തി


നവജാത ശിശുക്കളെ മോഷ്ടിക്കുന്ന വന്‍ റാക്കറ്റിന്റെ കണ്ണിയാണിവരെന്നും സംശയമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക