Image

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കുടുംബ സംഗമം

Published on 24 February, 2012
വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കുടുംബ സംഗമം
ന്യൂയോര്‍ക്ക്‌: വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബമേള വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.

ഫൊക്കാനയും ഫോമയും രണ്ടായിട്ടും പിളരാതെ രണ്ടുകൂട്ടരുമായും സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മാതൃകാ സംഘടനകളിലൊന്നാണ്‌ അസോസിയേഷന്‍. സൗഹൃദവും ബന്ധങ്ങളുമാണ്‌ ജീവിതത്തില്‍ സ്ഥായിയായി നിലനില്‍ക്കുന്നതെന്നും അത്‌ അരക്കിട്ടുറപ്പിക്കാനുള്ള വേദിയാണിതെന്നും ആമുഖ പ്രസംഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ കോശി വ്യക്തമാക്കുകയും ചെയ്‌തു.

ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ നടത്തിയ പ്രസംഗത്തില്‍ ഫോമയുടെ കപ്പലിലെ കണ്‍വെന്‍ഷനിലേക്ക്‌ അംഗങ്ങളെ ക്ഷണിച്ചു. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഫോമ ഉത്തരോത്തരം വളരുകയാണ്‌. കേരളത്തിലേയും അമേരിക്കയിലേയും വിദഗ്‌ധരെ തമ്മില്‍ കൂട്ടിയിണക്കുന്ന `ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌' പദ്ധതിക്ക്‌ കേരളത്തില്‍ വലിയ അംഗീകാരമാണ്‌ ലഭിച്ചത്‌. കേരളത്തിലെ മാലിന്യ സംസ്‌കരണത്തിന്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ റോബ്‌ സ്‌കോട്ട്‌ എന്ന അമേരിക്കന്‍ വിദഗ്‌ധനെ കൂടി കോട്ടയത്ത്‌ നടന്ന കണ്‍വെന്‍ഷനിലേക്ക്‌ കൊണ്ടുപോയിരുന്നു.

മാലിന്യം വെറും മാലിന്യമല്ലെന്നും അത്‌ ഉപകാരപ്രദമായ മറ്റ്‌ വസ്‌തുക്കളാക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം അവതരിപ്പിച്ച പ്രബന്ധത്തിലെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അംഗീകരിച്ചിട്ടുണ്ട്‌.

ഫൊക്കാനയുടെ ഹ്യൂസ്റ്റണ്‍ കണ്‍വെന്‍ഷനെപ്പറ്റിയും വിവിധ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി ചൂണ്ടിക്കാട്ടി. പബ്ലിസിറ്റിയൊന്നും ലക്ഷ്യമാക്കാതെ സമൂഹത്തിന്റെ നന്മമാത്രം ലക്ഷ്യമാക്കി ഒട്ടേറെ രംഗത്ത്‌ ഫൊക്കാന സജീവ പ്രവര്‍ത്തനം കാഴ്‌ചവെയ്‌ക്കുന്നു.

റോക്ക്‌ലാന്‍ഡ്‌ ലെജിസ്ലേറ്റര്‍ ആനി പോള്‍ നടത്തിയ പ്രസംഗത്തില്‍ കൂടുതല്‍ പേര്‍ മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക്‌ കടന്നുവരുവാന്‍ അഭ്യര്‍ത്ഥിച്ചു. മുഖ്യധാരയിലേക്കിറങ്ങാനും ആളുകളുമായി ബന്ധപ്പെടാനുമൊക്കെ നാം അറച്ചു നില്‍ക്കുകയാണ്‌. അതിന്റെ ആവശ്യമില്ല. രംഗത്തിറങ്ങുമ്പോള്‍ അംഗീകാരം നേടാനുള്ള യോഗ്യതകള്‍ കൂടുതലുള്ളവരാണ്‌ നാം എല്ലാവരുമെന്നവര്‍ പറഞ്ഞു.

അവിഭക്ത ഫൊക്കാന പ്രസിഡന്റായിരുന്ന ജെ. മാത്യൂസ്‌ വനിതകള്‍ക്ക്‌ വെസ്റ്റ്‌ ചെസ്റ്റര്‍ അസോസിയേഷന്‍ നല്‍കുന്ന പ്രാധാന്യം എടുത്തുപറഞ്ഞു. മൂന്നു വനിതകള്‍ പ്രസിഡന്റുമാരെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുകയും ചെയ്‌തതാണ്‌.

ഫൊക്കാന ജോയിന്റ്‌ സെക്രട്ടറി ടെറസന്‍ തോമസ്‌, ഫോമാ മുന്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്‌, അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ കൊച്ചുമ്മന്‍ ടി. ജേക്കബ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

സഹോദരിമാരായ കാതറിന്‍ മാത്യു, നിക്കോള്‍ മാത്യു, മരിലിന്‍ മാത്യു എന്നിവരുടെ ദേശീയ ഗാനാലാപനത്തോടെയാണ്‌ ചടങ്ങുകള്‍ തുടങ്ങിയത്‌. രാജു ഗീവര്‍ഗീസ്‌, ഗോഡ്‌ലി വര്‍ഗീസ്‌, മരീത ഗീവര്‍ഗീസ്‌, ജോസഫ്‌ കുര്യാക്കോസ്‌, കാതറിന്‍, നിക്കോള്‍, മരിലിന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. അലീഷ ഐസക്ക്‌, ബ്രയന്‍ ജേക്കബ്‌ എന്നിവരുടെ നൃത്തം ഹൃദ്യമായി.

ജോസഫ്‌ കുര്യാക്കോസ്‌, അലീഷ ഐസക്ക്‌ എന്നിവരായിരുന്നു എം.സിമാര്‍. വൊഡാഫോണ്‍ കോമഡി ടീമിലെ കൊല്ലം കിഷോറിന്റെ ഹാസ്യപരിപാടിയായിരുന്നു മുഖ്യ കലാപരിപാടി.

സെക്രട്ടറി കെ.കെ. ജോസഫ്‌, കുര്യാക്കോസ്‌ വര്‍ഗീസ്‌, ഏലമ്മ രാജു, ഗോഡ്‌ലി വര്‍ഗീസ്‌, ഫിലിപ്പ്‌ ജോര്‍ജ്‌ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കുടുംബ സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക