Image

ഇറോം ശര്‍മിളയെ കൈവിട്ട്‌ മണിപ്പൂര്‍: പ്രജ പാര്‍ട്ടി അക്കൗണ്ട്‌ തുറന്നില്ല

Published on 10 March, 2017
ഇറോം  ശര്‍മിളയെ കൈവിട്ട്‌ മണിപ്പൂര്‍: പ്രജ പാര്‍ട്ടി  അക്കൗണ്ട്‌ തുറന്നില്ല


ഇംഫാല്‍: വര്‍ഷങ്ങള്‍ നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോം ശര്‍മിളയെ കൈവിട്ട്‌ മണിപ്പൂര്‍ ജനത. കന്നിയങ്കത്തില്‍ ഇറോമിന്‌ മണിപ്പൂരുകാര്‍ നോട്ടക്കും പുറകിലെ സ്ഥാനമാണ്‌ നല്‍കിയത്‌. 143 വോട്ടുകള്‍ നോട്ട നേടിയപ്പോള്‍ 90 വോട്ടുകള്‍ മാത്രമാണ്‌ ഇറോം ശര്‍മിളക്ക്‌ ലഭിച്ചത്‌.

മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രാം ഇബോബിക്കെതിരെ തൗബല്‍ മണ്ഡലത്തിലാണ്‌ ഇറോം ജനവിധി തേടിയത്‌. ഇറോം തന്നെ രൂപം നല്‍കിയ പീപ്പിള്‍സ്‌ റീസര്‍ജന്‍സ്‌ ജസ്റ്റിസ്‌ അലയന്‍സ്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു മത്സരം.

ഈ തെരഞ്ഞെടുപ്പില്‍ തോറ്റാലും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ്‌ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ പരാജയം പ്രവചിച്ചപ്പോള്‍ ഇറോ ശര്‍മിള പ്രതികരിച്ചത്‌. അധികാരവും പണവുമാണ്‌ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഉപയോഗിച്ചതെന്ന ആരോപണവും ഇറോ ശര്‍മിള ഉന്നയിച്ചിരുന്നു. നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിവിധ പാര്‍ട്ടികള്‍ പണവുമായി സമീപിച്ചിരുന്നുവെന്ന്‌ ഇറോം ആരോപിച്ചിരുന്നു.

പതിനാറ്‌ വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചാണ്‌ ഇറോം ചാനു ശര്‍മിള തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌. നിരാഹാര സമരം അവസാനിപ്പിക്കാനുള്ള ശര്‍മിളയുടെ തീരുമാനത്തിനെതിരെ മണിപ്പൂര്‍ ജനത മുഖം തിരിച്ചിരുന്നു. ഇതാണ്‌ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്‌ എന്നും വിലയിരുത്തലുകളുണ്ട്‌. 

ഇറോമിന്റെ പ്രജ പാര്‍ട്ടിക്കും തെരഞ്ഞെടുപ്പില്‍ അക്കൗണ്ട്‌ തുറക്കാന്‍ സാധിച്ചില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക