Image

ബിജെപി വോട്ടിങ്ങ്‌ മെഷീനില്‍ കൃത്രിമത്വം കാട്ടിയെന്ന്‌ മായാവതി

Published on 11 March, 2017
 ബിജെപി വോട്ടിങ്ങ്‌ മെഷീനില്‍ കൃത്രിമത്വം കാട്ടിയെന്ന്‌ മായാവതി

ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമത്വം കാട്ടിയെന്ന ആരോപണവുമായി ബിഎസ്‌പി നേതാവ്‌ മായാവതി. ഇലക്ട്രോണിക്‌ വോട്ടിങ്ങ്‌ മെഷീനുകളില്‍ അട്ടിമറി നടത്തിയാണ്‌ ബിജെപി വോട്ടുകള്‍ കരസ്ഥമാക്കിയതെന്നാണ്‌ മായവതിയുടെ ആരോപണം. 

തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പുറത്തുവന്നതിന്‌ പിന്നാലെ ലഖ്‌നൗവില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ്‌ മായാവതിയുടെ ആരോപണങ്ങള്‍.

ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീനുകളില്‍ ബിജെപി അട്ടിമറി നടത്തി. ഏത്‌ പാര്‍ട്ടിക്ക്‌ വോട്ടുചെയ്‌താലും അതെല്ലാം ബിജെപിക്ക്‌ രേഖപ്പെടുത്തുന്ന രീതിയിലാണ്‌ വോട്ടിങ്‌മെഷീനുകള്‍ ക്രമീകരിച്ചിരുന്നതെന്നും മായാവതി പറഞ്ഞു.

 മുസ്ലിംഭൂരിപക്ഷ പ്രദേശങ്ങളിലെ നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്കാണ്‌ കൂടുതല്‍ വോട്ടുകള്‍ കിട്ടിയിരിക്കുന്നത്‌. ഇത്‌ അട്ടിമറി നടന്നുവെന്നതിന്റെ തെളിവാണെന്നും അന്വേഷണം വേണമെന്നും മായാവതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ്‌ റദ്ദാക്കുകയാണ്‌ വേണ്ടത്‌. 

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ പരാതി നല്‍കും. ജനങ്ങള്‍ക്ക്‌ ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീനിലുളള വിശ്വാസം നഷ്ടമായി. ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീന്‍ ഉപയോഗിക്കരുതെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.

പതിനഞ്ച്‌ വര്‍ഷത്തിനുശേഷമാണ്‌ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്‌ എത്തുന്നത്‌. ബിജെപിയുടെ മുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞുപോയ മായാവതിയുടെ ബിഎസ്‌പിക്ക്‌ 18 സീറ്റുകളില്‍ മാത്രമാണ്‌ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത്‌. എസ്‌പിയും കോണ്‍ഗ്രസുമുള്‍പ്പെടെയുളള സഖ്യവും തകര്‍ന്നടിഞ്ഞതിനാല്‍ വരുംദിവസങ്ങളില്‍ മായാവതിയുടെ ആരോപണം ഏറെ ചര്‍ച്ചയാകുമെന്നുറപ്പാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക