Image

ബ്രിട്ടനില്‍ ആര്‍ട്ടിക്കിള്‍ 50 ചൊവ്വാഴ്ച ട്രിഗര്‍ ചെയ്യുമെന്ന് അഭ്യൂഹം

Published on 11 March, 2017
ബ്രിട്ടനില്‍ ആര്‍ട്ടിക്കിള്‍ 50 ചൊവ്വാഴ്ച ട്രിഗര്‍ ചെയ്യുമെന്ന് അഭ്യൂഹം

ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ക്കു തുടക്കം കുറിച്ച് ഈ ചൊവ്വാഴ്ച ആര്‍ട്ടിക്കിള്‍ 50 ട്രിഗര്‍ ചെയ്യാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ തീരുമാനിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

യൂറോപ്യന്‍ കൗണ്‍സിലിനു മുന്നില്‍ തെരേസ മേ നടത്താനിരുന്ന പ്രഖ്യാപനം ബ്രെക്‌സിറ്റ് ബില്‍ നിയമമാകും വരെ നീട്ടിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു വിലയിരുത്തല്‍. തിങ്കളാഴ്ചയ്ക്കു പകരം ചൊവ്വാഴ്ച തെരേസ യൂറോപ്യന്‍ എംപിമാരോടു സംസാരിക്കുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. ഇത് ആര്‍ട്ടിക്കിള്‍ 50 ട്രിഗര്‍ ചെയ്ത ശേഷമായിരിക്കുമെന്നും സൂചന.

പ്രധാനമന്ത്രിയുടെ ചില അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് ഒരു ദിവസം നീട്ടിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, അതിനു മുന്‍പ് പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് ബില്‍ പാസാകുമെന്നും ആര്‍ട്ടിക്കിള്‍ 50 ട്രിഗര്‍ ചെയ്യാന്‍ തെരേസയ്ക്ക് അവകാശം കിട്ടുമെന്നുമാണ് കരുതുന്നത്.

ഹൗസ് ഓഫ് കോമണ്‍സ് ആദ്യ അവതരണത്തില്‍ തന്നെ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍, ഹൗസ് ഓഫ് ലോര്‍ഡ്‌സ് രണ്ടു വട്ടം ഇതു തള്ളി. ഭേദഗതികള്‍ ഉള്‍പ്പെടുത്തി തിങ്കളാഴ്ച രാത്രിയോടെ അവിടെയും പാസാക്കാമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക