Image

സിഎ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണം കൊലപാതകം?

Published on 12 March, 2017
സിഎ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണം കൊലപാതകം?
കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്‌. മാര്‍ച്ച്‌ 6 തിങ്കളാഴ്‌ച രാത്രിയാണ്‌ എറണാകുളം വാര്‍ഫിന്‌ സമീപത്തു നിന്നും സിഎ വിദ്യാര്‍ത്ഥിനിയും പിറവം സ്വദേശിനിയുമായ മിഷേല്‍ ഷാജിയുടെ മൃതദേഹം ലഭിച്ചത്‌. 

 ഞായറാഴ്‌ച വൈകീട്ട്‌ പള്ളിയില്‍ പോകുകയാണെന്ന്‌ പറഞ്ഞാണ്‌ മിഷേല്‍ ഹോസ്റ്റലില്‍ നിന്നിറങ്ങിയത്‌. കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്നും മിഷേല്‍ കലൂര്‍ പള്ളിയിലെത്തിയെന്നത്‌ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്‌. പിന്നീട്‌ പള്ളിയില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി എങ്ങോട്ട്‌ പോയി എന്നതാണ്‌ എല്ലവാരെയും കുഴപ്പിക്കുന്ന ചോദ്യം. 

സംഭവം ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ നിര്‍ണ്ണായകമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ്‌ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തിയത്‌. 

 സംഭവദിവസം പെണ്‍കുട്ടിയെ ബൈക്കില്‍ രണ്ടുപേര്‍ പിന്തുടര്‍ന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌. ഇതാണ്‌ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ബന്ധുക്കള്‍ ആരോപിക്കാനുള്ള പ്രധാന കാരണം. സംഭവത്തിന്‌ കുറച്ചു ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു യുവാവ്‌ വഴിയില്‍ വെച്ച്‌ പെണ്‍കുട്ടിയോട്‌ അസഭ്യം പറഞ്ഞതായും വിവരമുണ്ട്‌.

 എന്നാല്‍ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഒരു യുവാവ്‌ പ്രണയാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്നിരുന്നുവെന്നും, ഈ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തതാണെന്നാണ്‌ പോലീസ്‌ പറഞ്ഞത്‌. 


പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ്‌ ബന്ധുക്കള്‍ ആരോപിക്കുന്നത്‌. യുവാവ്‌ ശല്യം ചെയ്‌തിരുന്നതായും എന്നാല്‍ ഇയാളോട്‌ പ്രണയമൊന്നുമില്ലെന്നും സുഹൃത്തുക്കളോട്‌ പെണ്‍കുട്ടി പറഞ്ഞിരുന്നു.

 സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി ആരെയോ കണ്ട്‌ ഭയക്കുന്നതും, യുവാക്കള്‍ പിന്തുടരുന്നതുമാണ്‌ കൊലപാതകമാണോ എന്ന സംശയത്തിന്‌ കാരണമായിരിക്കുന്നത്‌. 
മൃതദേഹത്തിന്‌ ഒരു പകല്‍ പോലും പഴക്കം ഇല്ലാത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്‌. എന്നാല്‍ സംഭവത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന്‌ പോലീസ്‌ അറിയിച്ചു. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്‌ ഉടന്‍ ലഭിക്കുമെന്നും, അത്‌ ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത വരുമെന്നുമാണ്‌ പോലീസ്‌ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക