Image

ഉത്തര്‍പ്രദേശിലെ തോല്‍വിക്ക്‌ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമെന്ന്‌ മുലായം

Published on 12 March, 2017
ഉത്തര്‍പ്രദേശിലെ തോല്‍വിക്ക്‌ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമെന്ന്‌ മുലായം

ഇറ്റാവ: ഉത്തര്‍പ്രദേശില്‍ കനത്ത തോല്‍വി നേരിട്ട അഖിലേഷ്‌ യാദവിനു പ്രതിരോധം തീര്‍ത്ത്‌ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ്‌ യാദവ്‌ രംഗത്ത്‌. തോല്‍വിയെ അഖിലേഷിന്‍റെ മാത്രം പിഴവായി കാണേണ്ടെന്നും പാര്‍ട്ടിക്കു മുഴുവനായി തോല്‍വിയില്‍ പങ്കുണ്ടെന്നും മുലായം പറഞ്ഞു. 

സമാജ്വാദി പാര്‍ട്ടി ദയനീയമായി തോല്‍ക്കാനിടയായ സാഹചര്യം പരിശോധിക്കണമെന്ന ആവശ്യവുമായി മുലായത്തിന്‍റെ സഹോദരന്‍ ശിവ്‌പാല്‍ യാദവ്‌ രംഗത്തെത്തിയതിനു പിന്നാലെയാണ്‌ മുലായം അഖിലേഷിനു പ്രതിരോധം തീര്‍ത്തത്‌.

പാര്‍ട്ടിയുടെ തോവിക്ക്‌ ആരും ഒറ്റയ്‌ക്കു കുറ്റക്കാരാകുന്നില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയാതിരുന്നതാണ്‌ പാര്‍ട്ടിയുടെ പരാജയത്തിനു കാരണം. തോല്‍വിക്ക്‌ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമാണുള്ളത്‌- ഇറ്റാവയില്‍ മാധ്യമങ്ങളോടു സംസാരിക്കവെ മുലായം പറഞ്ഞു. 

തെരഞ്ഞെടുപ്പിനു തൊട്ടുമുന്‌പ്‌ എസ്‌പിയിലുണ്ടായ പൊട്ടിത്തെറിയാണ്‌ തോല്‍വി ഇത്രയും രൂക്ഷമാക്കിയതെന്നാണ്‌ വിലയിരുത്തല്‍. അധ്യക്ഷനായ മുലായത്തെ ഒതുക്കി അഖിലേഷ്‌ പാര്‍ട്ടി ഭരണം പിടിക്കുന്ന നിലയിലേക്കു കാര്യങ്ങളെത്തിയിരുന്നു.

403 അംഗ ഉത്തര്‍പ്രദേശ്‌ നിയമസഭയില്‍ 312 സീറ്റുകള്‍ നേടിയാണ്‌ ബിജെപി അധികാരം പിടിച്ചത്‌. എസ്‌പി-കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ 54 സീറ്റുകള്‍ മാത്രമാണ്‌ നേടാന്‍ കഴിഞ്ഞത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക