Image

മഴ വേണോ മഴ ? (പകല്‍ക്കിനാവ്-42: ജോര്‍ജ് തുമ്പയില്‍)

Published on 12 March, 2017
മഴ വേണോ മഴ ? (പകല്‍ക്കിനാവ്-42: ജോര്‍ജ് തുമ്പയില്‍)
നൂറിലധികം ഉപഗ്രഹങ്ങളെ അന്തരീക്ഷത്തില്‍ എത്തിച്ച് റെക്കോഡിട്ട ഇന്ത്യ ഇപ്പോള്‍ സംസാരിക്കുന്നത് കൃത്രിമ മഴയെക്കുറിച്ചാണ്. നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രി ശ്രീമാന്‍ പിണറായി വിജയന്‍ പോലും പറയുന്നു, വേനല്‍ ഞങ്ങള്‍ക്ക് വെറും ഗ്രാസാണ്, ഞങ്ങള്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ഒരുങ്ങുന്നു. അടുത്തിടെ ദുബായ് അടക്കമുള്ള ഗള്‍ഫ് മേഖലയില്‍ മഴ പെയ്തത് വാര്‍ത്തയായിരുന്നു. അതു കൃത്രിമ മഴയായിരുന്നുവത്രേ. ആ മഴയ്ക്കാണ് ഇന്നു കേരളം ഉറ്റുനോക്കുന്നതെങ്കില്‍ പറയാതെ വയ്യ, ഹെടെക്കായിരിക്കുന്നു എന്റെ നാടും. 1946-ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ വിന്‍സെന്റ് ഷെയ്ഫര്‍ ആദ്യമായി അവതരിപ്പിച്ച ക്ലൗഡ് സീഡിംഗിനെ കേരളവും സ്വാഗതം ചെയ്യുന്നു. ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം? വിജയിച്ചാല്‍ നാം വിളിച്ചു പറയും, മഴ വേണോ മഴ?

ഇനി എങ്ങനെ കൃത്രിമ മഴ പെയ്യിക്കുമെന്നു നോക്കാം, മേഘങ്ങളില്‍ സ്വാഭാവികമായി നടക്കേണ്ട സൂക്ഷ്മ ഭൗതിക പ്രവര്‍ത്തനങ്ങള്‍ രാസവസ്തുക്കളുടെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ക്ലൗഡ് സീഡിംഗില്‍ ചെയ്യുന്നത്. മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിംഗ് ആവശ്യാനുസരണം മഴ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് കേരളം ചിന്തിക്കുന്നത്. മേഘങ്ങളില്‍, മഴപെയ്യുവാന്‍ വേണ്ടി നടക്കുന്ന സൂക്ഷ്മഭൗതികപ്രവര്‍ത്തനങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ചാണ് ആര്‍ട്ടിഫിഷ്യല്‍ റെയ്ന്‍ ഉണ്ടാക്കുന്നത്. ഇത് സാധാരണരീതിയില്‍ മഴ പെയ്യിക്കുന്നതിനോ, കൃത്രിമമഞ്ഞ് വരുത്തുന്നതിനോ ആണ് ഉപയോഗിക്കുന്നത്. കൂടാതെ മൂടല്‍ മഞ്ഞ് കുറക്കുന്നതിനും ഈ പ്രവര്‍ത്തനം ഉപയോഗിക്കുന്നു. ക്ലൗഡ് സീഡിംഗിനു സാധാരണ ഉപയോഗിക്കുന്ന രാസപദാര്‍ഥം സില്‍വര്‍ അയോഡൈഡ് , െ്രെഡ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്‌സൈഡ്) എന്നിവയാണ്. ഇത്തരത്തില്‍ പൂജ്യം ഡിഗ്രിയേക്കാള്‍ താഴെ തണുപ്പിച്ച വസ്തുക്കള്‍ മേഘത്തിലേക്ക് പ്രസരിപ്പിക്കുകയാണ് ചെയ്യുന്നത്. ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒന്നിച്ച് കൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. കൃത്രിമ മഴ പെയ്യിക്കേണ്ട പ്രദേശത്തിനു മുകളിലായാണ് മേഘങ്ങളെ എത്തിക്കേണ്ടത്. തുടര്‍ന്ന് സില്‍വര്‍ അയൊഡൈഡ്, െ്രെഡ ഐസ് എന്നിവ മേഘങ്ങള്‍ക്കിടയിലേക്ക് എത്തിച്ചാണ് ക്ലൗഡ് സീഡിംഗ് സാധ്യമാക്കുന്നത്. ഭൂമിയില്‍ നിന്നോ വിമാനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള റോക്കറ്റുകള്‍ ഉപയോഗിച്ചോ ക്ലൗഡ് സീഡിംഗ് നടത്താം. മേഘങ്ങളിലെത്തുന്ന രാസവസ്തുക്കള്‍ അവിടെയുള്ള നീരാവിയെ ഘനീഭവിപ്പിച്ച് വെള്ളത്തുള്ളികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഭൂമിയില്‍ നിന്ന് 12,000 അടി ഉയരത്തിലുള്ള മേഘങ്ങളാണ് ക്ലൗഡ് സീഡിംഗിന് അനുയോജ്യമായത്. റഡാറുകള്‍ ഉപയോഗിച്ചാണ് അനുയോജ്യമായ മേഘങ്ങള്‍ കണ്ടെത്തുന്നത്.
ഇന്ത്യയില്‍ ഇങ്ങനെ മഴ പെയ്തിട്ടുണ്ടോയെന്നു ചോദിച്ചാല്‍ പുരാണത്തിലെ ഋഷ്യശൃംഗനിലേക്ക് നാം പോകേണ്ടി വരും. ആധുനിക കാലത്ത് ഇത് ഇന്ത്യയില്‍ നടന്നിട്ടില്ല, ഇന്ത്യയില്‍ എന്നല്ല, ലോകത്ത് ഒരിടത്തും ഇതു പൂര്‍ണ്ണമായ രീതിയില്‍ വിജയിച്ചിട്ടില്ല. 2005-ലെ വരള്‍ച്ച സമയത്ത്, പാലക്കാട് ജില്ലയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ കലക്ടര്‍ താല്‍പ്പര്യപ്പെട്ടിരുന്നുവെങ്കിലും നടന്നില്ല. ബാംഗളൂരില്‍ കാര്‍ഷിക വിളകള്‍ക്ക് മഴയുടെ കുറവ് കാരണം ഇത്തരത്തില്‍ കൃത്രിമമഴ പെയ്യിക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടന്നിരുന്നു. അതും നടന്നില്ല. രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് 1983-ലും, 1984 മുതല്‍ 1987 വരെയും, 1993 മുതല്‍ 1994 വരെയും തമിഴ്‌നാട് സര്‍ക്കാര്‍ ക്ലൗഡ് സീഡിംഗ് നടത്തിയിട്ടുണ്ട്. 2003-ലും 2004-ലും കര്‍ണാടക സര്‍ക്കാറും ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചിട്ടുണ്ട്. ഇതേ വര്‍ഷത്തില്‍ തന്നെ അമേരിക്ക ആസ്ഥാനമായുള്ള വെതര്‍ മോഡിഫിക്കേഷന്‍ ഇന്‍കോര്‍പ്പറേറ്റഡ് എന്ന കമ്പനിയുടെ സഹായത്തോടെ മഹാരാഷ്ട്രയിലും ക്ലൗഡ് സീഡിംഗ് നടത്തി. ആന്ധ്രപ്രദേശിലെ 12 ജില്ലകളില്‍ കൃത്രിമ മഴയ്ക്കായുള്ള പദ്ധതികള്‍ കൊണ്ടുവന്നത് 2008 ലായിരുന്നു.

പക്ഷെ സില്‍വര്‍ ആയഡൈഡ്, െ്രെഡ ഐസ് തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള കൃത്രിമ മഴപെയ്യിക്കല്‍ എത്രത്തോളം പ്രായോഗികമാണെന്നോ, അതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണോന്നോ ഇന്നും ശാസ്ത്രലോകത്തിന് കൃത്യമായ ധാരണകളില്ല.

രാസവസ്തു പ്രയോഗത്തിലൂടെ മഴയുടെ അളവ് കൂട്ടാന്‍ കഴിയുമോയെന്ന ചോദ്യത്തിന് പല കാലങ്ങളില്‍ നടന്ന പഠനങ്ങള്‍ പല ഉത്തരങ്ങളാണ് നല്‍കുന്നത്. ക്ലൗഡ് സീഡിംഗിന്റെ ഫലമായി ആകെ ലഭിക്കേണ്ട മഴയുടെ അളവ് കുറഞ്ഞിട്ടുണ്ടെന്ന് ചില പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് ചിലത് മഴയുടെ അളവ് കൂടിയെന്ന് പറഞ്ഞു. ഒരു ഭാഗത്ത് മഴ കൂടിയപ്പോള്‍ മറ്റൊരു ഭാഗത്ത് മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതായി മറ്റ് ചില പഠനങ്ങള്‍ പറഞ്ഞു. കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ളൊരു കണ്ടെത്തലാണ് അവസാനത്തേത്. കാരണം ആകാശത്ത് നില്‍ക്കുന്ന മേഘങ്ങളെ രാസപ്രയോഗത്തിലൂടെ പെയ്യിക്കുന്ന പ്രക്രിയയാണ് ക്ലൗഡ് സീഡിംഗ്. അതില്‍ മഴമേഘങ്ങളെ കൃത്രിമമായി നിര്‍മ്മിക്കുന്നില്ല. പ്രകൃതി നിശ്ചയിക്കുന്ന സ്ഥലത്ത് പ്രകൃതിക്ക് ഇഷ്ടമുള്ള നേരത്ത് പെയ്യിക്കാനായി കാത്തുവച്ചിരിക്കുന്ന മേഘങ്ങളെ മനുഷ്യന്‍ നിര്‍ബന്ധിച്ച് പെയ്യിക്കുന്നു. അങ്ങനെയാണെങ്കില്‍ 11 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ മുടക്കി യുഎഇ നടത്തുന്ന ക്ലൗഡ് സീഡിംഗ് പദ്ധതിയില്‍ ഇന്ത്യയും ആശങ്കപ്പെടേണ്ടതുണ്ട്. പിന്നീടെപ്പോയോ കേരളത്തിലോ, ഇന്ത്യയിലെ മറ്റെവിടെയെങ്കിലുമോ പെയ്യാനെത്തേണ്ട മേഘങ്ങളെയാകില്ലേ അവര്‍ നിര്‍ബന്ധിച്ച് മരുഭൂമിയില്‍ പെയ്യിക്കുന്നത്? അങ്ങനെയൊക്കെ ചോദിച്ചാല്‍ ഉത്തരമില്ല, നമുക്ക് ഒന്നറിയാം, മഴ പെയ്യണം. വരണ്ട മണ്ണില്‍ നീരുറവ കിനിഞ്ഞിറങ്ങണം. മഴയില്ലാതെ മലയാളമില്ല, അതിനു വേണ്ടി കാത്തിരിക്ക തന്നെ...
Join WhatsApp News
Sudhir Panikkaveetil 2017-03-13 06:36:59
ഇനിയിപ്പോൾ ദൈവത്തിന്റെ ആവശ്യമുണ്ടോ? ഹൃദയം, വൃക്ക,തുടങ്ങിയ അവയവങ്ങൾ വിൽക്കപ്പെടുന്നു, അത് വാങ്ങി ആവശ്യക്കാർ ഉപയോഗിക്കുന്നു.   കരൾ മാറ്റി വയ്ക്കുന്ന കാര്യത്തിൽ മാത്രം എഴുത്തുകാർ കുഴങ്ങിയിരിക്കയാണ്.  കുഞ്ഞവറാന്റെ കരൾ അയല്പക്കകാരി മറിയാമ്മക്ക് കൊടുത്തുവെന്ന പത്ര വാർത്ത വായിച്ച് അവരൊക്കെ സ്തംഭിച്ച് പോയി. അവർ കരളിന് കൊടുത്തിരിക്കുന്ന നിർവ്വചനം വേറെയാണ്. "ജീവനെ ചാക്കിട്ട്" പിടിക്കാൻ ആക്രി കച്ചവടക്കാർ ഉടനെ നിരത്തിലിറങ്ങും. ശരീരത്തിൽ നിന്നും പറന്നു പോകുന്ന ( അതോ നടന്നോ) ആ
"സാധനം" കൂടി കിട്ടിയാൽ ദൈവം ഔട്ട്. ശ്രീ തുമ്പയിലിന്റെ ലേഖനം നന്നായിരുന്നു.
നസീർ 2017-03-13 06:50:53
എന്റെ ഹൃദയം ഞാൻ എടുത്തൊരു
പെണ്ണിന് കൊടുത്തിട്ടു തന്നില്ല
അയ്യോ! പെണ്ണെ പറ്റിച്ചോ?
അത് കയ്യീന്നു നിലത്തിട്ടു പൊട്ടിച്ചോ ?
പൊട്ടിച്ചോ.. പൊട്ടിച്ചോ... പൊട്ടിച്ചോ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക