Image

ബ്രോങ്ക്‌സ്‌ ദേവാലയ പത്താം വാര്‍ഷികം: അത്യുന്നത കര്‍ദ്ദിനാള്‍മാരുടെ മഹനീയ സാന്നിധ്യം

ജോയിച്ചന്‍ പുതുക്കുളം Published on 24 February, 2012
ബ്രോങ്ക്‌സ്‌ ദേവാലയ പത്താം വാര്‍ഷികം: അത്യുന്നത കര്‍ദ്ദിനാള്‍മാരുടെ മഹനീയ സാന്നിധ്യം
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ അത്യുന്നത കര്‍ദ്ദിനാള്‍മാരുടേയും ബിഷപ്പുമാരുടേയും മഹനീയ സാന്നിധ്യംകൊണ്ട്‌ അനുഗ്രഹീതമാകും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, ബിഷപ്പ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റും ന്യൂയോര്‍ക്ക്‌ അതിരൂപതാ കര്‍ദ്ദിനാളുമായ മാര്‍ തിമോത്തി ഡോളന്‍, സീറോ മലബാര്‍ ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ എന്നിവര്‍ ജൂണ്‍ 30-ന്‌ നടക്കുന്ന പത്താം വാര്‍ഷികാഘോഷങ്ങളില്‍ മുഖ്യാതിഥികളായിരിക്കും. കൂടാതെ സഹോദര ക്രിസ്‌തീയ സഭകളിലെ ബിഷപ്പുമാര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, മേയര്‍മാര്‍, വൈദീക ശ്രേഷ്‌ഠര്‍ തുടങ്ങിയവരും പങ്കെടുക്കും.

തങ്ങളുടെ ആചാരങ്ങളിലും പൈതൃകത്തിലും അടിയുറച്ച വിശ്വാസ കൂട്ടായ്‌മയായി നിലനില്‍ക്കുന്നതിനും, ഇവിടെ വളര്‍ന്നുവരുന്ന പുതിയ തലമുറയെ ഈ വിശ്വാസത്തിലും പാരമ്പര്യത്തിലും നിലനിര്‍ത്തുന്നതിനും വേണ്ടി ഒരു സമൂഹത്തിന്റെ ദീര്‍ഘനാളത്തെ അക്ഷീണ പ്രയത്‌നത്തിന്റെ ഭാഗമായാണ്‌ 2002-ല്‍ സീറോ മലബാര്‍ സഭയ്‌ക്ക്‌ ബ്രോങ്ക്‌സില്‍ ഇപ്പോഴത്തെ ദേവാലയം അനുവദിച്ച്‌ കിട്ടിയത്‌. ന്യൂയോര്‍ക്ക്‌ റീജിയനിലെ ആദ്യ സീറോ മലബാര്‍ ഇടവകയാണ്‌ ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ ദേവാലയം. ഷിക്കാഗോ രൂപതയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടവകയായി ബ്രോങ്ക്‌സ്‌ ഇതിനോടകം വളര്‍ന്നുകഴിഞ്ഞു. ഭൗതീകമായ വളര്‍ച്ചയ്‌ക്കൊപ്പം ആത്മീയ വളര്‍ച്ചയിലും ബ്രോങ്ക്‌സ്‌ ഇടവക മുന്നിട്ടുനില്‍ക്കുന്നു. ഷിക്കാഗോ രൂപതയിലെ ആദ്യ വൈദീക വിദ്യാര്‍ത്ഥി ബ്രദര്‍ കെവിന്‍ മുണ്ടയ്‌ക്കല്‍ ഈ ഇടവകയുടെ സംഭാവനയാണ്‌. കഴിഞ്ഞ പത്തുവര്‍ഷമായി ഫാ. ജോസ്‌ കണ്ടത്തിക്കുടി വികാരിയായി ഈ ഇടവകയെ നയിക്കുന്നു.

പത്താം വാര്‍ഷികാഘോഷങ്ങള്‍ പ്രൗഢഗംഭീരമാക്കുന്നതിനുവേണ്ടി ജോസഫ്‌ കാഞ്ഞമല ചെയര്‍മാനായി 101 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. ഷോളി കുമ്പിളുവേലി (ചെയര്‍മാന്‍, പബ്ലിസിറ്റി ആന്‍ഡ്‌ മീഡിയ കമ്മിറ്റി) അറിയിച്ചതാണിത്‌.
ബ്രോങ്ക്‌സ്‌ ദേവാലയ പത്താം വാര്‍ഷികം: അത്യുന്നത കര്‍ദ്ദിനാള്‍മാരുടെ മഹനീയ സാന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക