Image

സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ രണ്ടു ഇന്ത്യക്കാരികള്‍ നാട്ടിലേയ്ക്ക് മടങ്ങി

Published on 13 March, 2017
സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ രണ്ടു ഇന്ത്യക്കാരികള്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ആശുപത്രിയില്‍ ജോലിയ്‌ക്കെന്നും പറഞ്ഞ് പറ്റിച്ച്, വിസ ഏജന്റ് അനധികൃതമായ മാര്‍ഗ്ഗങ്ങളിലൂടെ സൗദിയില്‍ എത്തിച്ച ശേഷം, വീട്ടുജോലിക്കാരികളാക്കി മാറ്റിയ രണ്ടു ഇന്ത്യന്‍ വനിതകള്‍, ഇന്ത്യന്‍ എംബസ്സിയുടെയും, നവയുഗം സാംസ്‌കാരികവേദിയുടെയും, സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഉത്തരപ്രദേശ് ലക്‌നൗ സ്വദേശിനികളായ റുബീന ബാനു, അപ്സ്രൂണ്‍ ബാനു എന്നിവരാണ് നാട്ടിലെ വിസ ഏജന്റിന്റെ ചതിയില്‍പെട്ട് രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് സൗദിയില്‍ എത്തപ്പെട്ടത്. സൗദിയിലെ വലിയൊരു ആശുപത്രിയില്‍ ജോലിയ്ക്കാണ് അയയ്ക്കുന്നത് എന്നാണ് ഏജന്റുമാര്‍ പറഞ്ഞിരുന്നത്. ബി.എ പാസ്സായ അപ്സ്രൂണ്‍ ബാനുവിന് ക്ലര്‍ക്ക് ജോലിയും, റുബീനയ്ക്ക് അറ്റന്‍ഡര്‍ ജോലിയുമാണ് വാഗ്ദാനം ചെയ്തിരുന്നത്. എഗ്രിമെന്റോ, എമിഗ്രഷന്‍ ക്ലിയറന്‍സോ ഇല്ലാതെ, രണ്ടുപേരെയും വിസിറ്റിങ് വിസയില്‍ ആദ്യം ദുബായില്‍ കൊണ്ടുപോയി, പിന്നെ അവിടെനിന്ന് സൗദി വിസ സ്റ്റാമ്പ് ചെയ്താണ് ദമ്മാമില്‍ എത്തിച്ചത്.

എന്നാല്‍ ദമ്മാമില്‍ എത്തിയശേഷം രണ്ടു പേരെയും രണ്ടു സൗദി ഭവനങ്ങളിലേയ്ക്ക് വീട്ടുജോലിയ്ക്ക് അയയ്ക്കുകയായിരുന്നു ചെയ്തത്. അപ്പോള്‍ മാത്രമാണ് തങ്ങള്‍ ചതിയ്ക്കപ്പെട്ട വിവരം അവര്‍ മനസ്സിലാക്കിയത്. പറഞ്ഞ ശമ്പളമോ, ജോലിസാഹചര്യങ്ങളോ കിട്ടാതെ രാപകല്‍ ജോലി ചെയ്യേണ്ടി വന്നപ്പോള്‍, സഹികെട്ട അവര്‍ ആ വീടുകളില്‍ നിന്നും പുറത്തു ചാടി, സൗദിപോലീസില്‍ പോയി പരാതി പറഞ്ഞു. പോലീസ് അവരെ ദമ്മാമിലെ വനിതഅഭയകേന്ദ്രത്തില്‍ എത്തിച്ചു.

വനിതഅഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ രണ്ടുപേരോടും സംസാരിച്ച് വിവരങ്ങള്‍ മനസ്സിലാക്കി. താന്‍ ജോലി നിന്ന വീട്ടിലെ ആളുകള്‍ ഭക്ഷണം പോലും വല്ലപ്പോഴുമേ തരാറുള്ളൂ എന്ന് റുബീന പരാതി പറഞ്ഞു. ഈ വിവരങ്ങളെല്ലാം മഞ്ജു ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. മഞ്ജുവിന്റെ നിര്‍ദ്ദേശപ്രകാരം രണ്ടുപേരുടെയും ബന്ധുക്കള്‍ നാട്ടില്‍ വിസ ഏജന്റിനെതിരെ പരാതി കൊടുത്തു.

തുടര്‍ന്ന് മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും രണ്ടുപേരുടെയും സ്‌പോണ്‌സറെയും, നാട്ടിലെ ഏജന്റിനെയും ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചു. രണ്ടുപേരുടെയും പ്രശ്‌നം പരിഹരിയ്ക്കാത്തപക്ഷം ഇന്ത്യന്‍ എംബസ്സി വഴി ഏജന്‍സിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്ന നവയുഗം പ്രവര്‍ത്തകരുടെ ഭീക്ഷണിയ്ക്ക് മുന്നില്‍ വിസ ഏജന്റ് വഴങ്ങി. പകരം ആളെ നല്‍കാമെന്ന ഏജന്റിന്റെ ഉറപ്പിന്മേല്‍ സ്‌പോണ്‍സര്‍മാര്‍ രണ്ടുപേര്‍ക്കും ഫൈനല്‍ എക്‌സിറ്റ് നല്‍കി. ദമ്മാം ഇന്ത്യന്‍ എംബസ്സി ഹെല്‍പ്‌ഡെസ്‌ക്ക് കോഓര്‍ഡിനേറ്ററും ഹൈദരാബാദ് അസ്സോസ്സിയേഷന്‍ സെക്രട്ടറിയുമായ മിര്‍സാ ബൈഗ് രണ്ടുപേര്‍ക്കും വിമാനടിക്കറ്റ് നല്‍കി.

എല്ലാവര്‍ക്കും നന്ദി പറഞ്ഞ് റുബീന ബാനുവും അപ്സ്രൂണ്‍ ബാനുവും നാട്ടിലേയ്ക്ക് മടങ്ങി.

സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ രണ്ടു ഇന്ത്യക്കാരികള്‍ നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക