Image

ഡോക്ടര്‍ ജോസഫ് പോള്‍സണ്‍ അനുസ്മരണം- ജോണ്‍ ഇളമത

ജോണ്‍ ഇളമത Published on 24 February, 2012
ഡോക്ടര്‍ ജോസഫ് പോള്‍സണ്‍ അനുസ്മരണം- ജോണ്‍ ഇളമത
പോള്‍സണ്‍ എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. മൂക്കിന്റെ തുമ്പത്തു ദേഷ്യമുള്ള പോള്‍സണുമായി ഞാന്‍ പല തവണ ശുണ്ഠി കൂടിയിട്ടുണ്ട്. ശുണ്ഠിയും, ഇണക്കവും, പിണക്കവും, നര്‍മ്മവും, യുക്തിയും, വിവരവും, ധീരതയും, പോള്‍സണെ പോള്‍സണാക്കുന്നു. അറുപതുകളിലോ മറ്റോ കപ്പല്‍ കയറി, ന്യൂയോര്‍ക്കു മഹാനഗരത്തില്‍ എത്തിയ പോള്‍സണ്‍ , ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ , എന്നതിലപ്പുറം, പ്രവാസി മലയാളി സാംസ്‌ക്കാരിക/ സാഹിത്യ മണ്ഡലങ്ങളില്‍ , നിറഞ്ഞു നിന്നിരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ , ദീര്‍ഘകാലം ലൈബ്രേറിയനായിരുന്ന പോള്‍സണ്‍ , കേരളത്തിലെ ഒട്ടുമിക്ക പ്രശസ്ത സാഹിത്യ/ നിരൂപകന്മാരുമായി സമ്പര്‍ക്കമുള്ള ഒരാളായിരുന്നു. വളരെ വായനയുള്ള അദ്ദേഹം തന്റെ അറിവിനെ ഊതി കാച്ചി പൊന്‍തരികളുടെ തിളക്കമുള്ള കുറെ കൃതികള്‍ , മലയാള സാഹിത്യത്തിനു കാഴ്ചവെച്ചിട്ടുണ്ട്.
ലാനയില്‍ സജ്ജീവ സാന്നിദ്ധ്യമുണ്ടായിരുന്ന അദ്ദേഹം, ചിരിയരങ്ങിലും വേണ്ടത്ര ശോഭിച്ചിട്ടുള്ളത് ശ്രദ്ധേയമെത്രെ..! മതമായാലും, മൈത്രിയായാലും, മിതമായി വിശ്വസിക്കുകയും, വെട്ടിതുറന്ന് അഭിപ്രായങ്ങള്‍ , പറയുകയും ചെയ്യുന്ന പോള്‍സണെ എനിക്ക്, ഒരു ധീരവക്താവായി മാത്രമേ കാണാന്‍ കഴിയൂ. പോസിറ്റീവ് ചിന്താഗതി, അല്ലെങ്കില്‍, പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള മനോദാര്‍ഢ്യം, പോള്‍സന്റെ ജീവിതത്തിന്റെ പ്രത്യേകതയായിരുന്നു!

പോള്‍സന്റെ കൃതികളില്‍ , എന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ളത്, 'അമേരിക്ക ഒരു അത്ഭുതലോക'മാണ്. അറുപതുകളിലെ മലയാളിയുടെ, അത്ഭുതം കൂറുന്ന ഒരു ചെപ്പുതുറക്കുകയാണ് പോള്‍സണ്‍ , ഈ ലേഖനങ്ങളിലൂടെ! ഇതില്‍ ആശ്ചര്യമുണ്ട്, നര്‍മ്മമുണ്ട്! വാസ്തവമുണ്ട്. ഒരു പടിഞ്ഞാറന്‍ സംസ്‌ക്കാരത്തിന്റെ തലകുത്തനെയുള്ള സാമൂഹ്യ വ്യവസ്തികളുടെയും, തലതിരിഞ്ഞ സമ്പത്തിന്റെയും, സുഖഭോഗങ്ങളുടെയും, നഷ്ടസൗഭാഗ്യങ്ങളുടെയും, നേര്‍ക്കാഴ്ച്ചകളാണ്, ഈ പുസ്തകത്തെ മനോഹരമാക്കുന്നത്, ഹിന്ദിയിലും ഇതിന്റെ പതിപ്പുണ്ടായിട്ടുണ്ട്.

മറ്റൊരു പ്രധാന പുസ്തകം, 'സൂസന്‍ കോന്‍' എന്ന നോവലാണ് ഇതിന്റെ ഇതിവൃത്തം, വേരു തേടി, അമേരിക്കയില്‍ നിന്ന് നാട്ടില്‍ എത്തുന്ന ഒരു പെണ്‍കൊടിയുടേതാണ്. പുതുമ നശിച്ച ഒരു പ്രമേയം, എങ്കില്‍ തന്നെ വര്‍ണ്ണനകള്‍ കൊണ്ടും, ഭാഷ കൊണ്ടും, പോള്‍സണ്‍ അതിനെ വിരസത കൂടാതെ മോടി പിടിപ്പിച്ചിട്ടുണ്ട്. മറ്റു കുറെ കഥകളും, ലേഖനങ്ങളും, അദ്ദേഹത്തിന്റെതായിട്ടുണ്ട്.

ഒരു അമേരിക്കന്‍ പ്രവാസി മലയാളി എന്ന നിലയിലും, സാഹിത്യകാരന്‍ എന്ന നിലയിലും, സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച, ഡോക്ടര്‍ പോള്‍സണ്‍ , അമേരിക്കന്‍ മലയാളി കുടിയേറ്റ ചരിത്രത്തില്‍ എന്നും ആദരണീയനായിരിക്കട്ടെ! അദ്ദേഹത്തിന്റെ വിയോഗം സാഹിത്യ പ്രേമികളായ എല്ലാ സുഹൃത്തുകള്‍ക്കും, സംഘടനകള്‍ക്കും നഷ്ടം തന്നെ! അദ്ദേഹത്തിന്റെ ആത്മശാന്തിക്കു, പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക