Image

നെഹ്‌റു കോളെജിലെ ഇടിമുറിയില്‍ നിന്ന്‌ കണ്ടെത്തിയ രക്തക്കറ ജിഷ്‌ണുവിന്റെ ബ്ലഡ്‌ഗ്രൂപ്പു തന്നെ

Published on 13 March, 2017
നെഹ്‌റു കോളെജിലെ ഇടിമുറിയില്‍ നിന്ന്‌ കണ്ടെത്തിയ രക്തക്കറ  ജിഷ്‌ണുവിന്റെ ബ്ലഡ്‌ഗ്രൂപ്പു തന്നെ


തൃശൂര്‍: ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട്‌ ഫോറന്‍സിക്‌ പരിശോധനയിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്‌. പാമ്പാടി നെഹ്‌റു കോളെജിലെ മുറികളില്‍ നിന്നും നിന്നും കണ്ടെടുത്ത രക്തക്കറ ജിഷ്‌ണുവിന്റെ അതെ ബ്ലഡ്‌ ഗ്രൂപ്പില്‍ പെട്ടതാണെന്ന്‌ വ്യക്തമായി. 

തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ നടത്തിയ പരിശോധനയിലാണ്‌ കോളെജില്‍ നിന്നും കണ്ടെടുത്ത രക്തക്കറ ഒ പോസിറ്റീവ്‌ ബ്ലഡ്‌ ഗ്രൂപ്പില്‍ പെടുന്നതാണെന്ന്‌ സ്ഥിരീകരിച്ചത്‌.

ജിഷ്‌ണു പ്രണോയിയുടെ ബ്ലഡ്‌ ഗ്രൂപ്പും ഒ പോസിറ്റീവായിരുന്നു. കോളെജിലെ രക്തക്കറ ജിഷ്‌ണുവിന്റെതാണോ എന്ന്‌ സ്ഥിരീകരിക്കാനായി ഇനി കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്‌. ശാസ്‌ത്രീയ തെളിവുകള്‍ക്കായി ജിഷ്‌ണുവിന്റെ മാതാപിതാക്കളുടെ രക്തസാമ്പിള്‍ എടുത്ത്‌ ഡിഎന്‍എ പരിശോധന നടത്തും.

നാദാപുരത്തെ ജിഷ്‌ണുവിന്റെ വീട്ടിലേക്ക്‌ ഫോറന്‍സിക്‌ സംഘം ഇന്ന്‌ എത്തുമെന്നാണ്‌ അറിയുന്നത്‌. രക്തക്കറയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട്‌ ഫോറന്‍സിക്‌ വിഭാഗം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറിയിട്ടുണ്ട്‌. 

പാമ്പാടി നെഹ്‌റു കോളെജിലെ പിആര്‍ഒ ആയ സഞ്‌ജിത്ത്‌ വിശ്വനാഥന്റെ മുറിയില്‍ നിന്നുമാണ്‌ രക്തക്കറ കണ്ടെത്തിയിരുന്നത്‌. ഈ മുറിയെ ഇടിമുറി എന്നാണ്‌ വിദ്യാര്‍ത്ഥികള്‍ വിശേഷിപ്പിച്ചിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക