Image

ബിജെപി ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി

Published on 14 March, 2017
ബിജെപി ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം  കോടതി
ഗോവയില്‍ മനോഹര്‍ പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വ്യാഴാഴ്ച ബിജെപി വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ഉത്തരവിട്ടു.

 സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എന്തുകൊണ്ട് ഗവര്‍ണറെ സമീപിച്ചില്ലെന്ന് കോടതി ചോദിച്ചു. ഭൂരിപക്ഷം അവകാശപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആവശ്യമുന്നയിച്ച കക്ഷിക്ക് അവസരം നല്‍കുകയാണ് ഗവര്‍ണര്‍ ചെയ്തത്. ഇതില്‍ തെറ്റില്ലെന്നും കോടതി പറഞ്ഞു. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പിന്തുണയുള്ള എംഎല്‍എമാരുടെ എണ്ണം വ്യക്തമാക്കാതിരുന്നതും കോടതിയുടെ വിമര്‍ശത്തിനിടയാക്കി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ നിശ്ചയിക്കുന്നത് എംഎല്‍എമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. നിങ്ങളുടെ കൂടെ എംഎല്‍എമാര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ അത് തെളിയിക്കണം. ഹര്‍ജിയില്‍ തങ്ങള്‍ക്കൊപ്പമുള്ള എംഎല്‍എമാരുടെ എണ്ണം വ്യക്തമാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ജഗ്ദീഷ് ഖെഹാര്‍ ചോദിച്ചു.

ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതെ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നടപടി നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക