Image

അയാള്‍ ജീവിച്ചിരിപ്പുണ്ട് : സൗഹൃദത്തിന്റെ പുതിയ മാനങ്ങള്‍

അനില്‍ പെണ്ണുക്കര Published on 14 March, 2017
       അയാള്‍ ജീവിച്ചിരിപ്പുണ്ട് :                       സൗഹൃദത്തിന്റെ പുതിയ മാനങ്ങള്‍
 ചില സൗഹൃദങ്ങള്‍ അങ്ങനെയാണ്. പ്രവചനാതീതം. അതിനുമപ്പുറം തികച്ചും വ്യത്യസ്തമായ രണ്ടു വ്യക്തികള്‍ തമ്മിലുളള അവിശ്വസനീയവും അത്ഭുതകരവുമായ സ്‌നേഹബന്ധം. അത് എപ്പോള്‍ എങ്ങനെ ഉടലെടുക്കുമെന്നു പറയാനാകില്ല. പക്ഷേ അത്തരം സൗഹൃദങ്ങള്‍ ഭുമിയിലുണ്ട്. അതുപോലൊരു സൗഹൃത്തിന്റെ കഥ പറയുന്ന ചിത്രമാണ് അയാള്‍ ജീവിച്ചിരിപ്പുണ്ട്.

പ്രതിസന്ധികളില്‍ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. ഏതാപത്തിലും കൈവിടാതെ ഒപ്പം നടക്കുന്ന ഒരാള്‍. അങ്ങനെയൊരു സുഹൃത്തിനെ സ്വപ്നം കാണാത്തവരായി ആരെങ്കിലും  കാണുമോ? ഈ സിനിമയില്‍ അങ്ങനെയൊരു സുഹൃത്തിനെ കാണാന്‍ നമുക്കു കഴിയും.

മീന്‍പിടുത്തക്കാരനായ മുരുകനും ബുക്കര്‍ പ്രൈസ് ജേതാവായ എഴുത്തുകാരനായ ജോണ്‍മാത്യുവും. രണ്ടുപേരും തീര്‍ത്തും അപരിചിതര്‍. മുരുകന്‍ ഒരു കടലോരഗ്രാമത്തിലാണ് കഴിയുന്നത്. ജോണ്‍മാത്യു ഒരു വലിയ എഴുത്തുകാരനാണ്. ഈ രണ്ടുപേരെയും ഒരേ വഴിയിലൂടെ നടത്തിക്കൊണ്ടുപോകുന്ന സംവിധായകന്‍ കെ.പി വ്യാസന് വഴിയും ലക്ഷ്യവും തെറ്റിയിട്ടില്ലെന്ന് ചിത്രം കണ്ടിറങ്ങുമ്പോള്‍ നമുക്ക് മനസിലാകും.

തന്റെ അമ്മാവനില്‍ നിന്നും ഗോവയെ കുറിച്ചുള്ള കഥകള്‍ കേട്ടു വളര്‍ന്ന മുരുകന് ഗോവ കാണണമെന്ന് വലിയ ആഗ്രഹമാണ്. എന്നെങ്കിലും ഗോവ കാണണം എന്നാണ് മുരുകന്റെ ആഗ്രഹം. അങ്ങനെയിരിക്കെയാണ് ജോണ്‍മാത്യു അവിചാരിതമായി അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് ജോണിന്റെ ജീവിതത്തില്‍ മുരുകന്റെ സാന്നിധ്യമുണര്‍ത്തുന്ന ചലനങ്ങളാണ് ചിത്രത്തിന്റെ കഥ.

പലരീതിയില്‍ കഥ പറയുന്നുണ്ട് സംവിധായകന്‍. ഫ്‌ളാഷ്ബാക്കുകള്‍, വോയ്‌സ് ഓവര്‍, പിന്നെ സാധാരണ പോലെ തന്നെ കഥപറയുന്ന രീതിയും. ഒന്നും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. ജോണ്‍മാത്യു എന്ന സര്‍ഗപ്രതിഭയ്ക്ക് തന്റെ അടുത്ത കൃതി രചിക്കാനുളള കഥയും കഥാപാത്രവും കഥാപരിസരവും മുരുകന്‍ എന്ന മനുഷ്യനുമായുള്ള സൗഹൃദത്തിലൂടെ രൂപപ്പെടുന്നതാണ് ചിത്രത്തിന്റെ ആകെയുളള പ്രമേയം എന്നു പറയാം. തങ്ങള്‍ക്കിടയിലെ ഓരോ സംഭവവികാസവും അടുത്ത രചനയ്ക്കുള്ള ഉപകരണങ്ങളാക്കി ജോണ്‍ മാറ്റിയെടുക്കുന്നു. 

മുരുകന്‍ എന്ന കടലോരഗ്രാമത്തിലെ ചെറുപ്പക്കാരനെ മണികണ്ഠന്‍ അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സംസാരത്തിലും ശരീരഭാഷയിലും മണികണ്ഠന്‍ കമ്മട്ടിപ്പാടത്തിലെ ബാലനേക്കാള്‍ ഒരു പടി മികച്ചു നില്‍ക്കുന്നതായി കാണാം. പ്രത്യേകിച്ച് നായകനായി എത്തിയതിന്റെ ഒരു ത്രില്ലും അദ്ദേഹത്തിന്റെ ആകമാന പ്രകടനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ജോണിന്റെയും മുരുകന്റെയും സൗഹൃദപശ്ചാത്തലമായി ഗോവയെ ഒരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്നു തന്നെ പറയാം.  ജോണ്‍മാത്യുവായി എത്തിയ വിജയ് ബാബു കഥാപാത്രത്തിനാവശ്യമായ മികച്ച ഭാവാഭിനയം തന്നെ പുറത്തെടുത്തു. ഒരു പക്ഷേ നീന എന്ന ചിത്രത്തിനു ശേഷം വിജയ് ബാബുവിന് കിട്ടിയ ഏറ്റവും നല്ല കഥാപാത്രമായിരിക്കും ഈ ചിത്രത്തിലെ ജോണ്‍മാത്യു എന്ന കഥാപാത്രം.

ഈ സിനിമയില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച കിഷോര്‍ സത്യ, ഹരീഷ് പേരടി, തെസ്‌നി ഖാന്‍ എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ചിത്രത്തിലെ ഗാനങ്ങള്‍ കഥയുടെ ഒഴുക്കിനൊത്തു നീന്തുന്നു. ജോണിന്റെയും മുരുകന്റെയും സൗഹൃദത്തിനൊപ്പം നീങ്ങുന്ന ചില പോലീസ് അന്വേഷണങ്ങള്‍ കഥയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതുപോലെ തോന്നും. എന്തായാലും ഒരു നല്ല ചിത്രം കാണാന്‍ ആഗ്രഹിച്ചു പോകുന്നവരെ അയാള്‍ ജീവിച്ചിരിപ്പുണ്ട് ഒരിക്കലും നിരാശപ്പെടുത്തില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക