Image

മിഷേലിനെ ഫോണ്‍വിളിച്ച തലശ്ശേരി സ്വദേശിയായ യുവാവ്‌ കസ്റ്റഡിയില്‍

Published on 15 March, 2017
മിഷേലിനെ ഫോണ്‍വിളിച്ച തലശ്ശേരി സ്വദേശിയായ യുവാവ്‌ കസ്റ്റഡിയില്‍
കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മിഷേല്‍ ഷാജിയെന്ന സിഎ വിദ്യാര്‍ത്ഥിയുടെ മരണത്തിലെ ദുരൂഹത ഇനിയും നീക്കാന്‍ പോലീസിന്‌ സാധിച്ചിട്ടില്ല.

 മിഷേലുമായി ബന്ധമുണ്ടെന്ന്‌ പോലീസ്‌ പറയുന്ന ക്രോണിന്‍ എന്നയാള്‍ നിലവില്‍ പോലീസ്‌ കസ്റ്റഡിയിലുണ്ട്‌. അത്‌ കൂടാതെ തലശ്ശേരി സ്വദേശിയായ മറ്റൊരു യുവാവിനേയും പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.


മിഷേല്‍ ഷാജിയുടെ ഫോണിലേക്ക്‌ തലശ്ശേരി സ്വദേശിയായ യുവാവിന്റെ ഫോണില്‍ നിന്നും ഇടയ്‌ക്കിടെ കോളുകള്‍ വന്നതായി പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. 

ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്‌. നേരത്തേ മിഷേലിന്റെ വീടിന്‌ മുന്നില്‍ നിന്നുമുള്ള സിസിടിടി ദൃശ്യങ്ങളില്‍ ഒരു യുവാവ്‌ മിഷേലിനെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചിരുന്നു.

 തലശ്ശേരിക്കാരനായ ഇതേ ആളാണ്‌ പോലീസിന്റെ കസ്റ്റഡിയില്‍ ഇപ്പോളുള്ളത്‌ എന്നാണ്‌ വിവരം. 

 ഇയാള്‍ പലയിടത്തായി മിഷേലിനെ പലയിടത്തും പിന്തുടര്‍ന്നതായാണ്‌ പോലീസിന്‌ ലഭിച്ചിരിക്കുന്ന വിവരം. അതേസമയം മിഷേലിനെ കണ്ട്‌ ഇഷ്ടപ്പെട്ടതിനാലാണ്‌ പിന്തുടര്‍ന്നിരുന്നതെന്നാണ്‌ ഈ യുവാവ്‌ പറയുന്നതെന്നാണ്‌ സൂചന. 


 ഇയാളെ പോലീസ്‌ ചോദ്യം ചെയ്‌തു കൊണ്ടിരിക്കുകയാണ്‌. അതിനിടെ നേരത്തെ അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടര്‍ തനിക്ക്‌ മിഷേലിന്റെ മരണത്തില്‍ പങ്കില്ലെന്നും പറഞ്ഞിരുന്നു.

 ഏതൊരു ബന്ധത്തിലുമുള്ള പ്രശ്‌നങ്ങളേ തങ്ങള്‍ക്കിടയിലും ഉള്ളൂ എന്നാണ്‌ ഇയാളുടെ വാദം. 

മിഷേലിനെ മരണത്തിന്‌ മുന്‍പായി ക്രോണിന്റെ അമ്മ ഫോണിന്‍ വിളിച്ച്‌ സംസാരിച്ചതായും പോലീസിന്‌ വിവരം ലഭിച്ചിരുന്നു. 

എന്നാല്‍ ക്രോണിന്‍ മിഷേലിനെ ഫോണില്‍ വിളിച്ച്‌ കിട്ടാത്തതിനാല്‍ തന്നോട്‌ പറഞ്ഞത്‌ പ്രകാരമാണ്‌ പെണ്‍കുട്ടിയെ വിളിച്ചതെന്നാണ്‌ ക്രോണിന്റെ അമ്മ പറയുന്നത്‌. 

നിരന്തര മാനസിക പീഡനം ക്രോണിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ്‌ പോലീസ്‌ ചുമത്തിയിരിക്കുന്നത്‌. ക്രോണിന്റെ ഭാഗത്ത്‌ നിന്നും നിരന്തരമായ മാനസിക ശാരീരിക പീഡനങ്ങളുണ്ടായതിനെത്തുടര്‍ന്ന സമ്മര്‍ദം താങ്ങാതെയാണ്‌ മിഷേല്‍ ആത്മഹത്യ ചെയ്‌തത്‌ എന്നാണ്‌ പോലീസ്‌ വാദം. 

 കലൂര്‍ പള്ളിയുടെ മുന്നില്‍വെച്ച്‌ മിഷേലിനെ ക്രോണിന്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. അതിന്‌ ശേഷമാണ്‌ മിഷേലും ക്രോണിനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്‌. 

ക്രോണിനെ ഒഴിവാക്കാന്‍ മിഷേല്‍ ശ്രമിച്ചുവെങ്കിലും അയാള്‍ നിരന്തരമായി മിഷേലിനെ ശല്യപ്പെടുത്തിയതായും പോലീസ്‌ പറയുന്നു. 

മരണത്തിന്‌ മുന്‍പുള്ള രണ്ട്‌ ദിവസങ്ങളില്‍ നൂറ്‌ കണക്കിന്‌ മെസ്സേജുകളാണ്‌ ക്രോണിന്‍ മിഷേലിന്‌ അയച്ചത്‌. എന്നാല്‍ ഡിലീറ്റ്‌ ചെയ്‌തതിനാല്‍ ഈ മെസ്സേജുകള്‍ കണ്ടെത്താന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ല. 

മിഷേലിനെ ഭീഷണിപ്പെടുത്തുന്ന മെസ്സേജുകളാണ്‌ ഇവയെന്നാണ്‌ കരുതുന്നത്‌.ശാസ്‌ത്രീയ പരിശോധന വഴി ഇവ തിരിച്ചെടുക്കാനാണ്‌ പോലീസ്‌ ശ്രമിക്കുന്നത്‌. 

 ഈ മെസ്സേജുകള്‍ കേസിലെ നിര്‍ണായക തെളിവാണ്‌. മാത്രമല്ല മിഷേലിന്റെ ഫോണും പോലീസിന്‌ കണ്ടെത്താനായിട്ടില്ല. മിഷേലിന്റെ ഫോണ്‍ ലഭിച്ചാലും കേസിലത്‌ നിര്‍ണായകമാകും. 

മിഷേലിന്റെ ബന്ധുവാണ്‌ ക്രോണിനെന്നാണ്‌ പോലീസ്‌ പറയുന്നത്‌. എന്നാല്‍ ക്രോണിന്‍ തങ്ങളുടെ ബന്ധുവല്ലെന്നാണ്‌ മിഷേലിന്റെ അച്ഛന്‍ പറയുന്നത്‌. കേസില്‍ പോലീസ്‌ കെട്ടിച്ചമച്ച കഥയാണിതെന്നും കുടുംബം പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക