Image

സുമനസ്സുകള്‍ കനിഞ്ഞു; അസുഖം ജീവിതം വഴിമുട്ടിച്ച ബഷീര്‍ നാട്ടിലേയ്ക്ക് മടങ്ങി

Published on 15 March, 2017
സുമനസ്സുകള്‍ കനിഞ്ഞു; അസുഖം ജീവിതം വഴിമുട്ടിച്ച ബഷീര്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: മാരകമായ അസുഖങ്ങള്‍ കാരണം നരകയാതന അനുഭവിച്ചപ്പോഴും, സാമ്പത്തികപ്രതിസന്ധി മൂലം നാട്ടില്‍ പോകാനാകാതെ ദുരിതത്തില്‍ കഴിയേണ്ടി വന്ന മലയാളി ഡ്രൈവര്‍, നവയുഗം സാംസ്‌കാരികവേദിയുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

തൃശ്ശൂര്‍ കുറുക്കഞ്ചേരി സ്വദേശിയായ ബഷീറിനാണ് വിധിയുടെ ക്രൂരത മൂലം ദുരിതം അനുഭവിയ്‌ക്കേണ്ടി വന്നത്. ദീര്‍ഘകാലമായി ദമ്മാം കൊദരിയയില്‍ ഡ്രൈവര്‍ ജോലി ചെയ്തു വന്ന ബഷീറിന്റെ ജീവിതത്തില്‍ ആദ്യദുരന്തം എത്തിയത് ഹൃദ്രോഗത്തിന്റെ രൂപത്തിലായിരുന്നു.
ഹൃദയാഘാതം മൂലം താമസസ്ഥലത്ത് കുഴഞ്ഞുവീണ ബഷീറിനെ സുഹൃത്തുക്കള്‍ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ എത്തിച്ചു. 

ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടായിട്ടുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് അടിയന്തരചികിത്സ നടത്തുകയും, ഏറെക്കാലം ബഷീറിന് ആശുപത്രിയില്‍ കഴിയേണ്ടതായും വന്നു. ഹൃദ്രോഗത്തിന് താത്കാലികമായി ശമനമുണ്ടായെങ്കിലും, കൂനിന്മേല്‍ കുരു പോലെ, കഴിച്ച മരുന്നുകളുടെ പാര്‍ശ്വഫലം കൊണ്ട്, മുന്‍പ് ഉണ്ടായിരുന്ന സോറിയാസിസ് അസുഖം വീണ്ടും വരികയും, ദേഹത്ത് മുറിവുകള്‍ ഉണ്ടായി തൊലി അടര്‍ന്നു പോകുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്തു. 

കൂടുതല്‍ ചികിത്‌സയ്ക്കും പരിചരണത്തിനുമായി നാട്ടിലേയ്ക്ക് കൊണ്ട് പോകാന്‍ തീരുമാനിച്ചെങ്കിലും, ഇന്‍ഷുറന്‍സ് പരിരക്ഷ കുറവായതിനാല്‍, ഇരുപത്തിഅയ്യായിരം റിയാല്‍ ആശുപത്രി ബില്ല് അടച്ചാലേ ആശുപത്രി വിടാന്‍ കഴിയുമായിരുന്നുള്ളൂ. ആശുപത്രിയില്‍ കഴിയുന്ന ഓരോ ദിവസവും ചികിത്സബില്ലിലെ തുക കൂടുകയും ചെയ്തതോടെ ബഷീര്‍ ശരിയ്ക്കും ധര്‍മ്മസങ്കടത്തിലായി.

വളരെ പാവപ്പെട്ട കുടുംബമാണ് ബഷീറിന്റേത്. ബഷീര്‍ കിടപ്പിലായതോടെ നാട്ടിലേയ്ക്ക് പണം അയയ്ക്കാന്‍ കഴിയാതെ വന്നതോടെ, കുടുംബം കൂടുതല്‍ ദുരിതത്തിലായി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ സ്‌ക്കൂള്‍ കഴിഞ്ഞുള്ള സമയം കൂലിപ്പണിയ്ക്ക് പോയി കൊണ്ടുവരുന്ന വരുമാനത്തിലാണ് പിന്നീട് ആ കുടുംബം കഴിഞ്ഞത്.

ബഷീറിന്റെ ചികിത്സചുമതല ഏറ്റെടുത്ത നവയുഗം സാംസ്‌കാരികവേദി കൊദരിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിയുടെ അഭ്യര്‍ത്ഥനയനുസരിച്ച്, നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം ആശുപത്രി അധികൃതരുമായി സംസാരിയ്ക്കുകയും, പണം അടയ്ക്കാമെന്ന നവയുഗത്തിന്റെ ജാമ്യത്തില്‍ ബഷീറിനെ ആശുപത്രിയില്‍ നിന്നും താമസസ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് നവയുഗം പ്രവര്‍ത്തകര്‍ ബഷീറിനുള്ള ചികിത്സസഹായം സ്വരൂപിയ്ക്കാന്‍ ശ്രമം തുടങ്ങി.

ഏറെ പണിപ്പെട്ട് നവയുഗം പ്രവര്‍ത്തകര്‍ നടത്തിയ ശ്രമത്തില്‍ ആശുപത്രിബില്ല് അടയ്ക്കാനുള്ള മുക്കാല്‍പങ്ക് പണവും സ്വരൂപിച്ചെങ്കിലും അത് തികയാത്ത അവസ്ഥ വന്നു. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ശ്രമഫലമായി ദമ്മാമിലെ 'ഹെല്‍പ്പിങ് ഹാന്‍ഡ്‌സ്' എന്ന പ്രവാസി കൂട്ടായ്മ, ബഷീറിന്റെ അവസ്ഥയറിഞ്ഞ് ബാക്കി തുക നല്‍കി സഹായിച്ചു. അങ്ങനെ ഹോസ്പിറ്റല്‍ ബില്ല് അടയ്ക്കാന്‍ കഴിഞ്ഞു.

നാട്ടിലേയ്ക്ക് പോകാനായി വിമാനടിക്കറ്റ് അടക്കമുള്ള സഹായങ്ങള്‍ നവയുഗം നല്‍കി. ബഷീറിന്റെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് പ്രവര്‍ത്തകര്‍ യാത്ര പോകുന്നതിനു മുന്‍പ് ചെറിയ സാമ്പത്തിക സഹായവും നല്‍കി.

എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ബഷീര്‍ നാട്ടിലേയ്ക്ക് മടങ്ങി. എന്നാല്‍ നാട്ടിലെ തുടര്‍ചികിത്സയും, പാവപ്പെട്ട കുടുംബത്തിന്റെ അവസ്ഥയും ബഷീറിന് മുന്നില്‍ ഒരു ചോദ്യചിഹ്നമായി തുടരുന്നു.

സുമനസ്സുകള്‍ കനിഞ്ഞു; അസുഖം ജീവിതം വഴിമുട്ടിച്ച ബഷീര്‍ നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക