Image

ജെല്ലിക്കെട്ടു പ്രക്ഷോഭകര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു

Published on 15 March, 2017
ജെല്ലിക്കെട്ടു പ്രക്ഷോഭകര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു
കോയന്പത്തൂര്‍: ജെല്ലിക്കെട്ട് പ്രതിഷേധക്കാര്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. എന്‍ ദേശം എന്‍ ഉറിമൈ കച്ചി എന്നു പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ കീഴില്‍ തമിഴ്‌നാട് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പ്രതിഷേധിക്കാര്‍ ഒരുങ്ങുന്നത്. കോയന്പത്തൂരില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. പാര്‍ട്ടിക്ക് ഇതേവരെ ഏഴു ലക്ഷത്തിലധികം രജിസ്‌റ്റേര്‍ഡ് അംഗങ്ങളുണ്ടെന്ന് പാര്‍ട്ടിയുടെ കോ ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ അമല്‍രാജ് പറഞ്ഞു. 

പ്രത്യേക അജന്‍ഡകളില്ലാതെ ഞങ്ങള്‍ ജെല്ലിക്കെട്ടിനായി പ്രതിഷേധിച്ച് ലക്ഷ്യംകണ്ടു. സമാനമായ രീതിയില്‍ സംസ്ഥാനത്തെ ജനങ്ങളുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ഞങ്ങളുടെ ലക്ഷ്യം അമല്‍രാജ് വ്യക്തമാക്കി. കോയന്പത്തൂരിലേതിനു സമാനമായ രീതിയില്‍ ചെന്നൈ, വെല്ലൂര്‍, ഈറോഡ് എന്നിവിടങ്ങളിലും യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് അമല്‍രാജ് പറഞ്ഞു. 

എന്‍ ദേശം എന്‍ ഉറിമൈ കച്ചിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടായേക്കും. പാര്‍ട്ടി ഭാരവാഹികളെയും പ്രഖ്യാപിക്കും. ഏപ്രില്‍ 12ന് നടക്കുന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറായി ചിര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും അമല്‍രാജ് കൂട്ടിച്ചേര്‍ത്തു. 

ജെല്ലിക്കെട്ട് നിരോധിച്ച നടപടിക്കെതിരേ തമിഴ്‌നാട്ടില്‍ യുവാക്കള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് സുപ്രീം കോടതി വിധിയെ മറികടന്ന സര്‍ക്കാരിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ടി വന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക