Image

മിഷേലിന്‍റെ മരണം: ഗോശ്രീ പാലത്തിലേക്ക്‌ നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു

Published on 15 March, 2017
മിഷേലിന്‍റെ മരണം: ഗോശ്രീ പാലത്തിലേക്ക്‌ നടന്നുപോകുന്ന ദൃശ്യങ്ങള്‍  ലഭിച്ചു
കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്‌ പോലീസിന്‌ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.

 സിസിടിവി ദൃശ്യങ്ങളാണ്‌ അന്വേഷണസംഘത്തിനു ലഭിച്ചത്‌. ഇതോടെ മിഷേലിന്റെ മരണത്തക്കുറിച്ചു കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി വരികയാണ്‌.

 കലൂരിലെ പള്ളിയില്‍ നിന്ന്‌ ഇറങ്ങിയ മിഷേല്‍ ഗോശ്രീ പാലത്തിലേക്ക്‌ നടന്നു പോവുന്നതായാണ്‌ ദൃശ്യങ്ങളില്‍ കാണുന്നത്‌. ഇതോടെ മിഷേലിന്റേത്‌ ആത്മഹത്യയാണെന്ന പോലീസിന്റെ ആദ്യ നിഗമനം ശരിയാണെന്നതിന്റെ സൂചനകളാണ്‌ ലഭിക്കുന്നത്‌.

വൈകീട്ട്‌ ഏഴു മണിയോടെ പള്ളിയില്‍ നിന്ന്‌ പുറത്തിറങ്ങിയ മിഷേല്‍ ഒറ്റയ്‌ക്കാണ്‌ പാലത്തിലേക്ക്‌ പോവുന്നതെന്ന്‌ ദൃശ്യങ്ങളില്‍ നിന്ന്‌ വ്യക്തമാണ്‌. രാത്രിയായതിനാല്‍ ദൃശ്യങ്ങളില്‍ വ്യക്തത കുറവാണ്‌. 

രാത്രി ദൃശ്യങ്ങളില്‍ കാര്യങ്ങള്‍ അത്ര വ്യക്തമല്ലെങ്കിലും പെണ്‍കുട്ടി ധരിച്ചിരുന്ന വസ്‌ത്രത്തിന്റെ നിറവും പഴയ ദൃശ്യങ്ങളിലെ നടത്തത്തിന്റെ രീതിയും വച്ച്‌ അതു മിഷേല്‍ തന്നെയാണെന്ന്‌ പോലീസ്‌ ഉറപ്പിച്ചുകഴിഞ്ഞു. 

ഹൈക്കോടതി ജങ്‌ഷനു സമീപത്തുള്ള ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്‌ പോലീസിന്‌ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്‌. 

 നേരത്ത മിഷേലുമായി സാമ്യമുള്ള പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍ കണ്ടിരുന്നതായി ദൃക്‌സാക്ഷി പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ പെട്ടെന്ന്‌ മിഷേലിനെ കാണാതാവുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. 

മാര്‍ച്ച്‌ ആറിനാണ്‌ കൊച്ചിയിലെ കായലില്‍ മിഷേലിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. തലേദിവസം കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്നു പള്ളിയിലേക്കു പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. 

 മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ക്രോണിന്‍ അലക്‌സാണ്ടറെന്ന യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. താനും മിഷേലുമായി അടുപ്പത്തിലായിരുന്നുവെന്നും എന്നാല്‍ മരണത്തില്‍ പങ്കില്ലെന്നുമാണ്‌ ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്‌. 

 ക്രോണിനു പിറകെ തലശേരി സ്വദേശിയായ ഒരു യുവാവിനെയും പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ മിഷേലിനെ നിരന്തരം ഫോണില്‍ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്‌. 

 മിഷേലിന്റെ ആത്മഹത്യ തന്നെയാണെന്നതിന്‌ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെങ്കിലും മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ്‌ പിതാവ്‌ ഷാജി. 

മരണത്തിനു കാരണക്കാരായവരെ പുറത്തുകൊണ്ടു വരണമെന്നാവശ്യപ്പെട്ട്‌ ഷാജി മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും ചെയ്‌തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക