Image

'മോഡിയുടെത്‌ ഗംഭീരവിജയം': വാള്‍ സ്‌ട്രീറ്റ്‌ ജേണല്‍

Published on 15 March, 2017
'മോഡിയുടെത്‌  ഗംഭീരവിജയം': വാള്‍ സ്‌ട്രീറ്റ്‌ ജേണല്‍


ഉത്തര്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ജയം ഒരു രാഷ്ട്രീയ ഭൂചലനമാണെന്ന്‌ വാള്‍സ്‌ട്രീറ്റ്‌ ജേണല്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വരാന്‍ തെരഞ്ഞെടുപ്പ്‌ വിജയം നരേന്ദ്ര മോഡിയ്‌ക്ക്‌ കരുത്തേകുമെന്നും അമേരിക്കന്‍ ദിനപത്രം വിലയിരുത്തുന്നു.

'മോഡിയുടെ അപ്രതീക്ഷിതമായ ഗംഭീരവിജയം' എന്ന തലക്കെട്ടോടെയുള്ള എഡിറ്റോറിയലിലാണ്‌ പരാമര്‍ശങ്ങള്‍.
തെരഞ്ഞെടുപ്പ്‌ പ്രചരണങ്ങളില്‍ സാമ്പത്തിക പരിഷ്‌കരണങ്ങളെ കുറിച്ച്‌ മോഡി വളരെ കുറച്ചുമാത്രമേ സംസാരിച്ചിരുന്നുള്ളൂ. 

പകരം വികസനത്തില്‍ ഊന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. നോട്ടുനിരോധനത്തിന്‌ ശേഷമുള്ള സംഭവവികാസങ്ങള്‍ ദരിദ്ര ജനവിഭാഗത്തെയാണ്‌ ഏറ്റവും കൂടുതല്‍ ബാധിച്ചത്‌. സമ്പദ്‌ വ്യവസ്ഥയെ അത്‌ മന്ദഗതിയിലാക്കി. 

പക്ഷെ അഴിമതിയും കുറ്റകൃത്യങ്ങളും നികുതി വെട്ടിപ്പും തടയാന്‍ അത്തരമൊരു നടപടി അനിവാര്യമാണെന്നാണ്‌ വോട്ടര്‍മാര്‍ നോക്കി കണ്ടത്‌. മുഖ്യ എതിരാളി സമാജ്‌ വാദി പാര്‍ട്ടിയുടെ ജാതി രാഷ്ട്രീയത്തെ തള്ളി പാന്‍-ഹിന്ദു ഐക്യമായിരുന്നു വോട്ടു തേടാനുള്ള ബിജെപിയുടെ തുരുപ്പ്‌ ചീട്ടെന്നും പത്രം പറയുന്നു.

തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തില്‍ രാഹുലിനെ കുറ്റപ്പെടുത്തിയും എഡിറ്റോറിയയില്‍ പരാമര്‍ശമുണ്ട്‌. തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവില്ലായ്‌മയും വ്യക്തിപ്രഭാവത്തിന്റെ അഭാവവും കോണ്‍ഗ്രസ്സിനെ നായകനില്ലാ പാര്‍ട്ടിയാക്കി. ബിജെപി-അകാലിദള്‍ സര്‍ക്കാരിനെതിരായ ജനവികാരമാണ്‌ പഞ്ചാബില്‍ കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ എത്തിച്ചത്‌.


ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന ദിശാമാറ്റമാണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലത്തില്‍ പ്രതിഫലിച്ചത്‌. പുതിയ ഇന്ത്യയെന്ന കാഴ്‌ച്ചപ്പാടാണ്‌ മോഡി മുന്നോട്ടുവെക്കുന്നത്‌. 
 വാള്‍സ്‌ട്രീറ്റ്‌ ജേണല്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക