Image

എല്‍ കെ അദ്വാനി രാഷ്ട്രപതിയാകും

Published on 15 March, 2017
എല്‍ കെ അദ്വാനി രാഷ്ട്രപതിയാകും
 ദില്ലി: ബിജെപിയുടെ തലമുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍കെ അദ്വാനി ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്‌ എല്‍ കെ അദ്വാനിയുടെ പേര്‌ രാഷ്ട്രപതി സ്ഥാനത്തേക്ക്‌ നിര്‍ദേശിച്ചത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. 

ഉത്തര്‍പ്രദേശ്‌ അടക്കമുള്ള തിരഞ്ഞെടുപ്പുകളിലെ നിര്‍ണായക വിജയത്തെ തുടര്‍ന്ന്‌ തന്നെ അദ്വാനി രാഷ്ട്രപതി ആയേക്കുമെന്ന്‌ അഭ്യൂഹങ്ങളുണ്ടായിരുന്നു. 

 ഗുജറാത്തിലെ സോംനാഥില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ വെച്ച്‌ നരേന്ദ്ര മോദി തന്നെ അദ്വാനിയുടെ പേര്‌ നിര്‍ദേശിച്ചുവെന്നാണ്‌ വിവരം. രാഷ്ട്രപതി പദവി അദ്വാനിക്കുള്ള തന്റെ ഗുരുദക്ഷിണയാണെന്ന്‌ മോദി പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്‌. 


 അമിത്‌ ഷാ, കേശുഭായി പട്ടേല്‍, എല്‍ കെ അദ്വാനി എന്നിവരടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു. മോദിയുടെ നിര്‍ദേശത്തെ അമിത്‌ ഷാ പിന്തുണച്ചു. വരുന്ന ജൂലൈയിലാണ്‌ പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 

 ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമടക്കം മിന്നുന്ന വിജയം സ്വന്തമാക്കിയതോടെയാണ്‌ മോദിക്ക്‌ സ്വന്തം പാര്‍ട്ടിയില്‍ നിന്നും പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്‌. മോദിയുടെ രാഷ്ട്രീയ ഗുരു കൂടിയാണ്‌ അദ്വാനി.

 2014ല്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്‌ മുതല്‍ അദ്വാനി പാര്‍ട്ടി നേതൃത്വവുമായി അത്ര സുഖത്തിലല്ല. പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ട്‌ നടന്ന അദ്വാനിയെ തഴഞ്ഞ്‌ മോദിയെ ആ കസേരയിലിരുത്തി എന്നത്‌ തന്നെയാണ്‌ കാരണം. 

മോദി-അമിത്‌ ഷാ ഭരണം തുടങ്ങിയ ശേഷം ബിജെപിയ്‌ക്കകത്തും ദേശീയ രാഷ്ട്രീയത്തിലും അദ്വാനി അപ്രസക്തനായി മാറി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക