Image

അമേരിക്കന്‍ എയര്‍ലൈന്‍സ് ട്രാന്‍സ്‌കോണ്‍ടിനെന്റല്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 15 March, 2017
അമേരിക്കന്‍ എയര്‍ലൈന്‍സ് ട്രാന്‍സ്‌കോണ്‍ടിനെന്റല്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കും (ഏബ്രഹാം തോമസ്)
ന്യൂയോര്‍ക്ക്: അമേരിക്കന്‍ എയര്‍ ലൈന്‍സ് അവരുടെ ട്രാന്‍സ്‌കോണ്ടിനെന്റല്‍(ദീര്‍ഘദൂര ആഭ്യന്തര സര്‍വീസ്) റൂട്ടിലെ കോച്ച്(എക്കോണമി) ക്ലാസ് യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കും എന്ന് അറിയിച്ചു. വര്‍ഷങ്ങളായി നിര്‍ത്തിവച്ചിരുന്ന സൗജന്യഭക്ഷണസേവനം അമേരിക്കന്‍ പുനരാരംഭിക്കുകയാണ്. കഴിഞ്ഞ മാസം ഡെല്‍റ്റ  എയര്‍ലൈന്‍സ് ദീര്‍ഘദൂര ആഭ്യന്തര യാത്രകള്‍ക്ക് എക്കോണമീ ക്ലാസുകാര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡെല്‍റ്റയോട് മത്സരിക്കുകയാണ് ഉദ്ദേശമെങ്കിലും യാത്രക്കാര്‍ക്ക് ഇത് ഒരു വലിയ സേവനമായിരിക്കും. ധൃതിപിടിച്ച് എയര്‍പോര്‍ട്ടിലെത്തി വിമാനത്തില്‍ കയറുവാന്‍ ബദ്ധപ്പെടുമ്പോള്‍ പുറത്തെ ഭക്ഷണശാലകളില്‍ നിന്ന് ഭക്ഷണം വാങ്ങുവാന്‍ യാത്രക്കാര്‍ക്ക് പലപ്പോഴും സാവകാശം ലഭിക്കുകയില്ല. വിശന്നുവലഞ്ഞ് ആറോ അതിലധികമോ മണിക്കൂറുകള്‍ വിമാനത്തിനുള്ളില്‍ ചെലവഴിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

ന്യൂയോര്‍ക്കിനും ലോസ് ആഞ്ചലസിനും ന്യൂയോര്‍ക്കിനും സാന്‍ഫ്രാന്‍സിസ്‌ക്കോയ്ക്കും ഇടയിലുള്ള ഫ്‌ളൈറ്റുകളിലാണ് കോച്ച് യാത്രക്കാര്‍ക്ക് സൗജന്യഭക്ഷണം ലഭിക്കുക. ഈ യാത്രകള്‍ ആറോ അതിലധികമോ ദൈര്‍ഘ്യം ഉള്ളവയാണ്. യാത്ര ആരംഭിക്കുന്ന സമയം അനുസരിച്ച് കോണ്ടിനെന്റല്‍ ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കില്‍ സാന്‍ഡ് വിച്ചും ചിപ്‌സും ഒരു ഡെസ്സേര്‍ട്ടും ആയിരിക്കും നല്‍കുക. യാത്രക്കാര്‍ക്ക് വെജിറ്റേറിയനോ നോണ്‍ വെജിറ്റേറിയനോ തിരഞ്ഞെടുക്കാം. മെയ് ഒന്നു മുതലാണ് ഈ സേവനം ഉണ്ടാവുക.

ഞങ്ങളുടെ ഏറ്റവും വിലപ്പെട്ട ചില ഉപഭോക്താക്കള്‍ ട്രാന്‍സ് കോണ്ടിനെന്റല്‍ റൂട്ടുകളില്‍ യാത്ര ചെയ്യുന്നു. അവര്‍ പ്ലെയിനിനുള്ളില്‍ ഉന്നത നിലവാരമുള്ള സേവനം നല്‍കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഉപചാരമായി ഭക്ഷണം നല്‍കുന്നത് ഏറെ മത്സരമുള്ള ഈ രംഗത്ത് ഞങ്ങളുടെ സേവനം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ്, അമേരിക്കന്റെ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ഫെര്‍നാന്റ് ഫെര്‍ണാണ്ടസ് പറഞ്ഞു.

അമേരിക്കന്റെ എയര്‍ബസ് 321 ടി എയര്‍ക്രാഫ്റ്റുകളിലാണ് ഭക്ഷണം നല്‍കുക. എയര്‍ലൈന്‍സിന് ഇത്തരം 17 വിമാനങ്ങളുണ്ട്. ഓരോ വിമാനത്തിലും 10 ഫസ്റ്റ് ക്ലാസ്, 20 ബിസിനസ് ക്ലാസ്, 72 കോച്ച് ക്ലാസ് എന്നിങ്ങനെയാണ് സീറ്റുകള്‍. ഫസ്റ്റ്ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് സാധാരണയായി സൗജന്യ ഭക്ഷണം ലഭിക്കാറുണ്ട്. ഇവ മെച്ചപ്പെട്ട നിലവാരത്തില്‍ ഉള്ളതുമാണ്.

ഡെല്‍റ്റ സൗജന്യഭക്ഷണം കൊണ്ടുവരുന്നത് ആഭ്യന്തര റൂട്ടുകളിലാണ്. ഇവയില്‍ സീയാറ്റില്‍, ബോസ്റ്റണ്‍, വാഷിംഗ്ടണ്‍ ഡി.സി എന്നിവ ഉള്‍പ്പെടുന്നു. മറ്റ് നഗരങ്ങളിലേയ്ക്കുള്ള ഫ്‌ളൈറ്റുകളില്‍ ഭക്ഷണം നല്‍കുന്നതിനെകുറിച്ച് അമേരിക്കന്‍ ഇപ്പോഴും മൗനം പാലിക്കുന്നു. സമീപ ഭാവിയില്‍ ഇത് ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് വിമാനവ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അമേരിക്കന്‍ എയര്‍ലൈന്‍സ് ട്രാന്‍സ്‌കോണ്‍ടിനെന്റല്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കും (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക