Image

പഞ്ചാബില്‍ മുഖ്യമന്ത്രിയായി ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങ്‌ സത്യപ്രതിജ്ഞ ചെയ്‌തു; നവജ്യോത്‌ സിങ്‌ സിദ്ദു ക്യാബിനറ്റില്‍

Published on 16 March, 2017
പഞ്ചാബില്‍ മുഖ്യമന്ത്രിയായി ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങ്‌ സത്യപ്രതിജ്ഞ ചെയ്‌തു; നവജ്യോത്‌ സിങ്‌  സിദ്ദു ക്യാബിനറ്റില്‍


ചണ്ഡീഗഡ്‌: പഞ്ചാബില്‍ ഇന്ന്‌ ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തി. പഞ്ചാബ്‌ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയായ അമരീന്ദര്‍ സിങ്‌ പഞ്ചാബിന്റെ 26ാം മുഖ്യമന്ത്രിയായാണ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌. 

രണ്ടാം തവണയാണ്‌ അമരീന്ദര്‍ സിങ്‌ മുഖ്യമന്ത്രിയാകുന്നത്‌. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന മുന്‍ ബിജെപി എംപിയും ക്രിക്കറ്റ്‌ താരവുമായ നവജ്യോത്‌ സിങ്‌ സിദ്ദു ഉപമുഖ്യമന്ത്രിയാകില്ല. അമരീന്ദര്‍ മന്ത്രിസഭയില്‍ സിദ്ദു അംഗമാണ്‌. 

 രാജ്‌ ഭവന്‌ സമര്‍പ്പിച്ചിരിക്കുന്ന ക്യാബിനറ്റ്‌ ലിസ്റ്റില്‍ സിദ്ദു രണ്ടാമനല്ല എന്നത്‌ നേരത്തെ തന്നെ ഉപമുഖ്യമന്ത്രി സ്ഥാനത്തില്‍ സംശയത്തിന്‌ ഇടനല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ബ്രഹ്മ്‌ മൊഹീന്ദ്രക്കും പിന്നിലാണ്‌ സിദ്ദുവിന്റെ സ്ഥാനം.

സിദ്ദു അടക്കം 9 ക്യാബിനറ്റ്‌ മന്ത്രിമാരാണ്‌ അമരീന്ദറിനൊപ്പം സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത്‌. പഞ്ചാബ്‌ ഗവര്‍ണര്‍ വി പി സിങ്‌ ബാദ്‌നോര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും അടക്കം പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കള്‍ ചണ്ഡീഗഡ്‌ രാജ്‌ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

ശിരോമണി അകാലിദള്‍ ബിജെപി സര്‍ക്കാരില്‍ അംഗമായിരുന്ന പര്‍കാശ്‌ സിങ്‌ ബാദലിന്റെ ബന്ധു മന്‍പ്രീത്‌ സിങ്‌ ബാദല്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ ഭാഗമാകുന്നുവെന്നതും പ്രത്യേകതയാണ്‌. ബാദല്‍ കുടുംബത്തിലെ അംഗമായ മന്‍പ്രീതിനെ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ സ്വന്തം പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞതും ക്യാപ്‌റ്റന്‍ അമരീന്തര്‍ സിങിന്റെ രാഷ്ട്രീയ വിജയമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക