Image

പിറവത്ത് മന്ത്രിമാര്‍ ചട്ടലംഘനം നടത്തുന്നു: എല്‍.ഡി.എഫ്.

Published on 24 February, 2012
പിറവത്ത് മന്ത്രിമാര്‍ ചട്ടലംഘനം നടത്തുന്നു: എല്‍.ഡി.എഫ്.
പിറവം: പിറവത്ത് യു.ഡി.എഫ്. മന്ത്രിമാര്‍ പരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആരോപിച്ചു. അനൂപ് ജേക്കബ് ജയിച്ചാല്‍ മന്ത്രിയാക്കി ടി. എം. ജേക്കബിന്റെ വകുപ്പു തന്നെ നല്‍കുമെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന ചട്ടലംഘനമാണോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കേണ്ടതാണെന്നും അവര്‍ അന്വേഷിച്ച് ഉചിതമായ നടപടി കൈക്കൊള്ളുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും വി.എസ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിറവത്ത് സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരുടെ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി യു.ഡി.എഫിനെതിരെ ആഞ്ഞടിച്ചത്. പിറവത്ത് യു.ഡി. എഫ്. വോട്ടര്‍പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടത്തുകയാണെന്നും പിണറായി ആരോപിച്ചു.


അനൂപ് ജേക്കബിനെക്കുറിച്ചുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന തിരഞ്ഞെടുപ്പ്ചട്ടത്തിന്റെ ലംഘനം തന്നെയാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. തനിക്കുവേണ്ടിയാണോ ആര്യാടന്‍ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത് എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം-പിണറായി പറഞ്ഞു.


പിറവത്ത് യു.ഡി.എഫ് അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നത്. മണ്ഡലത്തില്‍ യു.ഡി.എഫ് അനധികൃതമായി വോട്ടര്‍മാരെ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. യു.ഡി.എഫ് കേന്ദ്രങ്ങളില്‍ നിന്നു നല്‍കുന്ന ലിസ്റ്റ് അനുസരിച്ചാണ് വോട്ടര്‍മാരെ ചേര്‍ത്തുകൊണ്ടിരിക്കുന്നത്. നിരവധി അനര്‍ഹര്‍ വോട്ടര്‍പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ട്.


പിറവത്ത് വോട്ടര്‍മാര്‍ എല്‍.ഡി.എഫിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. അതുകൊണ്ടു തന്നെ സി.ബി.ഐ. അന്വേഷണത്തെയോ ശരിദൂരത്തെയോ കുറിച്ച് ഭയമില്ല. എല്ലാ സമുദായസംഘടനകളിലും യു.ഡി.എഫ് അനുകൂലികളുണ്ട്. അവര്‍ പറയുന്നത് കേട്ട് സമുദായാംഗങ്ങള്‍ മുഴുവന്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് എല്‍.ഡി. എഫിന് ആശങ്കയില്ല.


എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ഇ.പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക