Image

സുപ്രീം കോടതി ജഡ്ജിമാര്‍ 14 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റീസ് കര്‍ണന്‍

Published on 16 March, 2017
സുപ്രീം കോടതി ജഡ്ജിമാര്‍ 14 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റീസ് കര്‍ണന്‍

  ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ തനിക്കെതിരേ നടപടിയെടുത്ത സുപ്രീം കോടതി ജഡ്ജിമാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി ജസ്റ്റീസ് സി. കര്‍ണന്‍. തനിക്കെതിരായ കേസ് പരിഗണിച്ച ഏഴംഗ സുപ്രീം കോടതി ബെഞ്ച് 14 കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് കര്‍ണന്‍ ആവശ്യപ്പെടുന്നത്. നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം ഒരാഴ്ചയ്ക്കകം നല്‍കിയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്നും കര്‍ണന്‍ മുന്നറിയിപ്പു നല്‍കുന്നു.

നേരത്തെ, കോടതിയലക്ഷ്യക്കേസില്‍ നിയമ നടപടി നേരിടുന്ന ജസ്റ്റീസ് കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന നിര്‍ദേശം ജസ്റ്റീസ് കര്‍ണന്‍ തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് നിലവിലുള്ള ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

സുപ്രീം കോടതിയിലെയും മദ്രാസ് ഹൈക്കോടതിയിലെയും 20 ജഡ്ജിമാര്‍ക്കുമെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത് കോടതിയലക്ഷ്യമായി കണക്കാക്കി ജസ്റ്റീസ് കര്‍ണനെതിരേ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസാണ് ഏഴംഗ ബെഞ്ച് പരിഗണിക്കുന്നത്. കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഭര്‍ത്താവിനെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ ഭാര്യയും ജസ്റ്റീസ് കര്‍ണനെതിരെ സുപ്രീംകോടതിയില്‍ പരാതി നല്‍കിയിരുന്നു. 

പക്ഷേ, തനിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സുപ്രീം കോടതി നടപടി തള്ളി ജസ്റ്റീസ് കര്‍ണന്‍ തള്ളിയിരുന്നു. തനിക്കെതിരായി വിധി പുറപ്പെടുവിച്ച ഏഴ് സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജസ്റ്റീസ് കര്‍ണന്‍ സിബിഐ ഡയറക്ടര്‍ക്ക് കത്തയയ്ക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കര്‍ണന്റെ ഉത്തരവ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക