Image

സുധീരന്‍ തിരിഞ്ഞു നടക്കുന്നു, പിന്‍വിളിയില്ലാതെ...(അനില്‍ പെണ്ണുക്കര)

Published on 16 March, 2017
സുധീരന്‍ തിരിഞ്ഞു നടക്കുന്നു, പിന്‍വിളിയില്ലാതെ...(അനില്‍ പെണ്ണുക്കര)
മന്ത്രി എ. കെ. ബാലന്‍ നടിയുടെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട വാര്‍ത്തസമ്മേളനത്തില്‍ ഉടുമ്പിനെ എങ്ങനെയാണ് പുകച്ചു പുറത്തുചാടിക്കുന്നത് എങ്ങനെയാണോ അതുപോലെ കുറ്റവാളികളേയും പുറത്തുകൊണ്ടുവരുമെന്ന് പറയുകയുണ്ടായി. എന്നാല്‍ ആ ഉദാഹരണത്തിനു പഴക്കമുണ്ടെന്നു തോന്നുവര്‍ക്ക് പുതിയ ഒരു ഉദാഹരണം തരാം.

'സുധീരനെപുകച്ചുപുറത്തുചാടിച്ചതെങ്ങനെയോ അതുപോലെ' എന്ന് ഉപയോഗിക്കാം. സുധീരന്‍ സുധീരം രാജിവച്ചു എന്നൊക്കെ പറയുന്നുണ്ടെങ്കില്‍ പിന്നാമ്പുറങ്ങളില്‍ പറയുന്നകഥകള്‍ പലതുണ്ട്. അതിലൊന്നാണ് ഈ പുകച്ചുചാടിക്കല്‍. പുകച്ചത് മറ്റാരുമല്ല ഉമ്മന്‍ചാണ്ടി... കരുണാകരനെ ചാരപ്പട്ടത്തേല്‍ കയറ്റി ശൂന്യാകാശത്തിലേക്കുവിട്ട സൗരോര്‍ജ്ജന്‍. ഇല്ലാത്ത ചാരകഥ എന്ന പട്ടത്തില്‍ കരുണാകരന്‍ വഴിയാധാരമായപ്പോള്‍ ചിരിച്ച ഉമ്മനു സരിത എന്ന കല്ലില്‍ കാലിടറി .

പാടത്തെ പണിക്ക് വരമ്പത്ത് കൂലിയെത്താന്‍ അല്പം വൈകിയെന്നുമാത്രം. സുധീരന്‍ ചെന്നിത്തലയെപോലെ ഒരു പടുമരമായിരുന്നില്ല. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായി ചെന്നിത്തല ഇരുന്നപ്പോള്‍ ചാണ്ടി ശക്തനായിരുന്നു. ചെന്നിത്തലയ്ക്കു ചാണ്ടിയുടെ കൂടെ മന്ത്രിസഭയിലും അതുവഴി ഇപ്പോള്‍ എത്തിരിക്കുന്ന സ്ഥാനത്തും എത്തണമായിരുന്നു, സുധീരനു അങ്ങനെ ഒരു ആശയുമില്ല. അദ്ദേഹം വന്നതോടെ സരിത, ബാര്‍ തുടങ്ങിയ വലക്കണ്ണികളില്‍ കുടുങ്ങികിടന്ന ചാണ്ടിക്കു രക്ഷപ്പെടാനും വയ്യാതായി. സുധീരന്‍ അക്കാര്യങ്ങളില്‍ കൈകൊണ്ട നടപടികള്‍ ചാണ്ടിക്കു വിനയായി.

ചാണ്ടിസാറിനെ ഒരു രാജിയിലൂടെ പുറത്തുപോയി ഏറ്റപരിക്കിന്റെ വടുക്കളും തിരുമ്മി ഇരിക്കാന്‍ ഇടയാക്കാതിരുന്നത് രമേശ് അദ്ധ്യക്ഷനായിരുന്നതുകൊണ്ടാണ്. പക്ഷേ ആ കാലം സുധീരന്റെ വരവോടെ ചാണ്ടിക്ക് ഇല്ലാതായി. ചാണ്ടിയിലെ പക ഫണം വിടര്‍ത്തുകയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മറ്റും സുധീരന്റെ ധൈര്യം ഉമ്മന്‍സാറിനെ ഏറെയല്ല നോവിച്ചത്. നോവെന്നുമാത്രമല്ല അതെല്ലാം സ്ഥാനത്തേറ്റ അടിയായി. അന്നുമുതല്‍ ഉമ്മന്‍ചാണ്ടിയെന്ന പക സുധീരനെതിരെ നിഴല്‍ക്കുത്തു നടത്തുകയായിരുന്നു. ഒടുവില്‍ ആ നിഴല്‍ക്കുത്തില്‍ സുധീരന്‍ വീണു.

അപ്രതീക്ഷിതമല്ല സുധീരന്റെ രാജി. അത് മുന്‍കൂര്‍ തയ്യാറാക്കിയ ഒരു പദ്ധതിയുടെ ഭാഗമാണെന്നു പറയുന്നു. കോണ്‍ഗ്രസില്‍ ക്രിസ്ത്യന്‍ സഭകള്‍ക്കുള്ള നിയന്ത്രണവും വോട്ടുബാങ്കും സുധീരനെതിരെ തിരിഞ്ഞിരുന്നു. കേരളത്തില്‍ ഒരു വിഭാഗത്തിന്റേയും ഇടയില്‍ ശക്തമായ അടിത്തറയില്ലാത്ത കോണ്‍ഗ്രസ്സിനും അതിന്റെ കേന്ദ്രനേതൃത്വത്തിനും ക്രിസ്ത്യന്‍സഭകളുടെ അസ്വാരസ്യം കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല., സുധീരന്റെ ആദര്‍ശരാഷ്ട്രീയം ഉമ്മന്‍ചാണ്ടിയുടെ സ്വജാതിതാല്പര്യത്തിന്റെ മുമ്പില്‍ പിടിച്ചുനല്ക്കുകയില്ല. ബാറുകാരും മാണിക്കാരും സുധീരനില്‍നിന്നും പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ചാണ്ടിയില്‍നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇതെല്ലാം കാണുന്ന കേന്ദ്രനേതൃത്വം ഉമ്മനൊപ്പമാണ് മനസ്സുകൊണ്ട്. ഉമ്മന്റെ സമ്മര്‍ദ്ദവും സഭകളുടെ താല്പര്യവും സുധീരനെ പുകയ്ക്കുന്നതിനുള്ള മരുന്നൊരുക്കി വച്ചിരുന്നു. ഇങ്ങനെ സ്വച്ഛമായിരിക്കുന്ന ഒരുവേളയില്‍, ഹൈക്കമാന്‍ഡ് ഇടപെട്ട് മാറ്റുന്നതിനു മുമ്പ് സ്വയം, രക്തസാക്ഷിയായി ഒഴിഞ്ഞുപോകണമെന്ന് കേന്ദ്രം സുധീരനുമായി ഒരു ധാരണ ഉണ്ടാക്കിയിരുന്നു. അതാണല്ലോ സുധീരനെ രാജിയില്‍നിന്നും പിന്‍തിരിപ്പിക്കാന്‍ ഹൈക്കമാന്‍ണ്ടിന്റെ പക്ഷത്തുനിന്നും ഒരു അനക്കവും ഉണ്ടാകാതിരുന്നത്.

കേന്ദ്രനേതൃത്വം ഇടപെട്ട് സുധീരനെ മാറ്റിയാല്‍ പാര്‍ട്ടിക്കുണ്ടാകാവുന്ന ആഘാതം വലുതായിരുന്നു. ഇതിനിപ്പോള്‍ സുധീരനെകൊണ്ടു വടിയെടുപ്പിച്ച് അടികൊടുത്തു വിട്ടിരിക്കുകയാണ്. അടികൊള്ളുവാന്‍ വിധിക്കപ്പെട്ടവനു തിരുമാനിക്കാം ഏതുതരം വടിവേണമെന്ന്. സുധീരനെ മാറ്റുകയോ മാറ്റാതിരിക്കുകയോ രണ്ടും കോണ്‍ഗ്രസ് ഹൈക്കമാന്‍ണ്ടിന്റെ മുമ്പില്‍ വലിയപ്രശ്‌നമായിരുന്നു. പണ്ടു തവളകള്‍ക്കു രാജാവിനെ വേണമെന്നു പറഞ്ഞപ്പോള്‍ ദൈവം നല്കിയതുപോലെ ഒരു പ്രതികരണശേഷിയുമില്ലാത്ത തടികഷ്ണമാണ് ഉമ്മന്‍ കൊതിച്ചത്. എന്നാല്‍ കിട്ടിയത് നീര്‍ക്കോലിയെ. നീര്‍ക്കോലി തവളകള്‍ക്കു ശത്രുവാണെന്നു അറിഞ്ഞപ്പോള്‍ തവളകള്‍ ദൈവത്തെ സമീപിച്ച് വീണ്ടും ഒരു തടികഷ്ണത്തെ രാജാവായി തരണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
മാണിക്കു വിനയായത് ചില പെയ്ഡഡു പുകഴ്ത്തലുകളാണ്. ജൂബിലികള്‍ ആഘോഷിക്കുന്നതിനിടയ്ക്ക് ആരോ തൊടുത്തു കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ മാണിസാറാണെന്ന്. ചുമ്മാതിരിന്നടത്ത് തേച്ചു ചുണ്ണാമ്പുപോലെയായി അത്. മാണിസാറിനും നീറി, ഉമ്മന്‍സാറിനും ചെന്നിത്തലസാറിനും അത് ഒരുപോലെ നീറി. ചാണ്ടിസാറിനത് സുഖമുള്ള നീറ്റലായിരുന്നു. മന്ത്രിസഭയെ താഴെ കളയാന്‍ ആഗ്രിഹിച്ച് മാണിയെ കണ്ടുകൊതിച്ചിരുന്ന സഖാക്കന്മാര്‍ ആ ആശ മാണിയില്‍ ആളിക്കത്തിച്ചു. അപ്പോഴാണ് ചെന്നിത്തലയുടെ തലചൂടായത്. ഉമ്മനുശേഷം മുഖ്യമന്ത്രിയാകാന്‍ ആശിച്ചുനടക്കുന്ന രമേശിനു ബാര്‍ കൈയില്‍കിട്ടി. ബാര്‍ വളര്‍ന്നു ബാര്‍ക്കോഴയായി. മാണിക്കെതിരെ അന്വേഷണവുമായി. ബിജുവും രമേശനും ചേര്‍ന്ന് ബിജൂരമേശായി. മാണിയുടെ രാജിയിലും ചെന്നു. അതോടെമാണിയുടെ മുഖ്യമന്ത്രി പരിവേഷം അഴിഞ്ഞുവീണു. ഇടതന്മാര്‍ക്കു കള്ളനെ കൊള്ളാനോ തള്ളാനോ വയ്യാതെ വന്നു.
തിരഞ്ഞെടുപ്പുനടന്നു. ഉമ്മന്‍ നിരാശനായി. ഉമ്മന്റെ നിരാശയ്ക്കു നിറപകര്‍ന്നു സുധീരന്‍ ചിരിച്ചു. ബാര്‍ വിഷയത്തില്‍ സുധീരനെ വെട്ടാന്‍ സമ്പൂര്‍ണ്ണമദ്യനിരോധനവും ബാര്‍നിരോധനവുമായി ഉമ്മന്‍ കളിച്ചകളിയൊക്കെ ജനം തിരിച്ചറിഞ്ഞു തോല്പിച്ചു. രമേശിനുവേണ്ടി ഉമ്മനു പ്രതിപക്ഷ നേതൃത്വം വിട്ടുകളയേണ്ടിവന്നു. ആ ഒരു അവസ്ഥയ്ക്കു കാരണമായത് സുധീരനും രമേശുമായിരുന്നു.

എന്നാല്‍ രമേശിനെ സുധീരനെപോലെ പുകയ്ക്കാന്‍ ആവില്ലെന്നു ഉമ്മനറിയാം. കാരണം രമേശ് മോഹമുള്ളവനാണ്. ഒരേ തൂവല്‍പക്ഷികള്‍. ഒരു തിരുടനറിയാം മറ്റേ തിരുടന്റെ അടവും വൈവഭവും. മാത്രമല്ല വളരെ മോഹമുള്ളവര്‍ രണ്ടുപേവരുടെയും കൂടെ വേറെയുമുണ്ട്. അവരെല്ലാം ഒന്നിച്ചാല്‍ തലനരച്ച ഉമ്മന്‍മോഹം സരിതശാപത്തിന് അടിപ്പെട്ടുപോകും. മാണിസാറും തന്റെ പോര് കാണിക്കാതിരുന്നില്ല. രമേശ് എന്ന പ്രതിപക്ഷനേതാവിന്റെകൂടെ ഇരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സഭയില്‍ പ്രത്യേകം ഇരിപ്പിടം നേടി. ഫലമോ ഇടതന്മാര്‍ ബാര്‍ക്കോപ്പയില്‍ വെള്ളംചേര്‍ത്തു നേര്‍പ്പിച്ചുകൊടുത്തു.

രമേശിനു ആഗ്രഹങ്ങളേറെയുള്ളതൂകൊണ്ട് എങ്ങനെയെങ്കിലും പര്‍ച്ചേസ് ചെയ്യാമെന്ന് ഉമ്മന്‍ അറിയാം. എന്നാല്‍ സുധീരനെ അങ്ങനെ പര്‍ച്ചേസ് ചെ.യ്യാന്‍ കിട്ടില്ല. അതിനുള്ള അടവുകളായി നിസ്സഹകരണവും നിരാഹാരവും. ഒപ്പം ലീഗും സഭയും... ഒടുവില്‍ ഇതാ സുധീരം വഴിക്കുവച്ച്
കുടമുടക്കുമ്പോള്‍ ആരുടെ കണ്ണുകള്‍ നിറയുന്നില്ല. പിന്‍വിളിയില്ല. പുകച്ചുപുറത്താക്കുന്നവനെ കാണാന്‍ അളയ്ക്കു പുറത്തു കാത്തുനില്ക്കുന്നവരുടെ കൗതുകം മാത്രം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക