Image

ബ്യുട്ടീഷനായി കൊണ്ടുവന്ന് വീട്ടുജോലിക്കാരിയാക്കി; നവയുഗത്തിന്റെ സഹായത്തോടെ പഞ്ചാബ് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.

Published on 16 March, 2017
ബ്യുട്ടീഷനായി കൊണ്ടുവന്ന് വീട്ടുജോലിക്കാരിയാക്കി; നവയുഗത്തിന്റെ സഹായത്തോടെ പഞ്ചാബ് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: ബ്യുട്ടീഷന്‍ ജോലിയ്‌ക്കെന്ന് പറഞ്ഞ് കൊണ്ടുവന്നിട്ട് വീട്ടുജോലിക്കാരിയാക്കി മാറ്റിയതിനാല്‍ കഷ്ടത്തിലായ  പഞ്ചാബ് സ്വദേശിനി, നവയുഗം  സാംസ്‌ക്കാരിക വേദിയുടെയും സുമനസ്സുകളുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

പഞ്ചാബ് ജലന്തര്‍ സ്വദേശിനിയായ രമണ്‍ദീപ് കൗര്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സൗദി അറേബ്യയില്‍  എത്തിയത്. നാട്ടില്‍ ബ്യുട്ടീഷനായി ജോലിപരിചയം  ഉണ്ടായിരുന്ന രമണ്‍ദീപിനെ, നല്ലൊരു തുക സര്‍വ്വീസ് ചാര്‍ജ്ജ് വാങ്ങി, ദമ്മാമിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ ജോലിയ്‌ക്കെന്ന് പറഞ്ഞാണ് ട്രാവല്‍ ഏജന്റ് കയറ്റി വിട്ടത്. എന്നാല്‍ ദമ്മാമില്‍ എത്തിയപ്പോള്‍ ഒരു സൗദി ഭവനത്തിലേക്കാണ് ജോലിയ്ക്ക് കൊണ്ടുപോയത്. താന്‍ ചതിയ്ക്കപ്പെട്ടുവെന്ന് അപ്പോള്‍ മാത്രമാണ് രമണ്‍ദീപിന് മനസ്സിലായത്.

 
രാപകലില്ലാതെ ആ വലിയ വീട്ടിലെ ജോലി മുഴുവന്‍ അവര്‍ ചെയ്യേണ്ടി വന്നു. വിശ്രമമില്ലാത്ത ജോലി കാരണം ആരോഗ്യം നശിച്ചപ്പോള്‍, പല ദിവസങ്ങളിലും അവര്‍ കിടപ്പിലായി. രണ്ടുമാസം ജോലി ചെയ്തിട്ടും  ശമ്പളമൊന്നും കൊടുത്തതുമില്ല.

ഒരു ദിവസം വയറുവേദന കലശലായി ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍, കഠിനമായ ദേഹദ്ധ്വാനം ചെയ്യാനുള്ള ആരോഗ്യം രമണ്‍ദീപിന് ഇല്ലെന്ന് ഡോക്റ്റര്‍ ആ വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് സ്‌പോണ്‍സര്‍ അവരെ ദമ്മാമിലെ വനിതഅഭയകേന്ദ്രത്തില്‍ കൊണ്ട് പോയി ഉപേക്ഷിച്ചു.

വനിതഅഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് രമണ്‍ദീപ് വിവരങ്ങളൊക്കെ പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു രമണ്‍ദീപിന്റെ സ്‌പോണ്‍സറെ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി. നഷ്ടപരിഹാരം ഒന്നും വാങ്ങാതെ, വിമാനടിക്കറ്റോ മറ്റു ആനുകൂല്യങ്ങളോ നല്‍കാതെ, ഫൈനല്‍ എക്‌സിറ്റ് അടിച്ച് പാസ്സ്‌പോര്‍ട്ട് നല്‍കാമെന്ന് സ്‌പോണ്‍സര്‍  ചര്‍ച്ചകള്‍ക്ക് ഒടുവില്‍ സമ്മതിച്ചു.

നവയുഗത്തിന്റെ ശ്രമഫലമായി, കോബാറില്‍  പ്രവാസിയായ ഡി.എസ്.മദന്‍ എന്ന പഞ്ചാബ് സ്വദേശി  രമണ്‍ദീപിന് വിമാനടിക്കറ്റ് നല്‍കാന്‍ സമ്മതിച്ചു.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രമണ്‍ദീപ് കൗര്‍ നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: രമണ്‍ദീപ് കൗര്‍ ഡി.എസ്.മദനും, ഭാര്യയ്ക്കുമൊപ്പം.

ബ്യുട്ടീഷനായി കൊണ്ടുവന്ന് വീട്ടുജോലിക്കാരിയാക്കി; നവയുഗത്തിന്റെ സഹായത്തോടെ പഞ്ചാബ് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക