Image

ഗോവയില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ്‌ യുവതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്‌ ലഭിച്ചു

Published on 17 March, 2017
ഗോവയില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ്‌ യുവതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്‌ ലഭിച്ചു


പനാജി : ഗോവയില്‍ വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടിഷ്‌ യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന്‌ ലഭിച്ചു. കൊല്ലപ്പെട്ട ഡാനിയേലെ മക്‌ളോഗ്‌ളി(28)യെ കൊലപാതകം നടത്തിയെന്ന്‌ കരുതുന്ന വികാസ്‌ ഭഗത്‌ (24) പിന്തുടരുന്ന ദൃശ്യങ്ങളാണ്‌ പൊലീസ്‌ കണ്ടെത്തിയത്‌. ഭഗത്‌നെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസിനെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ബ്രിട്ടിഷ്‌ യുവതികള്‍ക്കുനേരെ ഗോവയില്‍ നടന്ന രണ്ടാമത്തെ അതിക്രൂരമായ ആക്രമണം ബ്രിട്ടനില്‍ വലിയ നടുക്കമാണ്‌ ഉണ്ടാക്കിയത്‌. ഗോവയുടെ ടൂറിസം സാധ്യതകള്‍ക്കും സംഭവം വലിയ തിരിച്ചടിയാണ്‌.

ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കൂടിയാണ്‌ ഡാനിയേലെ മക്‌ളോഗ്‌ളി ഫെബ്രുവരി 23ന്‌ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലെത്തിയത്‌. ആഗോയിലും പാറ്റ്‌നെമിലും താമസിച്ചശേഷം പാലോലെമിലെ റിസോര്‍ട്ടിലെത്തി. ഇവിടെ സുഹൃത്തുക്കളോടും പ്രദേശവാസികളോടുമൊപ്പം ഹോളി ആഘോഷത്തില്‍ പങ്കെടുത്ത യുവതിയെ പിന്നീട്‌ കാണാതാവുകയായിരുന്നു.

 പിന്നീട്‌, തെക്കന്‍ ഗോവയിലെ കാങ്കോണയില്‍ ദേവ്‌ബാഗ്‌ ബീച്ചിനു സമീപമുള്ള വെള്ളക്കെട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.

അയര്‍ലന്‍ഡില്‍ ജനിച്ച്‌ ബ്രിട്ടനിലെ ലിവര്‍പൂളില്‍ താമസിക്കുന്ന ഡാനിയേലെയ്‌ക്ക്‌ അയര്‍ലന്‍ഡ്‌, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ ഇരട്ടപൌരത്വമുണ്ട്‌. ബ്രിട്ടിഷ്‌ പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ചായിരുന്നു യാത്ര ചെയ്‌തിരുന്നത്‌. 

 2008 ഫെബ്രുവരി 18ന്‌ അന്‍ജുന ബീച്ചില്‍ സമാനമായ സാഹചര്യത്തില്‍ ഷാര്‍ലെറ്റ്‌ കീലിംങ്‌ എന്ന പതിനഞ്ചുകാരിയായ ബാലികയെ മാനഭംഗപ്പെടുത്തി കൊലചെയ്‌തിരുന്നു. ഈ കേസില്‍ പ്രതികളായ യുവാക്കളെ തെളിവുകളുടെ അപര്യാപ്‌തതമൂലം ഗോവയിലെ കോടതി വെറുതെ വിട്ടിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക