Image

ഹോളിക്കിടെ സവര്‍ണ്ണന്റെ ശരീരത്തില്‍ ചായമെറിഞ്ഞ ദളിതനെ പൊലീസ്‌ തല്ലിക്കൊന്നു

Published on 17 March, 2017
 ഹോളിക്കിടെ സവര്‍ണ്ണന്റെ ശരീരത്തില്‍ ചായമെറിഞ്ഞ ദളിതനെ  പൊലീസ്‌ തല്ലിക്കൊന്നു

റാഞ്ചി: ഹോളി ആഘോഷത്തിനിടെ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ആളുടെ ശരീരത്തില്‍ ചായമെറിഞ്ഞതിന്‌ ദളിതനെ പൊലീസ്‌ തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ കൊദെര്‍മ ജില്ലയിലാണ്‌ സംഭവം. 52 വയസ്സുള്ള പ്രദീപ്‌ ചൗദരി എന്നയാളാണ്‌ ദാരുണമായി കൊല്ലപ്പെട്ടത്‌.

ഹോളി ആഘോഷത്തിനിടെ ചൗദരിയും മറ്റു ഗ്രാമീണരും രാജേന്ദ്ര യാദവ്‌ എന്നയാള്‍ക്ക്‌ നേരെ ചായമെറിഞ്ഞിരുന്നു. രാജേന്ദ്ര യാദവ്‌ നല്‍കിയ പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസ്‌ ചൗദരിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ബോധം മറയുന്നത്‌ വരെ പൊലീസുകാര്‍ ഭര്‍ത്താവിനെ തല്ലി. തുടര്‍ന്ന്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി.
താനും സഹോദരനും സത്‌ബാര പൊലീസ്‌ സ്റ്റേഷനിലേക്ക്‌ ചെന്നെങ്കിലും ഭര്‍ത്താവിനെ കാണാന്‍ പൊലീസ്‌ അനുവദിച്ചില്ല. ജാതി പറഞ്ഞ്‌ അധിക്ഷേപിക്കുകയും ചെയ്‌തുവെന്ന്‌  പ്രദീപ്‌ന്റെ വിധവ ജസ്വാ ദേവി ആരോപിച്ചു.

പിറ്റേദിവസം രാവിലെ പൊലീസ്‌ പ്രദീപിനെ വീട്ടില്‍ കൊണ്ടുവിട്ടു. ശരീരം മുഴുവന്‍ പരുക്കേറ്റ പ്രദീപിനെ ഉടന്‍ കൊദെര്‍മ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന്‌ റാഞ്ചിയിലെ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറ്‌ കുട്ടികളുടെ അച്ഛനാണ്‌ പ്രദീപ്‌. പ്രദീപിന്റെ മരണത്തില്‍ പ്രതിഷേധവുമായി ദളിത്‌ സമൂഹം തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ റോഡില്‍ ടയര്‍ കൂട്ടിയിട്ട്‌ കത്തിച്ചതോടെ പ്രദേശത്തെ ഗതാഗതം മുടങ്ങി.

ഹോളി ആഘോഷത്തിനിടെ അമ്പാലയിലെ പതേരി ഗ്രാമത്തിലും ദളിതര്‍ക്ക്‌ നേരെ ആക്രമണമുണ്ടായി. സവര്‍ണ്ണരുടെ ആക്രമണത്തില്‍ രണ്ട്‌ പേര്‍ക്ക്‌ പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ്‌ വിവരം. ഹോളിയെ സംബന്ധിച്ച്‌ പ്രസംഗിച്ചതിന്‌ അമ്പാലയിലെ ബൊഹ്‌ ഗ്രാമത്തില്‍ ദളിതനെ ഉയര്‍ന്ന ജാതിക്കാര്‍ തല്ലിചതച്ച സംഭവവും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക