Image

ദിവസം രണ്ടു ജിബി ഡാറ്റ ഫ്രീ'; ജിയോയ്‌ക്കെതിരെ ബിഎസ്‌എന്‍എല്‍ ന്റെ കിടിലന്‍ ഓഫര്‍

Published on 17 March, 2017
ദിവസം രണ്ടു ജിബി ഡാറ്റ ഫ്രീ'; ജിയോയ്‌ക്കെതിരെ  ബിഎസ്‌എന്‍എല്‍ ന്റെ കിടിലന്‍ ഓഫര്‍


ന്യൂഡല്‍ഹി: റിലയന്‍സ്‌ ജിയോ ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ കിടിലന്‍ ഓഫറുമായി ബിഎസ്‌എന്‍എല്‍ രംഗത്ത്‌. ദിവസം രണ്ടു ജിബി ത്രീജി ഡാറ്റ സൗജന്യമായി നല്‍കുന്നതാണ്‌ ബിഎസ്‌എന്‍എല്ലിന്റെ പുതിയ ഓഫര്‍. 

339 രൂപക്ക്‌ ബിഎസ്‌എന്‍എല്‍ റീചാര്‍ജ്‌ ചെയ്‌താല്‍ ദിവസവും രണ്ടു ജിബി സൗജന്യ ഡാറ്റക്കു പുറമെ ഏതു നെറ്റുവര്‍ക്കിലേക്കും ദിവസവും 25 മിനിറ്റ്‌ സൗജന്യ കോള്‍ ചെയ്യാനും സാധിക്കും. 28 ദിവസമാണ്‌ കാലാവധി.

നിലവിലുളള 339 രൂപയുടെ പ്ലാന്‍ നവീകരിച്ചാണ്‌ ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ബിഎസ്‌എന്‍എല്‍ തയ്യാറായിരിക്കുന്നത്‌. ജിയോയുടെ 301 രൂപക്ക്‌ ദിവസവും ഒരു ജിബി എന്ന ഓഫറിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താനാണ്‌ ബിഎസ്‌എന്‍എല്‍ ലക്ഷ്യം.

നേരത്തെയുണ്ടായിരുന്ന 339 രൂപയുടെ പ്ലാനില്‍ ഇന്ത്യയില്‍ ഏതു നെറ്റ്‌ വര്‍ക്കിലേക്കു സൗജന്യ വിളിയും ഒരു ജിബി ഡേറ്റയുമാണ്‌ ഉണ്ടായിരുന്നത്‌. ഇത്‌ പരിഷ്‌കരിച്ചാണിപ്പോള്‍ ദിവസവും രണ്ടു ജിബി ഡാറ്റ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. എന്നാല്‍ ഏതു നെറ്റ്‌ വര്‍ക്കിലേക്കും സൗജന്യ വിളിയുണ്ടായിരുന്നത്‌ ബിഎസ്‌എന്‍എല്‍ നെറ്റ്‌ വര്‍ക്കിലേക്ക്‌ മാത്രമായി ചുരുക്കി. 

 മറ്റു നെറ്റ്‌ വര്‍ക്കിലേക്ക്‌ 25 മിനിറ്റാണ്‌ പുതിയ പ്ലാന്‍ അനുസരിച്ചുള്ള സൗജന്യ വിളി. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ മികച്ച ഓഫര്‍ നല്‍കി പിടിച്ചു നിര്‍ത്തുക എന്നതാണ്‌ ബിഎസ്‌എന്‍എല്ലിന്റെ തന്ത്രം.

നിലവില്‍ സൗജന്യ ഡേറ്റ നല്‍കുന്ന ടെലികോം സേവന ദാതാക്കള്‍ എല്ലാം ദിവസം ഒരു ജിബി ഡാറ്റയാണ്‌ നല്‍കുന്നത്‌. ഈ സ്ഥാനത്താണ്‌ ദിവസം രണ്ട്‌ ജിബി ഡാറ്റയുമായി ബിഎസ്‌എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക