Image

പൂരപ്പെരുമയുടെ രാജാധിരാജന്‍ (ഫ്രാന്‍സിസ് തടത്തില്‍)

Published on 17 March, 2017
പൂരപ്പെരുമയുടെ രാജാധിരാജന്‍ (ഫ്രാന്‍സിസ് തടത്തില്‍)
പൂരങ്ങളുടെ നാടായ തൃശൂരിലെ പൂരപ്പെരുമ അറിയാത്തവര്‍ ചുരുക്കം ....കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ നെറുകയിലുള്ള വടക്കുന്നാഥ ക്ഷേത്രത്തിലെ ഉല്‍സവമായ തൃശൂര്‍ പൂരം കേരളക്കരയുടെ മുഴുവന്‍ പൂരമാണ് . ടൂറിസം മാപ്പില്‍ അഗ്രഗണ്യമായ പൂരത്തിന്റെ ഖ്യാതി അതു കൊണ്ടു തന്നെ പണ്ടേ കടല്‍ കടന്നിരിക്കുന്നു .
ജീവിതത്തിലൊരിക്കലെങ്കിലും പൂരം ആസ്വദിച്ചു കണ്ടിട്ടുള്ളവര്‍ രണ്ടാമതൊരിക്കല്‍ കൂടി വരാതിരിക്കാന്‍ വഴിയില്ല. അത്രമേല്‍ നയനചാരുതയേറിയതാണീ ഉത്സവം .
ജീവിതത്തില്‍ നാലു തവണയേ ഞാന്‍ തൃശൂര്‍ പൂരം കണ്ടിട്ടുള്ളൂ . അതില്‍ മൂന്നു തവണയും പൂരം റിപ്പോര്‍ട്ടു ചെയ്യാനുള്ള ഭാഗ്യവുമുണ്ടായിട്ടുണ്ട് . എന്നാല്‍ നാലാം തവണ കണ്ട പൂരമായിരുന്നു അവിസ്മരണീയമായത് . റിപ്പോര്‍ട്ടിങ്ങിന്റെ ഉത്തരവാദിത്തങ്ങളില്ലാതെ സ്വതന്ത്രമായി എല്ലാ കാഴ്ചകളും രാവേറുവോളം നടന്നു കണ്ട കാഴ്ച പറഞ്ഞറിയിക്കാനാവില്ല തന്നെ ...മുന്‍ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ടിങ്ങിനായി പൂരത്തിന്റെ ചരിത്രം മുഴുവനായി പഠിച്ചിരുന്നതിനാല്‍ നാലാം തവണ കണ്ട കാഴ്ചയ്ക്ക് ഒരടുക്കും ചിട്ടയുമൊക്കെയുണ്ടായിരുന്നു.
ഏതു പ്രതികൂലാവസ്ഥകളിലും അണമുറിയാത്ത പുരുഷാരം.. തെക്കേഗോപുരനടയില്‍ കുടമാറ്റം നടക്കുമ്പോള്‍ ആകാശത്തു നിന്നുള്ള വിസ്മയക്കാഴ്ച.. . ഇതിനായി അവിടെയുള്ള കെട്ടിടങ്ങളുടെ മുകളില്‍ മുമ്പേ ആള്‍ക്കാര്‍ തമ്പടിച്ചിരിക്കും . പൂഴി വാരിയെറിഞ്ഞാല്‍ നിലത്തു വീഴില്ല ... അത്രയ്ക്കുണ്ട് ആള്‍ക്കൂട്ടം ... !
ഈ വിസ്മയക്കാഴ്ചകളുടെ ഐതിഹ്യം അറിയാത്തവര്‍ക്കായി ഇത്തിരി കാര്യങ്ങള്‍ കുറിക്കട്ടെ ...നൂറ്റാണ്ടുകളുടെ ചരിത്രമാണ് തൃശൂര്‍ പൂരത്തിനുള്ളത് . നഗരമധ്യത്തില്‍ സ്വരാജ് റൌണ്ടിനു ചുറ്റുമായി ഏതാണ്ടു 18 ഏക്കറിലായി നിലകൊള്ളുന്ന വടക്കുന്നാഥ ക്ഷേത്രം ...തൃശിവപേരൂരിന്റെ ശാസ്താവും രാജാധിരാജനുമായ വടക്കുന്നാഥന്‍ പള്ളി കൊള്ളുന്നയിടം ..ശാസ്താവിനു രണ്ടു പുത്രിമാര്‍ ...പാറമേക്കാവു ഭഗവതിയും തിരുവാമ്പാടി ഭഗവതിയും.
വടക്കേ ഗോപുരനട തുറക്കാന്‍ അവകാശമുള്ളത് നൈതലക്കാവ് ഭഗവതിക്കു മാത്രം. അതിനാല്‍ത്തന്നെ നൈതലക്കാവു ഭഗവതിയുടെ തിടമ്പേറ്റിയ ഗജവീരന് എട്ടാനകളാണ് അകമ്പടി പോകുക. നൈതലക്കാവു ഭഗവതിക്ഷേത്രത്തില്‍ നിന്നു കുളിച്ചീറനണിഞ്ഞ ഗജവീരന്മാര്‍ രാവിലെ 8 മണിക്കു വടക്കുന്നാഥ ക്ഷേത്രത്തിലേക്കു
പുറപ്പെടുന്നതോടെ തൃശൂര്‍ പൂരത്തിനു തുടക്കമാകും . നൈതലക്കാവിലമ്മയ്ക്കു പുറമേ മൊത്തം 101 ചെറുപൂരങ്ങളാണ് ആനയും അമ്പാരിയുമായി പൂരപ്പറമ്പിലേക്ക് ഉത്സവക്കൊഴുപ്പേകാനെത്തുന്നത്. ആദ്യ ദിനം തന്നെ ഇവരുടെ വരവോടെ പൂരപ്പറമ്പു സജീവമാകുമെന്നു പറയേണ്ടതില്ലല്ലോ . 101 ദേശങ്ങളെ പ്രതിനിധീകരിക്കുന്ന ഈ ചെറുപൂരങ്ങളോടൊപ്പം വടക്കുന്നാഥക്ഷേത്രത്തിലെത്തുന്ന പൂരപ്രേമികളും മൂന്നാം ദിവസം ഉപചാരം ചെയ്തു പിരിയും വരെ അവിടെത്തന്നെ തമ്പടിക്കുന്നതാണ് കാലാകാലങ്ങളായുള്ള ആചാരം ...
നൈതലക്കാവിലമ്മ ഉച്ചയ്ക്കു മുമ്പേ വടക്കേ ഗോപുരനടവാതില്‍ തള്ളിത്തുറന്ന് ആരംഭിക്കുന്നതോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗിക തുടക്കമാകും . ഇതോടെ ആരവമായി. ഘടകയന്ത്രങ്ങളും തട്ടകവും പൂരലഹരിയിലാറാടും . 101 ചെറുപൂരങ്ങള്‍ പൂരപ്പറമ്പിലെത്തുമെങ്കിലും കണിമംഗലം ശാസ്താവിന്റേതുള്‍പ്പടെ എട്ടു ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങള്‍ മാത്രമേ നൈതലക്കാട്ടു ഭഗവതിക്കൊപ്പം വടക്കുന്നാഥ സന്നിധിയിലെത്തൂ.
തിരുവമ്പാടി ഭഗവതിയുടെ പ്രസിദ്ധമായ മഠത്തില്‍ വരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും തുടങ്ങുന്നതിനു മുമ്പേ ചെറു പൂരങ്ങള്‍ വടക്കുന്നാഥ സന്നിധിയിലെത്തും . കണിമംഗലം , പനമുക്കും പിള്ളി , ചെമ്പുക്കാവ് , കാരമുക്ക് , ലാലൂര്‍, ചൂരക്കോട്ടു കാവ് , അയ്യന്തോള്‍ , നെയ്തലക്കാവ് എന്നിവയാണവ.
തിരുവാമ്പാടിക്കും പാറമേക്കാവിനും 15 ആനകള്‍ വീതമാണ് പൂരത്തിനെഴുന്നള്ളിക്കുന്നത് . അതുകൊണ്ട് ചെറുപൂരങ്ങള്‍ക്ക് 14 ആനകള്‍ വരെയേ പാടുളളു. പഞ്ചവാദ്യവും പാണ്ടിമേളവും പഞ്ചാരിയും എന്നു വേണ്ട നാദസ്വരങ്ങള്‍ പോലും ചെറുപൂരങ്ങളെ വേറിട്ടു നിര്‍ത്തുന്നു . ചെറുപൂരങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനും തിരിച്ചിറങ്ങാനും സമയക്രമം നിശ്ചയിച്ചിട്ടുണ്ട് . രാത്രിയിലും ചെറുപൂരങ്ങളുടെ ആവര്‍ത്തനമുണ്ടാകും .
പൂരത്തിന്റെ വരവറിയിച്ച് കണിമംഗലം ശാസ്താവാണ് ആദ്യമെത്തുന്നത് . 11 ആനപ്പുറത്ത് പഞ്ചവാദ്യത്തോടെയാണ് എഴുന്നള്ളിപ്പ് . വെളുപ്പിനു നാലിന് നടപ്പാണ്ടിയുടെ അടമ്പടിയോടെ പുറപ്പെടുന്ന കണിമംഗലം ശാസ്താവ് വെളിയന്നൂതര്‍ കുളശേരി ക്ഷേത്രത്തിലെ ഇറക്കി പൂജ കഴിഞ്ഞ് പഞ്ചവാദ്യത്തോടെ രാവിലെ എട്ടുമണിക്ക് മുമ്പായി വടക്കുന്നാഥ സന്നിധിയിലെത്തും . തെക്കേഗോപുരനട കടന്ന് പടിഞ്ഞാറേ ഗോപുരമിറങ്ങി ശ്രീമൂലം സ്ഥാനത്ത് കലാശം കൊട്ടി ഒരുമണിക്കൂറിനകം തിരിക്കും . രാത്രി കുളശേരിയില്‍ നിന്നാണ് എഴുന്നള്ളിപ്പ് . രാത്രി എട്ടിനു വടക്കുന്നാഥനിലെത്തി 9 നു തിരിക്കും .
8.15 മുതല്‍ 9.15 വരെയാണ് പനമുക്കും പിള്ളിയുടെ രാത്രി എഴുന്നള്ളിപ്പ് . നാദസ്വരത്തോടു കൂടി കിഴക്കുംപാട്ടുകര ജംഗ്ഷനിലെത്തുന്ന എഴുന്നള്ളിപ്പ് മൂന്നാനപ്പുറത്ത് പഞ്ചവാദ്യത്തോടെ കിഴക്കേക്കോട്ട വഴി പാറമേക്കാവിനു മുന്നിലൂടെ 7ഓടെ കിഴക്കേഗോപുരനട വഴി വടക്കുന്നാഥനിലെത്തും . തെക്കോട്ടിറങ്ങി 8.45 ഓടെ പഞ്ചവാദ്യക്കലാശത്തോടെ മടക്കയാത്ര ആരംഭിക്കും .
ചെമ്പൂക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് രാവിലെ ഏഴിനാരംഭിക്കും . മൂന്നാനകളുടെ പുറത്ത് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കാര്‍ത്യായനി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന എഴുന്നള്ളിപ്പ് ചെമ്പുക്കാവ് ടൌണ്‍ഹാള്‍ റോഡു വഴി പറയെടുത്ത് പാറമേക്കാവിന്റെ നടയിലൂടെ കിഴക്കേ ഗോപുരം കടന്ന് തെക്കേ ഗോപുരത്തിലെത്തും . അവിടെ പഞ്ചവാദ്യത്തിനു കലാശം . പിന്നീട് പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെ തെക്കോട്ടിറങ്ങി പ്രദിക്ഷണ വഴിയിലൂടെ അതിരു വരെ പോയി തിരികെ വന്ന് തെക്കേ ഗോപുരത്തില്‍ കൂടി തന്നെ വടക്കുന്നാഥന്റെ മതിലിനകത്തു കടന്ന്പ്രദിക്ഷണം വച്ച് പടിഞ്ഞാറേ ഗോപുരവും കടന്ന് ശ്രീമൂലസ്ഥാനത്തെത്തും . 9 മണിയോടെ മേളം അവസാനിപ്പിച്ച് വടക്കോട്ടിറങ്ങി വടക്കേ പ്രദിക്ഷണ വഴി ചുറ്റി പാലസ് റോഡ് വഴി തിരിച്ചു ചെമ്പുക്കാവിലെത്തും . വടക്കേപ്രദിക്ഷണ വഴിയിലൂടെയുള്ളഎഴുന്നള്ളിപ്പും പഞ്ചാരി മേളവും ചെമ്പുക്കാവിനു മാത്രം സ്വന്തം .
കുളശേരി വഴി 9 ആനകളോടെയാണ് കാരമുക്കിന്റെ രംഗപ്രവേശം .മണികണ്ഠനാലില്‍ നിന്ന് വടക്കുന്നാഥന്‍ വരെ മേളത്തിന്റെ അകമ്പടിയുണ്ടാകും .രാവിലെ എട്ടര മുതല്‍ ഒമ്പതര വരെയും രാത്രി ഒമ്പതു മുതല്‍ പത്തു വരെയുമാണ് കാരമുക്ക് ഭഗവതിയുടെ എഴുന്നള്ളത്ത് .
അഞ്ചാനകളോടെയാണ് ലാലൂര്‍ ഭഗവതിയുടെ എഴുന്നള്ളത്ത് . ലാലൂരിലെയും കാരമുക്കിലെയും ഭഗവതിമാര്‍ സഹോദരികളാണെന്നാണ് സങ്കല്‍പം . കൊടിയേറിയാല്‍ ലാലൂരില്‍ നിന്നു കാരമുക്കിലേക്കും തിരിച്ചും എഴുന്നള്ളിപ്പുണ്ട് . ശ്രീമൂല സ്ഥാനത്തെത്തുന്ന എഴുന്നള്ളിപ്പ് ഒരു മണിക്കൂര്‍ മേളം നടത്തി വടക്കുന്നാഥനെ പ്രദിക്ഷണം വച്ച് തെക്കേഗോപുരം ഇറങ്ങി മടങ്ങി പോകും .
തുടര്‍ന്നുള്ള ചൂരക്കാട്ടു ഭഗവതിയുടെ ആഗമനം 14 ആനകളുടെ ആര്‍ഭാടത്തോടെയും ആചാരപ്രകാരമുള്ള ചടങ്ങുകളോടെയുമാണ് . മേളത്തോടെ അണി നിരക്കുന്ന ആനകള്‍ വടക്കുന്നാഥനെ പ്രദിക്ഷണം വച്ച് കിഴക്കേ ഗോപുരം കടന്ന് പാറമേക്കാവിലിറക്കി പൂജ നടത്തും , രാത്രിയില്‍ പാറമേക്കാവില്‍ നിന്നാണ് എഴുന്നള്ളിപ്പ് രാവിലെ ഒമ്പതര മുതല്‍ പതിനൊന്നു വരെയും രാത്രി പത്തു മുതല്‍ പന്ത്രണ്ടു വരെയുമാണ് ചൂരക്കോട്ടു കാവിന്റെ പൂരം .
അയ്യന്തോള്‍ ഭഗവതി 11 ആനകളുമായി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടുവിലയില്‍ എത്തിയാല്‍ മേളം തുടങ്ങും . രാത്രിയില്‍ എഴുന്നള്ളിപ്പിന് ക്ഷേത്രത്തിനകത്ത് അയ്യന്തോള്‍ ഭഗവതി പ്രവേശിക്കുന്ന പതിവില്ല .നിലപാടു തറയില്‍ ഉപചാരം ചൊല്ലി പിരിയലാണ് പതിവ് അതിനു ശേഷം നടവില്‍ മഠത്തില്‍ ഇറക്കി പൂജ കഴിഞ്ഞ് വിശ്രമിക്കും പിറ്റേന്ന് പടിഞ്ഞാറേ ചിറയിലെ ആറാട്ട് കഴിഞ്ഞാണ് മടക്കയാത്ര . രാവിലെ പത്തു മുതല്‍ പന്ത്രണ്ടു വരെയും രാത്രി പതിനൊന്നു മുതല്‍ പന്ത്രണ്ടര വരെയുമാണ് സമയം ,
നെയ്തലക്കാവു ഭഗവതി പരിവാര സമേതം ആനപ്പുറത്തെത്തും . മേളവുമായി എത്തുന്ന എഴുന്നള്ളിപ്പ് 11 മണിക്കെത്തി ഒന്നോടെ വടക്കുന്നാഥനെ പ്രദക്ഷിണം വച്ച് വടക്കേ ഗോപുര നട വഴി മടങ്ങും . മതില്‍ കടന്ന് ഗോപുരത്തിനു മുന്നില്‍ വച്ച് കുഴല്‍ പറ്റും ഗോപുരമിറങ്ങിയാല്‍ പുറത്തു വച്ച് കൊമ്പു പറ്റും നിര്‍വഹിക്കും .പഴയ നടക്കാവ് കാര്‍ത്യായനി ക്ഷേത്രത്തിലാണ് ഇറക്കി പൂജ . രാത്രി പന്ത്രണ്ടോടെ ഇവിടെ നിന്ന് എഴുന്നള്ളിപ്പ് ആരംഭിക്കും .
ദേശങ്ങളുണര്‍ത്തുന്ന ചെറുപൂരങ്ങളാണ് തൃശൂര്‍ പൂരത്തെ യഥാര്‍ഥത്തില്‍ ജനലക്ഷങ്ങളുടേതാക്കുന്നത് . ചെറുപൂരങ്ങള്‍ പിരിഞ്ഞു പോകുമ്പോഴേക്കും നഗരം ജനസാഗരത്തില്‍ മുങ്ങി പൂരപ്പെരുമയില്‍ തുടിച്ചു നില്‍ക്കും .
തിരുവാമ്പാടി , പാറമേക്കാവ് ഭഗവതിമാരുടെ എഴുന്നള്ളിപ്പാണ് പൂരത്തിന്റെ കേന്ദ്രബിന്ദു. വടക്കുന്നാഥന്റെ മക്കളായ ഇവര്‍ വര്‍ഷത്തിലൊരിക്കല്‍ പിതാവിനെ സന്ദര്‍ശിക്കുന്നതാണീ പൊടിപൂരം . ഉച്ചയ്ക്ക് 12 നു ശേഷം 15 ആനകളുമായാണ് പാറേമേക്കാവു ഭഗവതിയെഴുന്നള്ളുക ,ഇതോടെ പൂരം ഉച്ചസ്ഥായിയിലെത്തും . അകമ്പടിയായെത്തുന്ന ചെമ്പട മേളം പിന്നീട് പാണ്ടി മേളത്തിലേക്കു ചുവടു മാറും . തുടര്‍ന്ന് തിരുവാമ്പാടിയുടെ എഴുന്നളളിപ്പാണ് , മൂന്നാനകളോടെ ഷൊര്‍ണൂര്‍ റോഡിലൂടെ തെക്കോട്ട് നായ്ക്കനാല്‍ വഴി പഴയ നടക്കാവിലെ നടുവില്‍ മഠത്തിലെത്തുന്നതാണ് വിഖ്യാതമായ മഠത്തില്‍ വരവ് . വന്‍ വാദ്യസംഘം ഒരുക്കുന്ന പഞ്ച വാദ്യത്തിനൊപ്പം സ്വരാജ് റൌണ്ടിലെത്തുമ്പോള്‍ തിരുവാമ്പാടിക്ക് ആനകളേഴ്... പടിഞ്ഞാറേ റൌണ്ടിലൂടെ ഉച്ചതിരിഞ്ഞ് നായ്ക്കനാലിലെത്തുമ്പോഴാണ് പഞ്ചവാദ്യം കൊട്ടിക്കലാശിക്കുക . തേക്കിന്‍കാട്ട് മൈതാനത്തേക്ക് പ്രവേശിക്കുമ്പോള്‍ വാദ്യമേളം പാണ്ടിമേളമായി മാറുന്നത് മേളക്കമ്പക്കാര്‍ക്ക്ക തികച്ചും ഹരം തന്നെ . ഇതിനിടെ പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് മേളം കണ്ടാല്‍ ആരുമറിയാതെ തല ഒന്നനക്കി പോകും . പിന്നെ ചൂണ്ടാണിവിരലുയര്‍ത്തി പിടിച്ച് ആകാശത്തേക്ക് വീശിയെറിഞ്ഞ് താളം പിടിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും തോന്നും പാണ്ടിമേളക്കാര്‍ താന്താങ്ങളുടെ താളത്തിനനുസരിച്ചാണ് കൊട്ടുന്നതെന്ന് .
ഇലഞ്ഞിത്തറയില്‍ പുലര്‍ച്ചെ മുതല്‍ കെട്ടും കിടക്കയുമായി ഇരിപ്പിടം പിടിക്കുന്ന സ്ഥിരം വാദ്യമേള പ്രേമികളുണ്ട്. വര്‍ഷത്തിലൊരിക്കല്‍ മാത്രം അനുഭവവേദ്യമാകുന്ന മേളപ്പെരുപ്പം കാണാന്‍ കാലേക്കൂട്ടി സ്ഥലം പിടിക്കുന്ന അവര്‍ അവരുടെ സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല. ഒരിക്കല്‍ ഒരാള്‍ പ്രാഥമികാവശ്യത്തിനായി എഴുന്നേറ്റു പോയപ്പോള്‍ ഞാനയാളുട സ്ഥാനം കയ്യടക്കി . അവിടിരുന്നു കാണുന്ന സുഖം ഒരനുഭവം തന്നെയാണ് . പത്തു മിനിറ്റു കഴിഞ്ഞില്ല പോയആള്‍ മടങ്ങി എത്തി . എന്നെ ബലമായി പിടിച്ചിറക്കി കൊണ്ടു പറഞ്ഞു . 'ഇതൊക്കെ പഴമക്കാര്‍ക്കു വേണ്ടി കാലേക്കൂട്ടി റിസര്‍വു ചെയ്ത സ്ഥലമാ. സ്‌കൂട്ടാവാന്‍ നോക്ക് ,,,
അങ്ങനെ അവിടെ നിന്നു സ്‌കൂട്ടായ ഞാന്‍ കൈവിരല്‍ മാനത്തേക്കുയര്‍ത്തി താളം പിടിക്കുന്ന പുരുഷാരത്തിനൊപ്പം ചേര്‍ന്നു . കാലുകള്‍ കൊണ്ടുള്ളചുവടുകള്‍ കൂടിയുണ്ടെങ്കിലേ താളം ക്രമമാകുകയുള്ളു . അങ്ങനെ ഞാനും അവരിലൊരാളായി . എന്നില്‍ താളബോധം കയറിക്കൂടിയത് ഞാന്‍ പോലുമറിഞ്ഞില്ല . മതിമറന്നാഹ്ലാദിച്ച് ഇലഞ്ഞിത്തറ മേളത്തിന്റെ ഓരോ നിമിഷവും അനുഭവവേദ്യമായി മാറി . അങ്ങനെ രണ്ടു മണിക്കൂര്‍ തീര്‍ത്ത പാണ്ടിമേളം നാദവിസ്മയമായി .
ഇലഞ്ഞിത്തറ മേളം കൊട്ടിക്കലാശിക്കുമ്പോള്‍ പാറമേക്കാവിന്റെ ആനകള്‍ പ്രദക്ഷിണ വഴിയിലേക്ക് ഇറങ്ങി രാജാവിന്റെ പ്രതിമയ്ക്കരുകിലെത്തി പ്രണാമമര്‍പ്പിച്ച് തിരികെ സ്വരാജ് റൌണ്ടിലെത്തി വടക്കുന്നാഥ ക്ഷേത്രത്തിനഭിമുഖമായി അണി നിരക്കും . തിരുവാമ്പാടി വിഭാഗത്തിന്റെ ആനകളാകട്ടെ തെക്കേ ഗോപുര നടയില്‍ നിലകൊള്ളും . തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ ലോകപ്രശസ്തമായ കുടമാറ്റം . തൃശൂര്‍ പൂരത്തിലെ ഏറ്റവും കണ്ണഞ്ചിപ്പിക്കുന്നതും ആവേശം പകരുന്നതുമായ വിസ്മയക്കാഴ്ചയാണിത് . വെറും മുത്തുക്കുടകളുടെ കൈമാറ്റമല്ല , വിസ്മയാതീതമായ നിറക്കൂട്ടുകളുടെ മായാപ്രപഞ്ചം തന്നെയാണിത് . വടക്കുന്നാഥന്റെ പുത്രിമാരായ പാറമേക്കാവ് , തിരുവാമ്പാടി ഭഗവതിമാര്‍ പിതാവിനെ സന്തോഷിപ്പിക്കാനൊരുക്കുന്ന ഒരു തരം ഫാഷന്‍ പരേഡ് എന്ന് ഒറ്റവാക്കില്‍ കുടമാറ്റത്തിന്റെ ഐതിഹ്യത്തെ ചുരുക്കാം . അതിമനോഹരമായ വസ്ത്രങ്ങള്‍ മാറി മാറി ധരിച്ച് ഭഗവതിമാര്‍ പിതൃസന്നിധിയിലെത്തുന്നത് അമ്പതിലേറെ തവണയാണ് ! കഴിഞ്ഞ തവണ ഇത് അമ്പത്തി മൂന്നു തവണയായിരുന്നു .
തിരുവാമ്പാടി ഓലക്കുട മാതൃകയിലുള്ള ബലൂണ്‍ കുട ഉയര്‍ത്തിയാല്‍ ഗോപുര മാതൃകയിലുള്ള നെറ്റിപ്പട്ടങ്ങള്‍ കൊണ്ടു നിര്‍മിച്ച കുടകളാകും പാറമേക്കാവ് അവതരിപ്പിക്കുന്നത് ഇത്തരത്തില്‍ ഓരോ കുടമാറ്റത്തിലും ഭഗവതിമാര്‍ ഉള്‍പ്പടെ 15 ആനകള്‍ വീതം കുടമാറ്റം നടത്തിക്കഴിഞ്ഞപ്പോള്‍ 1590 കുടകളും അത്രത്തോളം തന്നെ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു . ഇതില്‍ എല്‍ഇഡി കുടകള്‍ മുതല്‍ സാക്ഷാല്‍ ഗുരുവായൂരപ്പന്റെ രൂപത്തിലുള്ള വ്യത്യസ്ത ഇനം കുടകളാണ് വന്‍ ജനാരവത്തോടെ പൂരപ്രേമികളേറ്റു വാങ്ങിയത്. ഇത്തരം വസ്ത്രാലങ്കാരങ്ങളെ സൂചിപ്പിക്കുന്ന കുടമാററത്തെ ഫാഷന്‍ ഷോ എന്നല്ലാതെ മറ്റെന്തു പറയാന്‍ !
കഴിഞ്ഞ വര്‍ഷത്തെ കുടമാറ്റത്തിലെ ചില ദൃശ്യങ്ങളിലേക്കു കടക്കാം . ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന കുടമാറ്റ വിരുന്നിനു തുടക്കം കുറിച്ചത് സ്‌പെഷ്യല്‍ കുട നിവര്‍ത്തി പാറമേക്കാവു വിഭാഗമാണ് . തെങ്ങിന്‍ കുലയുടെ രൂപത്തില്‍ പച്ചയും ഓറഞ്ചും മുന്തിരി നിറവും ചേര്‍ന്ന ബലൂണ്‍ കുട. ഓടക്കുഴലൂതിയ സാക്ഷാല്‍ ശ്രീകൃഷ്ണ രൂപത്തോടു കൂടിയ കുട നിവര്‍ത്തി തിരുവാമ്പാടി കൌണ്ടറടിച്ചു . വിടുമോ പാറമേക്കാവ് ? ഗോപുരമാതൃകയിലുള്ള നെറ്റിപ്പട്ടമെടുത്തു പ്രയോഗിച്ചാണ് അവര്‍ ക്ഷീണം തീര്‍ത്തത് .മെക്‌സിക്കന്‍ തിരമാല പോലെ അലയടിച്ചുയര്‍ന്ന ജനാരവം അകമ്പടിയും .. തിരുവാമ്പാടിയുടെ നീലക്കുടകള്‍ക്കു ബദലായി വീണ്ടും പാറമേക്കാവിന്റെ വക താമരയില്‍ അരയന്നങ്ങള്‍ക്കൊപ്പമിരിക്കുന്ന ഗായത്രീ ദേവി ...പിന്നെങ്ങനെ ജനപക്ഷം അവര്‍ക്കൊപ്പമാകാതിരിക്കും ! വൈകിയില്ല.. തിരുവാമ്പാടിയുടെ വക സാക്ഷാല്‍ ഗുരുവായൂരപ്പന്‍ തന്നെ ഗജവീരന്മാര്‍ക്കു മുകളില്‍ മാനം മുട്ടെ എന്ന വണ്ണം 15 കുടകളുടെ രൂപത്തിലങ്ങവതരിച്ചു ..! ഈ വിസ്മയക്കാഴ്ച അടങ്ങും മുമ്പേ ദാ വരുന്നു പാറമേക്കാവിന്റെ അടുത്ത നമ്പര്‍ ..കഥകളി മുഖമുള്ള നല്ല ഉശിരന്‍ കുടകള്‍ ..കുടയ്ക്കു നടുവില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ മുഖവുമായി തിരുവാമ്പാടിയുടെ മറുപടി. താമരയിലാസനസ്ഥയായ ഗജലക്ഷ്മിയെ പുറത്തിറക്കി പാറമേക്കാവിന്റെ തിരിച്ചടി ,,, !
വെള്ളി അലുകുകളും തുണിയലുകുകളും വിരിച്ച കുടകള്‍ കൊണ്ടുള്ളൊരു കയ്യടിപ്പൂരമാണ് പിന്നങ്ങോട്ടു കണ്ടത് . ഏതാണ്ടു മുക്കാല്‍ മണിക്കൂറോളം ഇത്തരത്തില്‍ 25 സെറ്റുകള്‍ വീതം ബലൂണ്‍ കുടകള്‍ വിരിയിച്ച് ഇരുവരും മത്സരം ഒപ്പത്തിനൊപ്പമാക്കി . സ്‌പെഷ്യല്‍ കുടകളുടെ ആരവം ഉച്ചസ്ഥായിയിലായപ്പോള്‍ പാറമേക്കാവ് ആദ്യ എല്‍ഇഡി കുട വിരിയിച്ച് പൂരപ്രേമികളെ വിസ്മയത്തുമ്പത്തെത്തിച്ചു . വടക്കുന്നാഥനഭിമുഖമായി കുടയില്‍ ഓം കാരരൂപമായിരുന്നു മറുവിഭാഗത്തിന്റെ മറുപടിക്കാഴ്ച .
പട്ടിന്റെ അലകു തുന്നിയ കാവടിയായിരുന്നു പാറമേക്കാവിന്റെ ആവനാഴിയിലെ 50ാമത്തെ ആയുധം ഗോപുരമാതൃകയിലുള്ള എല്‍ഇഡി കുട നിവര്‍ത്തി തിരുവാമ്പാടിയും തക്ക മറുപടി നല്‍കി . ഗംഗയെ ശിരസിലേറ്റി താണ്ഡവമാടുന്ന ശിവനെയും നെറ്റിപ്പട്ടത്തില്‍ നിറഞ്ഞു നിന്ന ശ്രീകൃഷ്ണനെയും പുറത്തെടുത്ത് തിരുവാമ്പാടിയും മിന്നിത്തിളങ്ങുന്ന കുടകള്‍ മാറിമാറി പരീക്ഷിച്ച് പാറമേക്കാവും മത്സരം പതുക്കെ അവസാനിപ്പിച്ചപ്പോള്‍ കുടമാറ്റത്തിന്റെ വിസ്മയക്കാഴ്ചകള്‍ അവിസ്മരണീയമായ ആത്മസംപ്തൃപ്തിയുമായി പൂരപ്രേമികള്‍ അരങ്ങൊഴിഞ്ഞു. എന്നു വച്ച് അവിടെയുമവസാനിച്ചിരുന്നില്ല ഈ പൂരം . കരിവിളക്കുകളുടെയും തീപ്പന്തങ്ങളുടെയും അകമ്പടിയോടെയായിരുന്നു രാത്രി വൈകുവോളം വടക്കുന്നാഥനു മുന്നില്‍ പൂരം . പതിനൊന്നരയ്ക്കാരംഭിച്ച് രണ്ടര വരെ പകല്‍പൂരത്തിലെന്നതു പോലെ തിരുവാമ്പാടിയുടെ മഠത്തില്‍ വരവ് നായ്ക്കനാലില്‍ സമാപിക്കും . പാറമേക്കാവിലമ്മയുടേതാകട്ടെ പുലര്‍ച്ചെ രണ്ടരയോടെ മണികണ്ഠനാല്‍ പന്തലിലും പര്യവസാനിക്കും .
കുടമാററത്തിനു ശേഷം ഇരുവിഭാഗക്കാരുടെയും സാമ്പിള്‍ വെടിക്കെട്ട് . വരാനിരിക്കുന്ന മെയിന്‍ വെടിക്കെട്ടിന്റെ സൂചന വിളിച്ചോതുന്നതാണിത് . വന്‍ സുരക്ഷാ സന്നാഹമാണപ്പോള്‍ . നഗരമധ്യത്തിലൊരുക്കുന്ന ഇത്ര വലിയ വെടിക്കെട്ടിന്റെ സുരക്ഷാ ക്രമീകരണങ്ങളിലെ മികവാണ് ദുരന്തങ്ങള്‍ കുറവായതിനു കാരണം .
പഞ്ചവാദ്യത്തിലെന്ന പോലൊരു റിഥം തൃശൂര്‍ പൂരത്തിലുമുണ്ട് . പതിയെ പതിയെ പൊട്ടിപ്പൊട്ടിക്കയറി ഇടയ്ക്കിടെ അമിട്ടിന്റെ വര്‍ണങ്ങള്‍ ചാലിച്ച് പടര്‍ന്നങ്ങനെ കൂട്ടപ്പൊരിച്ചിലിലേക്ക് . ഇപ്പോഴത്തെ സാമ്പിള്‍ വെടിക്കെട്ടും ഒറിജിനലിനെ വെല്ലുന്നതിനു തുല്യം . പത്തു നിലകളില്‍ വിരിഞ്ഞു പൊട്ടുന്ന നില അമിട്ടുകള്‍ , ഗര്‍ഭം കലക്കിയെന്ന ഓമനപ്പേരിലറിയുന്ന കുഴിമിന്നി , മുരള്‍ച്ചയോടെ പൊട്ടിത്തെറിക്കുന്ന ഓലപ്പടക്കം , ആയിരം നക്ഷത്രങ്ങള്‍ പൂത്തുലയും പോലെ വിരിയുന്ന വര്‍ണ അമിട്ടുകള്‍ , കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഗുണ്ടുകള്‍ ...ഈ വിസ്മയരീതികളാണ് തൃശൂര്‍പൂരം വെടിക്കെട്ടിനെ പ്രൌഢഗംഭീരമാക്കുന്നത്. പൊട്ടിക്കഴിഞ്ഞാല്‍ ഒരു മിനിറ്റ് കൂടി പ്രകാശം നല്‍കുന്ന മെക്‌സിക്കോ ഗോള്‍ഡ് , പുഴയൊഴുകുംപോലെയുള്ള എച്ച്ഡി അമിട്ട് തുടങ്ങിയവയാണ് അമിട്ടുകളിലെ പുത്തന്‍ പരീക്ഷണങ്ങള്‍ . അടുക്കും ചിട്ടയും ചേര്‍ന്നൊരുക്കുന്ന ഈ കലാവിരുന്നിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ മറ്റേതു വെടിക്കെട്ടുകള്‍ക്കും അനുകരണീയം തന്നെ .
പൂരത്തോടനുബന്ധിച്ച് പൂരച്ചമയങ്ങളുടെ നേര്‍ക്കാഴ്ചകളുമൊരുക്കുന്നു എന്നത് പൂരപ്രേമികള്‍ക്ക് ആഹ്ലാദം പകരുന്നതു തന്നെ നാല്പതിലേറെ വ്യത്യസ്ത കുടകള്‍ , സ്വര്‍ണ വര്‍ണത്തിലുള്ള കോലം , വെഞ്ചാമരം തുടങ്ങി പൂരത്തിന്റെ നേര്‍ക്കാഴ്ചകളുടെ കലവറ ഇരുകൂട്ടരുമൊരുക്കും . ഇതു കാണാന്‍ രാവേറും വരെ തിരക്കുണ്ട് .
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പൂരം അവസാനിക്കുന്നത് തിരുവാമ്പാടി , പാറമേക്കാവ് ഭഗവതിമാരുടെ ഉപചാരം ചൊല്ലി പിരിയലോടെയാണ് . അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന് പിതാവിനോട് മക്കളായ ഭഗവതിമാര്‍ വിട ചൊല്ലുന്നതാണ് ഇത് .
ചെറുപൂരങ്ങള്‍ക്കു പുറമേ തൃശൂര്‍ ജില്ലയില്‍ ഒട്ടനവധി ഉത്സവങ്ങള്‍ക്കും പള്ളി പെരുന്നാളുകള്‍ക്കും വെടിക്കെട്ട് ഏറെ പ്രശസ്തമാണ് . ഉത്രാളിക്കാവ് പൂരം , പാവറട്ടി പള്ളി തിരുന്നാള്‍ തുടങ്ങിയവ ഏറെ അനുഭവങ്ങള്‍ നല്‍കിയിട്ടുണ്ട് . അതേക്കുറിച്ച് അടുത്ത ലക്കത്തില്‍ ..
Contact : fethadathil@gmail.com
PH :9735183447
പൂരപ്പെരുമയുടെ രാജാധിരാജന്‍ (ഫ്രാന്‍സിസ് തടത്തില്‍) പൂരപ്പെരുമയുടെ രാജാധിരാജന്‍ (ഫ്രാന്‍സിസ് തടത്തില്‍) പൂരപ്പെരുമയുടെ രാജാധിരാജന്‍ (ഫ്രാന്‍സിസ് തടത്തില്‍) പൂരപ്പെരുമയുടെ രാജാധിരാജന്‍ (ഫ്രാന്‍സിസ് തടത്തില്‍) പൂരപ്പെരുമയുടെ രാജാധിരാജന്‍ (ഫ്രാന്‍സിസ് തടത്തില്‍) പൂരപ്പെരുമയുടെ രാജാധിരാജന്‍ (ഫ്രാന്‍സിസ് തടത്തില്‍) പൂരപ്പെരുമയുടെ രാജാധിരാജന്‍ (ഫ്രാന്‍സിസ് തടത്തില്‍) പൂരപ്പെരുമയുടെ രാജാധിരാജന്‍ (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
santhosh Pillai 2017-03-21 16:03:58
അതീവ ഹൃദ്യമായ വിവരണം. പൂര പറമ്പിൽ എത്തിച്ചേർന്ന അനുഭൂതി !!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക