Image

പീഡനക്കേസ്‌ ഒതുക്കാന്‍ അരക്കോടി: സിഐ വിജയന്‌ സസ്‌പെന്‍ഷന്‍

Published on 17 March, 2017
പീഡനക്കേസ്‌ ഒതുക്കാന്‍ അരക്കോടി: സിഐ വിജയന്‌ സസ്‌പെന്‍ഷന്‍


കൊച്ചി: സ്‌ത്രീപീഡനക്കേസ്‌ ഒതുക്കാനും കൊള്ളപ്പലിശക്കാരനെ രക്ഷിക്കാനും അരക്കോടിയിലേറെ രൂപ കൈക്കൂലി വാങ്ങിയ കേസില്‍ എറണാകുളം നോര്‍ത്ത്‌ സിഐ: ടി.ബി. വിജയന്‌ സസ്‌പെന്‍ഷന്‍. 

മൂവാറ്റുപുഴ സ്വദേശിനിയെ 25 പേര്‍ ചേര്‍ന്ന്‌ പീഡിപ്പിച്ച കേസ്‌ പണം വാങ്ങി ഇയാള്‍ ഒത്തുതീര്‍ത്തെന്ന്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ അന്വേഷണത്തില്‍ തെളിഞ്ഞു. സിവില്‍ പോലീസ്‌ ഓഫിസര്‍ അനില്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ ബിജു എന്നിവരേയും സസ്‌പെന്‍ഡു ചെയ്‌തിട്ടുണ്ട്‌.

സ്‌പെഷല്‍ ബ്രാഞ്ച്‌ അന്വേഷണ റിപ്പോര്‍ട്ടടിസ്ഥാനത്തില്‍ റേഞ്ച്‌ ഐജി: പി. വിജയനാണ്‌ സിഐ: വിജയനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. കുബേര ഓപ്പറേഷനില്‍ കുടുങ്ങിയ കൊള്ളപ്പലിശക്കാരനെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയ സംഭവവും സ്‌പെഷല്‍ ബ്രാഞ്ച്‌ അന്വേഷണത്തില്‍ തെളിഞ്ഞു.

മൂവാറ്റുപുഴ സ്വദേശിനിയെ കൊച്ചിയിലെ ഒരു ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ വരുത്തി, നഗരമധ്യത്തില്‍ മാസത്തോളം പൂട്ടിയിട്ട്‌ ലൈംഗികമായി പീഡിപ്പിച്ചതാണ്‌ കേസ്‌. ഇതില്‍ പ്രതികളില്‍ നിന്ന്‌ ഏഴു ലക്ഷം രൂപ വീതമാണ്‌ കൈക്കൂലി വാങ്ങിയത്‌.
കമ്പനിയുടെ ഉടമ ആദ്യം പീഡിപ്പിച്ചശേഷം പാലാരിവട്ടത്തെ ഒരു ഫ്‌ളാറ്റില്‍ തടവിലാക്കി പലര്‍ക്കും കാഴ്‌ചവെക്കുകയായിരുന്നു. ഓരോ പ്രതിയില്‍ നിന്നും ഏഴു ലക്ഷം രൂപ വീതം പിരിച്ചു. ഇതില്‍ അഞ്ച്‌ ലക്ഷം വീതം യുവതിക്കു നല്‍കി.

രണ്ടു ലക്ഷം വീതം പോലീസുകാരും അഭിഭാഷകനും ചേര്‍ന്ന്‌ പങ്കിട്ടെന്നാണ്‌ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണം കണ്ടെത്തിയത്‌. കേസില്ലാതാക്കാന്‍ ഒരു കോടി രൂപയിലേറെ രൂപ വിനിയോഗിച്ചെന്ന്‌ സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഏഴു ലക്ഷം രൂപ നല്‍കാന്‍ കഴിയാത്ത പ്രതികള്‍ പൊലീസിനോടു പരാതിപ്പെട്ടത്‌ അറിഞ്ഞ സ്‌പെഷല്‍ ബ്രാഞ്ച്‌ സിഐക്കെതിരെ അന്വേഷണം നടത്തുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക