Image

മുറത്തില്‍ കയറി കൊത്തുന്ന വിജിലന്‍സ് തത്ത (എ.എസ് ശ്രീകുമാര്‍)

Published on 18 March, 2017
മുറത്തില്‍ കയറി കൊത്തുന്ന വിജിലന്‍സ് തത്ത (എ.എസ് ശ്രീകുമാര്‍)
ഭഗവാന്‍ ശിവന്‍ ഭസ്മാസുരന് വരം കൊടുത്ത് വെട്ടിലായ സംഭവം നമുക്കറിയാം. ശിവനെ തപസുചെയ്ത് പ്രത്യക്ഷപ്പെടുത്തി തന്റെ ചൂണ്ടുവിരല്‍ ആരുടെ തലയില്‍ തൊടുന്നുവോ അയാള്‍ ഭസ്മമാകണമെന്ന വരമാണ് ഈ അസുരന്‍ തരപ്പെടുത്തിയത്. എന്നാല്‍ പണി പാളി. പാര്‍വതിയെ കണ്ട് മോഹിച്ച പെണ്ണുപിടിയനായ ഭസ്മാസുരന്‍ ശിവനെ ഇല്ലാതാക്കി ഭാര്യയെ സ്വന്തമാക്കാന്‍ തനിക്കു കിട്ടിയ വരം ശിവനിട്ടുതന്നെ പ്രയോഗിക്കാന്‍ വന്നു. രക്ഷപെട്ടോടിയ ശിവന്‍ വിഷ്ണുവിനെ ശരണം പ്രാപിച്ച് തന്റെ ധര്‍മ സങ്കടം പറയുകയും മോഹിനിയുടെ രൂപത്തിലെത്തിയ വിഷ്ണു തന്ത്രപൂര്‍വം ഭസ്മാസുരനെകൊണ്ടുതന്നെ അയാളെ ഭസ്മീകരിക്കുകയും ചെയ്തു. നമ്മുടെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇപ്പോള്‍ ഭസ്മാസുരന് പഠിക്കുകയാണ്. ജേക്കബ് തോമസിന് വരം കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. വിജിലന്‍സ് അങ്ങനെ ജേക്കബിന്റെ സ്വര്‍ഗ രാജ്യമായി. ഇവിടെ ജേക്കബിനെ ഒതുക്കാന്‍ ഒരു മോഹിനിയെ വേണമെന്ന അവസ്ഥയാണ്.

ജേക്കബ് തോമസിന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം തളികയില്‍ വച്ചു കൊടുത്തതു മുതല്‍ പുള്ളിക്കാരന്‍ ഭസ്മാസുരന്‍ കളിച്ചു തുടങ്ങി. അഴിമതിക്കാരായ യു.ഡി.എഫ് നേതാക്കളുടെ തലയില്‍ ചൂണ്ടുവിരല്‍ തൊടുന്നത് പോകട്ടെ, ഈ പണി കൊടുത്ത ഇടതുപക്ഷത്തിന്റെ നേര്‍ക്കും വന്നാലോ...? ഉറപ്പായും ഒരു മോഹിനിയെ വരുത്തേണ്ടിവരും. അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ജേക്കബ് തോമസിനെതിരെ ഇടതു പക്ഷത്തു മാത്രമല്ല പ്രതിപക്ഷത്തും എതിര്‍പ്പുകളുണ്ട്. ഇതുവരെ സംരക്ഷിച്ചിരുന്നത് പിണറായി വിജയനായിരുന്നു. എന്നാല്‍ അതൃപ്തി കടുത്തതോടെ പിണറായിക്കും രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അടുത്തിടെ വിജിലന്‍സിനെ തുടര്‍ച്ചയായി ഹൈക്കോടതി വിമര്‍ശിച്ചതും സ്ഥാന ചലനത്തിന് കാരണമാകുമെന്ന റിപ്പോര്‍ട്ട് വന്നത് അടുത്തിടെയാണ്.

ഇ.പി ജയരാജന്‍ മന്ത്രിയായിരിക്കെ നടന്ന നിയമനത്തില്‍ സ്വജനപക്ഷപാതമുണ്ടെന്ന വിജിലന്‍സ് നിലപാട് ജേക്കബ് തോമസ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ജയരാജനെ പോലെ മുതിര്‍ന്ന നേതാവിനെതിരായ നടപടി അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല. പാര്‍ട്ടിയുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാന്‍ തന്റെ അഴിമതി വിരുദ്ധ പ്രതിഛായ തകര്‍ക്കാന്‍ ജേക്കബ് തോമസും തയ്യാറായിരുന്നില്ല. ജയരാജനെതിരായ കേസില്‍ സ്വജനപക്ഷപാതമുണ്ടെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ മാത്രം നിഗമനമാണെന്നും സര്‍ക്കാരിന് ആ നിലപാടില്ലെന്നുമനാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വിജിലന്‍സിന്റെ എല്ലാ നീക്കങ്ങളെയും സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്ന സൂചനയാണിത്.

സ്‌പോര്‍ട്‌സ് ലോട്ടറിയുമായി ബന്ധപ്പെട്ട കേസില്‍ ടി.പി ദാസനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതും ജേക്കബ് തോമസിനെതിരെ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. സി.പി.എം നേതാവായ ടി.പി ദാസനെ അടുത്തയിടെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി നിയമിച്ചത്. ജേക്കബ് തോമസിനെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് പാര്‍ട്ടി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായി വിവരങ്ങളുണ്ട്.  സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സംഘടന ജേക്കബ് തോമസിനെതിരെ പരസ്യമായി നിലപാടെടുത്തിരുന്നു. ഡ്രഡ്ജര്‍ ഇടപാടില്‍ അദ്ദേഹം ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന ആരോപണവും സ്വത്ത് വിവാദവും ശക്തമായ എതിര്‍പ്പിന് കാരമമായിട്ടുണ്ട്. തമിഴ്നാട്ടിലെ വിരുതു നഗറില്‍ ജേക്കബ് തോമസിന് 50 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് വിവാദം. കൃഷി കമ്പക്കാരനാണ് ജേക്കബ് തോമസ്.

വിവാദം കത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നത്. ഇതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും. എന്നാല്‍ ഹൈക്കോടതി വിജലന്‍സിനെതിരെ തിരിഞ്ഞതോടെ വിജിലന്‍സിനെ നിയന്ത്രിക്കണമെന്ന ആവശ്യം ഇടത് പാളയത്തില്‍ ശക്തമായി. വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഈയിടെ നടത്തിയത്. വിജിലന്‍സിന് കള്ളപരാതികള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഹര്‍ജിക്കാരന് സര്‍ക്കാര്‍ രേഖകള്‍ എങ്ങനെ കിട്ടുന്നുവെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. വിജിലന്‍സ് ഒരു പ്രത്യേക അന്വേഷണ വിഭാഗമല്ലെന്നും കേരള പോലീസിന്റെ ഭാഗം മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജേക്കബ് തോമസിനെതിരെ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കേസ് ഈ മാസം 30ന് പരിഗണിക്കും. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ബേപ്പൂര്‍, വിഴിഞ്ഞം, വലിയതുറ, അഴീക്കല്‍ തുറമുഖങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ചാണ് ഹര്‍ജി.

ഇതിനിടെ കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷം ജേക്കബ് തോമസിനെ പഞ്ഞിക്കിടുകയും ചെയ്തു. ഗുരുതരമായ ആരോപണങ്ങളായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. തമിഴ്നാട്ടില്‍ ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് പ്രധാന ആരോപണം. കൊച്ചി പോലീസ് കമ്മീഷണര്‍ ആയിരിക്കെയാണിതെന്നും ആരോപിക്കുന്നു. രാജപാളയത്തെ 50 ഏക്കര്‍ ഭൂമിയുടെ കാര്യം അറിയിച്ചില്ലെന്നും ആരോപിക്കുന്നുണ്ട്. കള്ളനെ കുറിച്ച് അന്വേഷിക്കേണ്ടയാള്‍ കള്ളന് കഞ്ഞിവച്ചവനാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. വിജിലന്‍സ് തത്ത തിരിഞ്ഞ് കൊത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

എന്നാല്‍ പിണറായി തത്തയെ തലോടിക്കൊണ്ടാണ് സംസാരിച്ചത്. ജേക്കബ് തോമസിനെതിരെ ഭരണപക്ഷത്തു തന്നെ എതിര്‍പ്പുകള്‍ ശക്തമായതോടെ അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ ആലോചിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ അത്തരം നടപടികള്‍ക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം ജേക്കബ് തോമസിനെതിരെ നടപടി എടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പുള്ളിക്ക് മാധ്യമങ്ങള്‍ പണ്ടേ പഥ്യമല്ലല്ലോ. ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ടെന്നും ആ കട്ടിലുകണ്ട് ആരും പനിക്കണ്ടെന്നും പിണറായി കലിച്ചു. അഴിമതിക്കെതിരെ വിട്ടുവീഴിചയില്ലാതെ നടപടി എടുക്കുന്ന ആളാണ് ജേക്കബ് തോമസെന്നാണ് മുഖ്യന്റെ മുഖസ്തുതി. വസ്തുതകള്‍ പരിശോധിക്കുമെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ സംരക്ഷിക്കില്ലെന്നും പറഞ്ഞു...''ചുമ്മാ കൊതിപ്പിക്കല്ലേ...'' വിജിലന്‍സിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ഡയറക്ടറാണെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും അദ്ദേഹം ഉറപ്പിച്ചു.

ഉടന്‍തന്നെ വന്നു തത്തയുടെ ഉപകാരസ്മരണയുടെ കിളിപ്പാട്ട്...പ്രതിസന്ധി ഘട്ടങ്ങളില്‍ മുഖ്യമന്ത്രി നല്‍കിയ പിന്തുണ തനിക്ക് ആശ്വാസകരമായെന്നും കരുത്തുള്ളവര്‍ക്ക് നേരെ മാത്രമേ കല്ലേറുണ്ടാകുവെന്നും, വീഴാതെ നില്‍ക്കുന്നതിനാലാണ് തനിക്കെതിരെ വീണ്ടും വീണ്ടും കല്ലെറിയുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിജിലന്‍സ് തത്തയ്ക്ക് പക്ഷേ മാധ്യമങ്ങളോട് വിരോധമില്ല, മറിച്ച് പത്രങ്ങളിലും ടി.വിയിലുമൊക്കെ അങ്ങനെ ഫുള്‍ ഫിഗറായി നില്‍ക്കാന്‍ പെരുത്തിഷ്ടവുമുണ്ട്...ഭ്രാന്തമായ ആവേശമുണ്ട്. ഏതായലും തത്തയും യജമാമനും നല്ല ടേംസിലാണെന്നാണ് വയ്പ്പ്. ഈ ചങ്ങാത്തവും പരസ്പരം പുറം ചൊറിയലുമെല്ലാം ഒരു നാടകമാണ്. കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തുന്ന തത്തയെ പിണക്കിയാല്‍ പിണറായി ഭസ്മമാകും. തന്ത്രങ്ങളറിയാവുന്ന ഒരു മോഹിനി കളത്തിലുണ്ട്. പക്ഷേ ആ അച്യുതാനന്ദ മായമോഹിനിക്ക് പിണറായിക്കാരെ കണ്ടൂടാ...കണ്ടൂടാ...ലാവ്‌ലിന്‍ ഭൂതങ്ങളാണെ സത്യം...


മുറത്തില്‍ കയറി കൊത്തുന്ന വിജിലന്‍സ് തത്ത (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക