Image

കാരുണ്യ പദ്ധതി ക്രമക്കേട്‌: ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്‌

Published on 19 March, 2017
കാരുണ്യ പദ്ധതി ക്രമക്കേട്‌: ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്‌


തിരുവനന്തപുരം : കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയില്‍ ക്രമക്കേട്‌ നടത്തിയെന്ന പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്‌. ക്രമക്കേടുകളില്‍ ഇവര്‍ക്ക്‌ പങ്കില്ലെന്നാണ്‌ വിജിലന്‍സിന്റെ കണ്ടെത്തല്‍.

 പദ്ധതിക്ക്‌ ഒപി ടിക്കറ്റ്‌ ഹാജരാക്കിയാല്‍ ലഭിക്കുന്ന ഒറ്റത്തവണ ചികിത്സാ സഹായമായ 5000 രൂപ കൈക്കലാക്കാന്‍ ഇടനിലക്കാര്‍ സംഘടിത ശ്രമം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയില്‍ സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട്‌ അടുത്തമാസം പരിഗണിക്കും.

കാരുണ്യലോട്ടറിയുടെ മൊത്തം വരുമാനം ചികിത്സാ സഹായമായി നല്‍കിയില്ല, ധനസഹായം ലഭിച്ചത്‌ അനര്‍ഹര്‍ക്കാണ്‌, ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ക്രമക്കേടുകള്‍ നടത്തി എന്നീ പരാതികളിലായിരുന്നു വിജിലന്‍സിന്റെ ത്വരിത പരിശോധന. 

 ഉമ്മന്‍ചാണ്ടിയും മാണിയും കൂടാതെ ധനവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.എം എബ്രഹാം, ലോട്ടറി ഡയറക്ടറായിരുന്ന ഹിമാന്‍ഷു കുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തിയിരുന്നു. ഇവര്‍ക്കെതിരെയും തെളിവുകളില്ലെന്ന്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

ഇരുന്നൂറോളം ഫയലുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിജിലന്‍സ്‌ റിപ്പോര്‍ട്ടില്‍ പരാതിയിലെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന്‌ വ്യക്തമാക്കുന്നു. മലപ്പുറം സ്വദേശി കൃഷ്‌ണകുമാര്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ്‌ സ്‌പെഷ്യല്‍ യൂണിറ്റാണ്‌ അന്വേഷണം നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക