Image

ആരും ഇഷ്‌ടപ്പെടും ഈ സൈറയെ

ആഷ എസ് പണിക്കര്‍ Published on 19 March, 2017
ആരും ഇഷ്‌ടപ്പെടും ഈ സൈറയെ

അഭിനയജീവിതത്തില്‍ പതിനാറ്‌ വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമിലേക്കു തിരിച്ചു വന്ന മഞ്‌ജുവിന്‌ രണ്ടാം വരവിന്‌ കളമൊരുക്കിയ ഹൗ ഓള്‍ഡ്‌ ആര്‍ യുവിന്‌ ശേഷം മികച്ച ഒരു കഥാപാത്രത്തെ കിട്ടിയിരുന്നില്ല.

 ചെയ്‌ത സിനിമകളൊക്കെയാകട്ടെ, പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതുമായിരുന്നില്ല. 

ഏതായാലും ആ കാര്യങ്ങളൊക്കെ മറക്കാന്‍ മഞ്‌ജുവിന്‌ കിട്ടിയ ഏറ്റവും നല്ല കഥാപാത്രമാണ്‌ കെയര്‍ ഓഫ്‌ സൈറാ ബാനു. 

 ഇടിയും വെടിയും ആക്രോശങ്ങളും ഒന്നുമില്ലാതെ കണ്ടിരിക്കാന്‍ കഴിയുന്ന സുഖമുള്ളൊരു സിനിമ.നായികാ കേന്ദ്രീകൃത സിനിമ തീര്‍ച്ചയായും കുടുംബപ്രേക്ഷകരെ തൃപ്‌തിപ്പെടുത്തും.

നഗരത്തിലെ പോസ്റ്റ്‌ വുമണാണ്‌ സൈറാബാനു. ഒരു ചെറിയ ഫ്‌ളാറ്റില്‍ മകന്‍ ജോഷ്വാ പീറ്ററുമൊതതാണ്‌ സൈറയുടെ താമസം. ജോഷ്വാ നിയമ വിദ്യാര്‍ത്ഥിയാണ്‌. 

അച്ഛനെ പോലെ തന്നെ ജോഷ്വാകകും ഫോട്ടോഗ്രാഫിയോട്‌ വളരെ കമ്പമാണ്‌.

 സൈറയും ജോഷ്വയും മ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ തമാശകളുമൊകകെയായി ആദ്യ പകുതി വളരെ രസകരമായി തന്നെ മുന്നോട്ടുപോവുന്നു. പിന്നീട്‌ കഥയുടെ മൊത്തം മൂഡ്‌ മാറുകയാണ്‌. 

സ്വന്തം മകനു വേണ്ടിയും വളര്‍ത്തുമകന്‌ വേണ്ടിയും പോരാടുന്ന രണ്ട്‌ അമ്മമാരുടെ കഥയാണ്‌ പന്നീട്‌. ഇതിനിടെ സ്വന്തം മകന്‌ എന്തു സംഭവിച്ചു എന്നറിയാതെ പോകുന്ന ഒരമ്മയുടെ അന്വേഷണവും ചിത്രത്തില്‍ നിര്‍ണായകമാകുന്നു. 

നിയമപോരട്ടത്തിന്റെ തീവ്രത മുഴുവന്‍ നമുക്ക്‌ ഈ സിനിമയില്‍ കാണാനാകും.

പണമുള്ളവന്‌ എന്തും നേടാം, നിയമസഹായം ഉള്‍പ്പെടെ എന്ന തോന്നല്‍ പലപ്പോഴും ചിത്രം മുന്നോട്ടുവയ്‌ക്കുന്നു. അതോടൊപ്പം സമകാലീനമായ പല വിഷയങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്‌. 

ചുംബനസമരവിവാദം ഉള്‍പ്പെടെ പല വിഷയങ്ങളും ഇതില്‍ പറയുനനു. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിയായ മഞ്‌ജു വാര്യര്‍ എന്ന നടിക്ക്‌ തന്റെ അഭിനയമികവു പ്രകടിപ്പിക്കാന്‍ ലഭിച്ച മികച്ച അവസരമാണ്‌ കെയര്‍ ഓഫ്‌ സൈറാബാനു.

 ഇരുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്ക്‌ തിരികെയെത്തിയ സൂര്യപുത്രി അമലയ്‌ക്കും വളരെ പ്രാധാന്യമുള്ള ഒരു വേഷമാണ്‌ സംവിധായകന്‍ നല്‍കിയിട്ടുളളത്‌. 

ക്രിമിനല്‍ അഭിഭാഷകയായ ആനി ജോണ്‍ എന്ന കഥാപാത്രം അമലയുടെ രണ്ടാംവരവിലെ ശ്രദ്ധേയ കഥാപാത്രമായി മാറും എന്നുറപ്പാണ്‌. 

രണ്ടുപേരും ഇഞ്ചോടിഞ്ച്‌ പ്രകടനം തന്നെ നടത്തുന്നു. ജീവിത്തിലെ പ്രതിസന്ധികളെ അതിജീവിച്ച്‌ മുന്നേറുന്ന സൈറ സ്‌ത്രീശാക്തീകരണത്തിന്റെ ഉദാഹരണമായും മാറുന്നു.

ജോഷ്വാ പീറ്റര്‍ എന്ന നിയമ വിദ്യാര്‍ത്ഥിയായി എത്തിയ ഷെയ്‌ന്‍ നിഗം വളരെ കൈയ്യടത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിച്ചു. 

ഉപ്പും മുളകും എന്ന സീരിയിലൂടെ വന്ന ബിജു സോപാനം അഡ്വക്കേറ്റ്‌ ബാലസുബ്രഹ്മണ്യനായി മികച്ചു നില്‍ക്കുന്നു. സുനില്‍ സുഖദ, രാഘവന്‍, ഗണേഷ്‌ കുമാര്‍, നിരഞ്‌ജന, ജോണ്‍ പോള്‍ എന്നിവരും തങ്ങളുടെ കഥാപാത്രത്തെ മികച്ചതാക്കി.

ആന്റിണി സോണി എന്ന പുതുമുഖ സംവിധായകന്‍ നല്ല സിനിമകളുടെ പൂക്കാലം കൈയിലുള്ള ആളാണ്‌. 

തുടക്കക്കാരന്റെ പരചയക്കുറവൊന്നും ഒരു ഫ്രെയിമിലും ഇല്ല. 

തലയറുത്തു ചിരിപ്പിക്കുന്ന തമാശകളോ, യുവാക്കളെ ആകര്‍ഷിക്കുന്ന പഞ്ച്‌ ഡയലോഗുകളോ മറ്റ്‌ ഘടകങ്ങളോ ഒന്നും തന്നെ സിനിമയില്‍ ഇല്ലെങ്കിലും മനസിന്‌ സുഖം പകരുന്ന വിധം ചിത്രീകരിക്കാന്‍ സംവിധായകന്‌ കഴിഞ്ഞിട്ടുണ്ട്‌. ഒരു ഘട്ടത്തിലും സിനിമയില്‍ നിന്നു മാറി പ്രേക്ഷകര്‍ സഞ്ചരിക്കുന്നില്ല.

മെജോ ജോസഫിന്റെ പാട്ടുകള്‍ കൊള്ളാം. ചിത്രത്തിന്‌ അനുയോജ്യമാണ്‌. പശ്ചാത്തല സംഗീതവും മികച്ചതു തന്നെ. ഛായാഗ്രഹണവും മികച്ചു നില്‍ക്കുന്നു. 

അതിഭാവുകത്വങ്ങളില്ലാതെ അവതരിപ്പിച്ച സിനിമ കുടുംബപ്രേക്ഷകര്‍ നെഞ്ചിലേറ്റ#ി ക്കഴിഞ്ഞു. സൈറാ ബാനുവിനെയും.










ആരും ഇഷ്‌ടപ്പെടും ഈ സൈറയെആരും ഇഷ്‌ടപ്പെടും ഈ സൈറയെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക