Image

മണിപ്പൂരിലും വിശ്വാസം തെളിയിച്ച്‌ ബിജെപി; ബിരേന്‍ സിങിന്‌ 33 എംഎല്‍എമാരുടെ പിന്തുണ

Published on 20 March, 2017
മണിപ്പൂരിലും വിശ്വാസം തെളിയിച്ച്‌ ബിജെപി; ബിരേന്‍ സിങിന്‌ 33 എംഎല്‍എമാരുടെ പിന്തുണ


ഇംഫാല്‍: ഗോവയ്‌ക്ക്‌ പിന്നാലെ മണിപ്പൂരിലും വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു കയറി ബിജെപി. മണിപ്പൂരില്‍ 60 അംഗ നിയമസഭയില്‍ 33 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാണ്‌ വിശ്വാസ വോട്ടെടുപ്പ്‌ ബിജെപി മറികടന്നത്‌. ശബ്ദവോട്ടോടെയാണ്‌ മണിപ്പൂര്‍ നിയമസഭയില്‍ ബിജെപി പിന്തുണ തെളിയിച്ചത്‌.

 മണിപ്പൂര്‍ നിയമസഭയില്‍ ബിജെപിയുടെ യമ്‌നം ഖേംചന്ദ്‌ സിങിനെ സ്‌പീക്കറായി തെരഞ്ഞെടുക്കുകയും ചെയ്‌തു. മാര്‍ച്ച്‌ 16ന്‌ ആണ്‌ മണിപ്പൂരിലെ ആദ്യ ബിജെപി സര്‍ക്കാര്‍ എന്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയത്‌.

ബിജെപി സര്‍ക്കാര്‍ 33 അംഗങ്ങളുടെ പിന്തുണയാണ്‌ അവകാശപ്പെട്ടിരുന്നത്‌, അത്‌ സഭയിലും തെളിയിക്കാനായി. കേവല ഭൂരിപക്ഷത്തിന്‌ 31 അംഗങ്ങളുടെ പിന്തുണയാണ്‌ വേണ്ടിയിരുന്നത്‌. 

മണിപ്പൂരില്‍ ഒന്നാമതെത്തിയ കോണ്‍ഗ്രസിനെ മറികടന്നാണ്‌ രണ്ടാമതുള്ള ബിജെപി പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിച്ചത്‌.

 21 എംഎല്‍എമാരാണ്‌ ബിജെപിക്ക്‌ ഉള്ളത്‌. കോണ്‍ഗ്രസിന്‌ 28 എംഎല്‍എമാരും.
15 വര്‍ഷമായി മണിപ്പൂരില്‍ അധികാരത്തിലുണ്ടായിരുന്ന ഒക്രം ഇബോബി സിങിന്റെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ താഴെയിറക്കിയാണ്‌ ബിജെപി അധികാരച്ചിലേറിയത്‌. 

വിശ്വാസ വോട്ടിന്‌ മണിക്കൂറുകള്‍ മുമ്പ്‌ 130 ദിവസമായി മണിപ്പൂരിനെ കലുഷിതമാക്കിയ നാഗാ കൗണ്‍സിലിന്റെ സാമ്പത്തിക ഉപരോധം ബിജെപി നീക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക