Image

മെല്‍ബണില്‍ കേളി കാരുണ്യ പദ്ധതിക്ക് തുടക്കമായി

Published on 20 March, 2017
മെല്‍ബണില്‍ കേളി കാരുണ്യ പദ്ധതിക്ക് തുടക്കമായി
   മെല്‍ബണ്‍: മെല്‍ബണിലെ ഫാമിലി കൂട്ടായ്മയായ കേളിയുടെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുവേണ്ടി കാരുണ്യ പദ്ധതി ആവിഷ്‌കരിക്കുന്നു. ഒരു സാധാരണ കുടുംബത്തിന് പെട്ടെന്നു വരുന്ന ആവശ്യങ്ങള്‍ മുന്നില്‍കണ്ട് അംഗങ്ങളുടെ ഇടയില്‍ സാന്പത്തിക സഹായം എന്ന നിലയില്‍ ആണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. 

മെല്‍ബണിലും പരിസര പ്രദേശങ്ങളിലും മലയാളികള്‍ക്കിടയില്‍ കണ്ടുവരുന്ന അനാരോഗ്യകരമായ സാന്പത്തിക ലാഭം കൊയ്യുന്ന ഇടനിലക്കാരെ ഒഴിവാക്കി അംഗങ്ങള്‍ക്ക് ആവശ്യമുള്ള സമയങ്ങളില്‍ സാന്പത്തിക സഹായം ചെയ്തു കൊടുക്കുന്ന കാരുണ്യ പദ്ധതി ഏത് മലയാളികള്‍ക്കും പ്രയോജനപ്പെടുന്നതാണ്. ഇരുപത്തി അഞ്ചോളം കുടുംബങ്ങള്‍ പദ്ധതിയില്‍ ഇതിനോടകം അംഗമായി കഴിഞ്ഞു. ഏറ്റവും കൂടുതല്‍ ആയിരം ഡോളര്‍ വരെ ലേലം വിളിക്കാന്‍ പദ്ധതിയില്‍ സാധിക്കുകയുള്ളൂ. ഏതൊരു മലയാളിക്ക് എപ്പോള്‍ ആവശ്യം ഉള്ളപ്പോഴും ഈ ചെറിയ തുകയ്ക്ക് ലേലം വിളിച്ച് അവര്‍ക്ക് ആവശ്യമായ തുക പിന്‍വലിക്കാന്‍ പദ്ധതിയിലൂടെ കഴിയുന്നു.

കാരുണ്യ പദ്ധതി നടത്തുന്ന ആള്‍ക്ക് അമിതലാഭം ഉണ്ടാകാതെ സാധാരണ ക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന കാരുണ്യ പദ്ധതി മറ്റ് മലയാളി കൂട്ടായ്മകളും തുടങ്ങാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രവാസി മലയാളികളെ ചൂഷണം ചെയ്യുന്ന ഇടനിലക്കാര്‍ക്ക് കാരുണ്യ പദ്ധതി ഒരു വന്‍ ഭീഷണിയായി മാറുമെന്നതില്‍ സംശയമില്ല.

ജോസഫ് വരിക്കമാന്‍തൊടി, ജി.കെ. ഗോപകുമാര്‍, പോള്‍ രാജ്, തോമസ് തോട്ടങ്കര, ജോണി ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കേളി ഫാമിലി കൂട്ടായ്മയുടെ പരിപാടികളുടെ ഭാഗമായി നടന്ന കള്‍ച്ചറല്‍ പരിപാടികള്‍ക്ക് ഗീതാ ഗോപകുമാര്‍, ജാന്‍സി തോമസ്, ആഷ്‌ലി ജോണി, സുനിത പോള്‍, മെല്‍വിന്‍ ജോസഫ്, കുഞ്ഞുമോള്‍ തോമസ്, ജിത്തു പോള്‍, രേഷ്മാ ഗോപകുമാര്‍, മേരിക്കുട്ടി പാറയ്ക്കന്‍, സ്വിറ്റി പോള്‍, മെറിന്‍ ജോസഫ്, ക്രിസ്റ്റഫര്‍ തോമസ് എന്നിവരും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക