Image

നമുക്ക് നഷ്ടമാവുന്ന നമ്മള്‍! (കവിത: ജയന്‍ വര്‍ഗീസ്)

Published on 20 March, 2017
നമുക്ക് നഷ്ടമാവുന്ന നമ്മള്‍! (കവിത: ജയന്‍ വര്‍ഗീസ്)
(ഏഷ്യാനെറ്റിന്റെ ' എന്റെ മരം, എന്റെ ജീവന്‍ ' പരിപാടിക്ക് അഭിവാദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് , നഷ്ട വസന്തങ്ങളുടെ വിദൂര സ്മരണകളില്‍ ഒരുണര്‍ത്തു പാട്ട്.)

നാടിന്റെ നട്ടെല്‍ തുളച്ചു, തുളച്ചെത്ര
നാഴിക ക്കല്ലുകള്‍ നാട്ടി നമ്മള്‍!
പാതയോരങ്ങള്‍ കുളിര്‍പ്പിച്ച ചോല വൃ
ക്ഷങ്ങളില്‍ കോടാലി വച്ചു നമ്മള്‍!

കാടും, പുഴകളും, പാടവും കൈത പൂ
ത്താടുന്ന കാവും മറന്നു നമ്മള്‍!
കാലം കടും തുടി കൊട്ടിയുണര്‍ത്തിയ
മാനവ ധര്‍മ്മം വെടിഞ്ഞു നമ്മള്‍!

വേദേതിഹാസങ്ങളില്‍ സത്യധര്‍മ്മങ്ങ
ളാദരം പൊട്ടി മുളച്ച മണ്ണില്‍,
കാലപ്രവാഹക്കുതിപ്പിന്റെ യൂജ്ജ്വല,
വീരേതിഹാസം രചിച്ച മണ്ണില്‍,

കാല ഘട്ടത്തിന്റെ നെഞ്ചിലെ കോണ്‍ക്രീറ്റ്
കാടില്‍ പതുങ്ങി കിടപ്പൂ നമ്മള്‍!
ക്രൂര ദൃംഷ്ട്രങ്ങളമര്‍ത്തി യിരയുടെ
ചോര വലിച്ചു കുടിപ്പു നമ്മള്‍!

ആരെയും വീഴ്ത്തിയാ ചോരയില്‍ മുക്കിയ
കീറകൊടിക്കൂറ യേന്തി നമ്മള്‍,
ആരുടെ നെഞ്ചിലും തേര് തെളിച്ചൊരു
വീരാളിയായി നടപ്പു നമ്മള്‍!

വീണു പിടഞ്ഞു മരിക്കുന്ന ധര്‍മ്മത്തിന്‍
ദീന വിലാപം ശ്രവിച്ചിടാതെ,
ഓടുകയാണൊന്നടിച്ചു പൊളിക്കുവാ
നോരോ കുതിപ്പിലുമിന്നു നമ്മള്‍!
Join WhatsApp News
വിദ്യാധരൻ 2017-03-21 07:20:07

നാടു തുളച്ചിട്ടു ചോര കുടിച്ചു  
ചീർത്തില്ലേ കവി നമ്മളെല്ലാം?
ചോലവൃക്ഷങ്ങൾ വെട്ടിഅറുത്തിട്ട്
തീർത്തില്ല സുന്ദര ശയ്യ നമ്മൾ ?

കാടും മലകളും തോടും പുഴകളും
കൂടാതെ മാനവ ധർമ്മമൊക്കെ
മാഞ്ഞുമറഞ്ഞാലിങ്ങാർക്കു ചേതം?
നാടൊക്കെ വിമാനം ഇറങ്ങിടേണം

വേദേതിഹാസം മറയാക്കി മതം
ചൂഷണം നാട്ടിൽ നടത്തിടുമ്പോൾ
പോയ കാലത്തെ സത്യത്തിലെങ്ങനെ
ഊന്നിഉറപ്പിച്ചു നിന്നിടും നാം?

വർണ്ണ കൊടികളും ചോരകൊടികളും
നാട്ടാരെ പറ്റിക്കും കൊടിക്കൂറയത്രെ
കള്ള പരിഷകൾ രാഷ്ട്രീയ നേതാക്കൾ
കൊള്ളയടിച്ചു കൊഴുത്തിടുന്നു.

കേറണം ഉന്നത ഗോപുരമേവർക്കും
മറ്റുള്ളോന്റെ തോളിൽ ചവുട്ടിയെന്നും
ധർമ്മനീതിയിന്നലഞ്ഞു നടക്കുന്നു
നാട്ടിലെ ചെത്തില പട്ടിപോലെ.

എന്നാലും കവി എഴുതു നീ കൂസാതെ
ആർക്കേലും ആശ്വാസം കിട്ടിയാലോ?
ഉണ്ടീ നാട്ടിലിന്നൊട്ടേറെ ജനം
ഏകാന്തതയുടെ തടവറയിൽ


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക