Image

പരിഷ്കാരികള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

Published on 20 March, 2017
പരിഷ്കാരികള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
അച്ഛന് കൂട്ടായി
ഒഴുകുന്ന ഒരു
വെറ്റില ചെല്ലമുണ്ട്
കൂടെപ്പിറപ്പു പോലെ
അടുത്തൊരു കോളാമ്പിയും …

അമ്മയ്ക്ക് കൂട്ടായി
മുറുക്കി പിടിച്ച
കറി കത്തിയും
എപ്പോഴും ഉണ്ടാകും
കയ്യിലൊരു നാക്കില ..

ചാരുകസേരയില്‍
കാലുകള്‍ നീട്ടി
തളിര്‍ വെറ്റിലയില്‍
ചുണ്ണാമ്പ് തേക്കുമ്പോള്‍
അച്ഛന്‍
അനുഭവിച്ച സുഖം ....

അതിനടുത്തിരുന്നു
നീട്ടി പിടിച്ച
വാളന്‍ പയര്‍
കൊത്തിയരിയുമ്പോള്‍
അമ്മ അനുഭവിച്ച
നിര്‍വൃതിയും...........

ഉമ്മറം ടൈല്‍സ്
പാകിയപ്പോള്‍
മുറുക്കാന്‍ തുപ്പല്‍
അപശകുനമായി
കോളാമ്പിയോടൊപ്പം
എടുത്ത് മാറ്റി
തെക്കേ കലവറയിലേക്ക്...

ഇരുട്ട് മുറിയില്‍
കോളാമ്പിക്ക്
കൂട്ടിരിക്കുമ്പോള്‍
അടുത്ത മുറിയിലും
ഒരു തേങ്ങല്‍..
കറിക്കത്തിയും
അട്ടം കയറിയിരിക്കുന്നു

വാളന്‍ പയറും
ഉണ്ണിപ്പിണ്ടിയും വേണ്ട..
പാഴ്‌സലുമായി
വണ്ടി ഗേറ്റില്‍
എത്തിയിരിക്കുന്നു.

ടേബിളില്‍ റെഡിമെയ്ഡ്
പ്‌ളേറ്റും റെഡി
ഇനി ടി.വി. ഓണ്‍
ചെയ്താല്‍ മാത്രം മതി
എല്ലാം യാന്ത്രികമായി
അകത്തായിക്കൊള്ളും..

ഊണ്‍മേശയിലെ
കലപിലയില്‍
ടി.വി.യിലെ
സീരിയല്‍ ശാപത്തില്‍
അകത്തെ ഇരുട്ടില്‍
മുറുക്കാന്‍ ചെല്ലവും
കറി കത്തിയും
തപ്പുന്ന രണ്ട്
നിഴല്‍ രൂപങ്ങള്‍ ........
മക്കളെ ഇനിയും
സ്‌നേഹിച്ചു തീരാതെ.......


(രാജന്‍ കിണറ്റിങ്കര)
kinattinkara.rajan@gmail.com
പരിഷ്കാരികള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക