Image

'ഹിന്ദുരാഷ്ട്ര': കാവി പടരുന്നു, ചര്‍ക്ക വലിയുന്നു( ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 21 March, 2017
'ഹിന്ദുരാഷ്ട്ര': കാവി പടരുന്നു, ചര്‍ക്ക വലിയുന്നു( ദല്‍ഹികത്ത് : പി.വി.തോമസ്)
ഇവിടെ ഹിന്ദുരാഷ്ട്ര എന്ന് പ്രയോഗിച്ചത് മനപൂര്‍വ്വം ആണ്. 'രാഷ്ട്ര' ഒരു കാന്‍പൂര്‍-നാഗ്പൂര്‍ ഭാഷയാണ്. അഖിലേന്ത്യ അല്ല. ആ ആശയവും.

ഇന്‍ഡ്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ കാവികത്തി പടരുകയാണ്(ബി.ജെ.പി.-സംഘപരിവാര്‍). ചര്‍ക്കവലിക്കുകയും തേങ്ങുകയും ആണ്(കോണ്‍ഗ്രസ്). അതിന് മകുടം ചാര്‍ത്തുവാന്‍ ആയിട്ട് ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് എന്ന തീവ്വ ഹിന്ദുവാദി മുഖ്യമന്ത്രി ആയി ചുമതല ഏറ്റെടുത്തു. ഇതോടെ ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം ആരംഭിക്കുകയാണ്. തീവ്ര ഹിന്ദുത്വവാദിയായ ഒരു യോഗി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ ഭരണ സാരഥി ആവുകയാണ്. ഇതിനു മുമ്പ് സന്യാസിനി, ഉമാഭാരതി മുഖ്യമന്ത്രി ആയിട്ടുണ്ടെങ്കിലും(മദ്ധ്യപ്രദേശ്) ഇത് വളരെ വ്യത്യസ്ഥം ആണ്. നാല്‍പത്തിനാല് വയസുകാരനായ അജയസിംങ്ങ് ബിസ്റ്റ് എന്ന ഗഢവാളി ഠാക്കൂര്‍ ഇന്‍ഡ്യയെ ഒരു ഹിന്ദുരാഷ്ട്രം ആക്കി മാറ്റുവാന്‍ ദൃഢപ്രതിജ്ഞന്‍ ആണ്. 2005-ല്‍ യു.പി.യിലെ ഏറ്റയില്‍ 5000 പേരെ ഘര്‍വാപ്പസിയിലൂടെ പുനര്‍മതപരിവര്‍ത്തനം നടത്തുമ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചു: യു.പി.യെയും ഇന്‍ഡ്യയെയും ഒരു ഹിന്ദുരാഷ്ട്രം ആക്കുന്നതുവരെ ഞാന്‍ വിശ്രമിക്കുകയില്ല. ചെറുപ്പക്കാരനായ യോഗിക്ക് മോഡിയുടെ കസേരയിലും നോട്ടം ഉണ്ടായിരിക്കാം, സമയം ആകുമ്പോള്‍. ഇദ്ദേഹം ഗോവധ നിരോധനത്തിന്റെ മുമ്പന്തിയില്‍ ഉണ്ടായിരുന്നു. ബി.ജെ.പി. അധികാരം ഏല്‍ക്കുന്ന ദിവസം പാതിരാത്രി ബി.ജെ.പി. അധികാരം ഏല്‍ക്കുന്ന ദിവസം പാതിരാത്രി മുതല്‍ യന്ത്രവല്‍കൃത അറവുശാലകള്‍ നിറുത്തലാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗം ആയി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മാടുകളെ അറത്ത് മാംസവും തൊലിയും അസ്ഥിയും വിറ്റ് ജീവിക്കുന്നത് മുസ്ലീംങ്ങളാണ്. ആയതിനാല്‍ യോഗി ലക്ഷ്യം ഇടുന്നത് മറ്റാരെയും അല്ല. മാത്രവും അല്ല ബീഫ് കയറ്റുമതി ചെയ്യുന്നത് യു.പി.യിലെ ഒരു വന്‍വ്യവസായവും ആണ്. ദാദ്രിയില്‍ അക്കലാക്ക് എന്ന മുസ്ലീമിന് രാത്രിയില്‍ ഗോമാംസം സൂക്ഷിച്ചുവെന്ന പേരില്‍ വീടാക്രമിച്ച് കൊന്ന പ്രതികളെ സംരക്ഷിക്കുന്നതിന്റെ മുമ്പന്തിയിലും യോഗി ഉണ്ടായിരുന്നു. യോഗി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അത് ആഘോഷിച്ച ഹിന്ദുക്കള്‍ അക്കലാക്കിന്റെ കൊലപാതകികള്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്തിരുന്നു. ദാദ്രിയില്‍ വിജയിച്ചത് ബി.ജെ.പി. സ്ഥാനാര്‍ത്ഥി ആയിരുന്നു. മുസ്ലീങ്ങള്‍ വിജയാഘോഷങ്ങളില്‍ പങ്കെടുത്തില്ല. മുസഫര്‍ നഗര്‍ പോലെ ദാദ്രിയും മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. യു.പി.യിലെ മിക്ക പ്രദേശങ്ങളുടെയും കഥ ഇതു തന്നെയാണ്. മതവൈരത്തില്‍ വിരാചിക്കുന്ന യോഗിയുടെ തിയറി പ്രകാരം മുസ്ലീങ്ങള്‍ 20-35 ശതമാനം താമസിക്കുന്നിടത്ത് വര്‍ഗ്ഗീയ കലാപം നിശ്ചയം ആണ്. അവര്‍ 35 ശതമാനത്തില്‍ കൂടുതല്‍ ഉള്ളിടത്ത് ഹിന്ദുക്കള്‍ക്ക് കൂട്ടത്തോടെ പാലായനം ചെയ്യേണ്ടതായി വരും! കെയിരാനയില്‍ നിന്നും ഹിന്ദുക്കള്‍ കൂട്ടപാലായനം ചെയ്യുന്നുവെന്ന വാര്‍ത്ത പരന്നപ്പോള്‍ യോഗി ഒരു ജന്ന മുന്നറ്റത്തെ നയിക്കുകയുണ്ടായി. പിന്നീട ആ വാര്‍ത്ത തെറ്റാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തി. ബീഫ് വിവാദം ഉണ്ടായപ്പോള്‍ ബീഫ് ഭക്ഷിക്കേണ്ടവര്‍ പാക്കിസ്ഥാനില്‍ പൊയ്‌ക്കൊള്ളണമെന്ന വിവാദ പ്രസ്താവന അദ്ദേഹം നടത്തി. മതപരിവര്‍ത്തനത്തിന്റെ പേരില്‍ മദര്‍ തെരേസയെയും അദ്ദേഹം ആക്രമിക്കുകയുണ്ടായി. ലൗജിഹാദും, ഘര്‍വാപ്പസിയും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങള്‍ ആണ്. അയോദ്ധ്യയിലെ രാമക്ഷേത്രവും. 1998 മുതല്‍(26 വയസ്) കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ ലോകസഭ മണ്ഡലത്തെ 5 തുടര്‍ച്ചായ തവണകളിലായി പ്രതിനിധീകരിക്കുന്ന യോഗിക്കെതിരെ എട്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മോഡിയും അമിത്ഷായും കൂടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ യു.പി.യെ ഒരു ഹിന്ദുത്വ പരീക്ഷണശാല ആക്കിയിരിക്കുകയാണ് 2019 ലോകസഭ തെരഞ്ഞെടുപ്പ് ഉന്നം വച്ചുകൊണ്ട് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നതില്‍ അതിശയോക്തി ഇല്ല. ഇത് പച്ചയായ തീവ്രഹിന്ദുത്വയാണ്. വികസനം വെറും ഒരു പൊള്ളയായ പൊയ്മുഖം ആണ്.

എന്താണ് ബി.ജെ.പി.-സംഘപരിവാറിന്റെ വിജയവും യോഗി ആദിത്യനാഥിന്റെ സ്ഥാനാരോഹണവും പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പതനവും സൂചിപ്പിക്കുന്നത്? എങ്ങോട്ടാണ് പ്രത്യയ ശാസ്ത്രപരമായി, ഏത് ദിശയിലേക്കാണ് ഇന്‍ഡ്യന്‍ രാഷ്ട്രീയം നീങ്ങുന്നത്? ആദ്യം ബി.ജെ.പി.-സംഘപരിവാര്‍ ശക്തികളെ പരിശോധിക്കാം. 1925- ലെ ഒരു ദസ്രദിവസം ആണ് നാഗ്പൂരില്‍ ഹിന്ദു രാഷ്ട്രം എന്ന ആശയവുമായി രാഷ്ട്രീയ സ്വയം സേവക് സംഘ് ജനിക്കുന്നത്.
1951 ല്‍ അതിന്റെ രാഷ്ട്രീയ സംഘടനയായ ഭാരതീയ ജനസംഘ് രൂപീകരിക്കപ്പെടുന്നു. ഇത് 1952- ലെ ലോകസഭ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടായിരുന്നു. ലക്ഷ്യം ഹിന്ദു രാഷ്ട്രം തന്നെ. ജനസംഘ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അത്ര വിജയിച്ചില്ല. കാരണം കോണ്‍ഗ്രസ് അന്ന് അത്രമാത്രം ശക്തിശാലിയായിരുന്നു. 1952 ല്‍ വെറും മൂന്ന് സീറ്റുകള്‍ മാത്രം ആണ് ജനസംഘിന് ലഭിച്ചത്. പിന്നീട് നാലും(1957), പതിനാലും (1962), 35-ഉം(1967), 22 ഉം(1971), 91(1977), 15(1980) സീറ്റുകള്‍ ലഭിച്ചു.

1980 ല്‍ ആണ് ഭാരതീയ ജനത പാര്‍ട്ടി ഉടലെടുക്കുന്നത്. ജനസംഘിന്റെയും ജനതപാര്‍ട്ടിയുടെയും പിന്തുടര്‍ച്ചയായി. 1977 ല്‍ ഭാരതീയ ജനസംഘ് ജനതപാര്‍ട്ടിയില്‍ ലയിച്ചിരുന്നു അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തില്‍, അല്ലെങ്കില്‍ അതിനുശേഷം നടന്ന ലോകസഭ തെരഞ്ഞെടുപ്പിന്റെ അവസരത്തില്‍. ജനതപാര്‍ട്ടിയിലെ ജനസംഘികള്‍ പിതൃകക്ഷിയെ പിന്തള്ളുവാന്‍ കാരണം ദ്വയാഗം അംഗത്വപ്രശ്‌നം ആയിരുന്നു. അതായത് ജനതപാര്‍ട്ടി അംഗം ആര്‍.എസ്.എസി.ല്‍ അംഗം ആയിക്കൂട. അതിനെ ജനസംഘികള്‍ തള്ളി ഭാരതീയ ജനതപാര്‍ട്ടി രൂപീകരിച്ചു. ഇവിടെയും അജണ്ട തീവ്വഹിന്ദുത്വ-ഹിന്ദുരാഷ്ട്രം- തന്നെ.

1984-ല്‍ നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ലഭിച്ചത് രണ്ട് സീറ്റുകള്‍ മാത്രം ആയിരുന്നു. പിന്നീട് അത് 85-0(1989),120-0(1991), 161-0(1996), 180-0(1998), 182-0(1999) ആയി വര്‍ദ്ധിച്ചു. 1990- കളിലെ പാര്‍ട്ടിയുടെ വളര്‍ച്ചയുടെ പ്രധാന കാരണം രാമജന്മഭൂമി വിഷയത്തിലൂടെയുള്ള മതധ്രുവീകരണം ആയിരുന്നു. 2004-ലും 2009 ലും പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ചു. 114 സീറ്റുകള്‍ മാത്രം ആണ് നേടുവാന്‍ സാധിച്ചത്.

1984-ല്‍ രണ്ട് സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പി. ആണ് 2014 ല്‍ 282 സീറ്റുകള്‍ നേടി കേവലഭൂരിപക്ഷത്തോടെ ഇന്‍ഡ്യ ഭരിക്കുന്നത്. ഇതിനുള്ള പ്രധാന കാരണങ്ങള്‍ നരേന്ദ്ര മോഡിയുടെ നേതൃത്വവും കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് സമശീര്‍ഷനായി ഒരു നേതാവ് ഇല്ലാത്തതും പിന്നെ ഹിന്ദുത്വ ആശയത്തിന്റെ അംഗീകാരവും ആണ്.

ബി.ജെ.പി.യും സംഘപരിവാറും ഹിന്ദുരാഷ്ട്രം എന്ന ആശയവും വളരുകയാണ്. 1997-ല്‍  ബി.ജെ.പി.ക്ക് നാല് സംസ്ഥാനങ്ങളില്‍ മാത്രം ആണ് അധികാരം ഉണ്ടായിരുന്നത്. സഖ്യകക്ഷികളെ കൂടെ കൂട്ടിയാല്‍ ആറ് സംസ്ഥാനങ്ങളില്‍ ഗവണ്‍മെന്റുകള്‍ ഉണ്ടായിരുന്നു.
2002 ല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ബി.ജെ.പി. ഭരിച്ചു. 2007-ല്‍ ബി.ജെ.പി. ആറു സംസ്ഥാനങ്ങള്‍ പിടിച്ചു. സഖ്യകക്ഷികളുമായി മൊത്തം എട്ട് സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ ആയി. 2007 ല്‍ ആറ് സംസ്ഥാനങ്ങളില്‍ തനിച്ചും സഖ്യകക്ഷികളുമായി മൊത്തം ഒമ്പത് സംസ്ഥാനങ്ങളിലും ബി.ജെ.പി. ഭരിച്ചു. 2012 ല്‍ ഇത് ആറ് പ്ലസ് രണ്ട് അതായത് എട്ട് സംസ്ഥാനങ്ങള്‍ ആയി. ഇന്ന്, 2017 ല്‍ ബി.ജെ.പി. സ്വയം പതിനൊന്ന് സംസ്ഥാനങ്ങളില്‍ ഭരിക്കുന്നു. സഖ്യകക്ഷികളുമായി നാല് സംസ്ഥാനങ്ങളിലും. അതായത് ആകെ 15 സംസ്ഥാനങ്ങള്‍. ഇന്‍ഡ്യയില്‍ ഇപ്പോള്‍ ആകെയുള്ളത് 29 സംസ്ഥാനങ്ങളും ആണ് യൂണിയന്‍ ടെറിട്ടറികളും ആണ്. അതായത് ബി.ജെ.പി. കേന്ദ്രവും 15 സംസ്ഥാനങ്ങളും ഭരിക്കുന്നുവെന്ന് സാരം. ഇത് അത്ര നിസാരം അല്ല. വലിയ കാര്യം ആണ് ഒരു പ്രത്യയ ശാസ്ത്രത്തിന്റെയും നേതൃത്വത്തിന്റെയും വന്‍ വിജയം ആണ്.

ഇനി എന്താണ് മറുവശത്ത് കോണ്‍ഗ്രസിന്റെ അവസ്ഥ? ലോകസഭയില്‍ 44 സീറ്റുകള്‍ മാത്രം ആണ് ഉളളത്. 1997 ല്‍ 25 സംസ്ഥാനങ്ങള്‍ ഉള്ള സമയത്ത് കോണ്‍ഗ്രസ് 10 സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ ഉണ്ടായിരുന്നു. 2002-ലും 2007-ലും 2012 ലും 28 സംസ്ഥാനങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസും 14 സംസ്ഥാനങ്ങളും 11 സംസ്ഥാനങ്ങളും 13 സംസ്ഥാനങ്ങളും ഭരിച്ചു. ഇതില്‍ ഓരോരോ സംസ്ഥാനങ്ങളും സഖ്യകക്ഷികളും ആയി ഭരിച്ചു. എന്നാല്‍ 2017-ല്‍ കോണ്‍ഗ്രസ് ഭരിക്കുന്നത് വെറും 7 സംസ്ഥാനങ്ങളില്‍ മാത്രം ആണ് 29 സംസ്ഥാനങ്ങളില്‍. ഒരു സംസ്ഥാനം കൂടെകൂട്ടാം സഖ്യകക്ഷിയുമായി ഭരിക്കുന്ന കാര്യത്തില്‍. അതായത് എട്ട് സംസ്ഥാനങ്ങള്‍.

എന്താണ് ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും കാരണങ്ങള്‍. ആശയപരം? നേതൃത്വം? സംഘപരിവാറിന്റെ സംഭാവന? കോണ്‍ഗ്രസിന് അങ്ങനെ ഒന്ന് ഇല്ലാത്തത്? ഇതെല്ലാം ഇതില്‍ ഘടകങ്ങള്‍ ആണ്. പ്രാദേശിക കക്ഷികളുടെ പരാജയവും ബി.ജെ.പി.യെ വളരെ സഹായിക്കുന്നുണ്ട്. യു.പി.യില്‍ സമാജ് വാദി പാര്‍ട്ടിയുടെയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും പരാജയം മകുടോദാഹരണം ആണ്. 1997-ല്‍ 11 സംസ്ഥാനങ്ങള്‍ ആണ് പ്രാദേശിക പാര്‍ട്ടികള്‍ ഭരിച്ചിരുന്നത്. 2017-ല്‍ അത് വെറും ഏഴ് സംസ്ഥാനങ്ങള്‍ ആയി ചുരുങ്ങിയിരിക്കുന്നു! ഇടതു പക്ഷത്തിന്റെ ക്ഷയവും ഒരു കാരണം ആണ്.

ബി.ജെ.പി.യുടെയും മോഡിയുടെ വളര്‍ച്ച ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെ ഒരു പുതിയ അദ്ധ്യായം ആണ് 2014- മുതല്‍ ഇന്ന് വരെ. കോണ്‍ഗ്രസിന്റെ പതനം പരിതാപകരവും. കാരണം ഒരു ജനാധിപത്യത്തിന്റെ ആരോഗ്യപരമായ വളര്‍ച്ചക്കും നിലനില്‍പിനും ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ ആവശ്യം ഉണ്ട്. ഇന്നും ശക്തമായ ഒരു പ്രതിപക്ഷവും ഇല്ല ശക്തനായ ഒരു പ്രതിപക്ഷ നേതാവും ഇല്ല. യൂണിപോളാര്‍സിസ്റ്റം അല്ല ഇന്‍ഡ്യക്ക് വേണ്ടത്. ബൈപോളാര്‍ സിസ്റ്റം പോലും അല്ല. മള്‍ട്ടി പോളാര്‍ സിസ്റ്റം ആണ് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ജീവതന്തു.

സോണിയ ഗാന്ധി ആരോഗ്യപരമായി നല്ല അവസ്ഥയില്‍ അല്ല. അത് മനുഷ്യസഹജം ആണ്. രാഹുല്‍ ഇതുവരെ നേതൃത്വത്തിന്റെ ഉയരങ്ങളിലേക്ക് ഉയര്‍ന്നിട്ടില്ല. രണ്ടാംനിര ദേശീയ നേതൃത്വം കെട്ടിപ്പടുക്കപ്പെട്ടിട്ടില്ല. ഒന്നാം നിര ദേശീയ നേതൃത്വം പോലും സജീവം അല്ല. സംസ്ഥാന നേതൃത്വങ്ങളുടെ കാര്യം പറയേണ്ട. അതിദയനീയം ആണ് ഈ പാര്‍ട്ടിയുടെ അവസഥ. അത് തീവ്രപരിചരണ വിഭാഗത്തില്‍ ആയതുപോലെ തന്നെയാണ്. മോഡി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതുപോലെ ഇന്‍ഡ്യ കോണ്‍ഗ്രസ് വിമുക്ത അവസ്ഥയിലേക്ക് മെല്ലെ നീങ്ങുകയാണോ? അത് അഭികാമ്യം ആണോ? എങ്കില്‍ അതിന് ശേഷം എന്ത്? ആരാണ് ഇതിന് കാരണക്കാര്‍?

'ഹിന്ദുരാഷ്ട്ര': കാവി പടരുന്നു, ചര്‍ക്ക വലിയുന്നു( ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക