Image

കൃഷ്‌ണദാസിന്റെ അറസ്റ്റ്‌: സര്‍ക്കാരിനെ വെല്ലുവിളിച്ച്‌ മാനെജ്‌മെന്റുകള്‍

Published on 21 March, 2017
കൃഷ്‌ണദാസിന്റെ അറസ്റ്റ്‌: സര്‍ക്കാരിനെ വെല്ലുവിളിച്ച്‌ മാനെജ്‌മെന്റുകള്‍


ലക്കിടി: നെഹ്‌റു ഗ്രൂപ്പ്‌ ചെയര്‍മാന്‍ പി. കൃഷ്‌ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ മാനെജ്‌മെന്റുകള്‍ വീണ്ടും സമരത്തിന്‌. 

കൃഷ്‌ണദാസിനെ അറസ്റ്റ്‌ ചെയ്‌ത നടപടിയില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാനത്തെ എല്ലാ സ്വാശ്രയപ്രൊഫഷണല്‍ കോളെജുകളും അടച്ചിടുമെന്ന്‌ മാനെജ്‌മെന്റ്‌ അസോസിയേഷനുകള്‍ പ്രഖ്യാപിച്ചു. 

നേരത്തെ ജിഷ്‌ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന്‌ സംസ്ഥാനത്തെ സ്വാശ്രയ കോളെജുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോഴും ഇത്തരത്തില്‍ സമരവുമായി മാനെജ്‌മെന്റുകള്‍ രംഗത്തുവന്നിരുന്നു.

ലക്കിടി കോളെജിലെ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ്‌ പൊലീസ്‌ കൃഷ്‌ണദാസിനെ അറസ്റ്റ്‌ ചെയ്‌തത്‌. കൃഷ്‌ണദാസടക്കം നാലുപേരെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 

ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വത്‌സല കുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരാണ്‌ അറസ്റ്റിലായത്‌. തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ കുറ്റങ്ങളാണ്‌ കൃഷ്‌ണദാസിനെതിരെ ചുമത്തിയിരുന്നത്‌. 

ലക്കിടിയിലെ നെഹ്രു അക്കാദമിക്‌ ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സഹീറിന്റെ പരാതിയിലാണ്‌ പൊലീസ്‌ നടപടി. 

 തന്നെ മര്‍ദിച്ചെന്ന്‌ കാട്ടിയായിരുന്നു സഹീറിന്റെ പരാതി. തൃശൂര്‍ പഴയന്നൂര്‍ പൊലീസാണ്‌ കേസെടുത്തിരിക്കുന്നത്‌.

ഇന്നലെ കൃഷ്‌ണദാസിന്റെ അറസ്റ്റിനെ അതിരൂക്ഷമായ ഭാഷയിലാണ്‌ ജസ്റ്റിസ്‌ എബ്രഹാം മാത്യുവിന്റെ ബെഞ്ച്‌ വിമര്‍ശിച്ചത്‌.

കോടതിയെ വിഡ്‌ഢിയാക്കാന്‍ ശ്രമിക്കരുതെന്നും വിഡ്‌ഢിയാക്കുന്ന പൊലീസിനെ എന്തു ചെയ്യണമെന്ന്‌ അറിയാമെന്നും കോടതി വിമര്‍ശിച്ചു. 

കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത്‌ ദുരുദ്ദേശപരമെന്നും വകുപ്പുകള്‍ ചേര്‍ത്തത്‌ വ്യാജമാണെങ്കില്‍ ഉദ്യോഗസ്ഥന്‍ സര്‍വ്വീസിലുണ്ടാകില്ലെന്നുമുളള നിരീക്ഷണങ്ങളും ജസ്റ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. 

പൊലീസിന്റെ സമീപനം ഇതാണെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഇന്നും പൊലീസിനോടുളള അതൃപ്‌തി ഹൈക്കോടതി പ്രകടിപ്പിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക