Image

യുഡിഎഫിലേക്കു 'ക്ഷണിച്ചവരുടെ സന്മനസിന്‌ നന്ദി'; ഉടനെ തിരിച്ചുപോകില്ലന്നും മാണി

Published on 21 March, 2017
യുഡിഎഫിലേക്കു 'ക്ഷണിച്ചവരുടെ സന്മനസിന്‌ നന്ദി'; ഉടനെ തിരിച്ചുപോകില്ലന്നും മാണി

മലപ്പുറം: കോണ്‍ഗ്രസ്‌ നേതാക്കളായ ഉമ്മന്‍ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും യുഡിഎഫിലേക്കുളള ക്ഷണത്തിന്‌ നന്ദിയെന്ന്‌ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കെ.എം മാണി. ശപിച്ചിട്ടല്ല, ദുഃഖത്തോടെയാണ്‌ യുഡിഎഫില്‍ നിന്ന്‌ ഇറങ്ങിപ്പോയതെന്നും അദ്ദേഹം പറഞ്ഞു. 

യുഡിഎഫ്‌ നന്നായി വരുന്നതില്‍ സന്തോഷമുണ്ട്‌. പക്ഷേ ഉടനെ തിരിച്ചുപോകില്ല. ക്ഷണിച്ചവരുടെ സന്മനസിന്‌ നന്ദിയുണ്ടെന്നും ഇപ്പോള്‍ പിന്തുണ കുഞ്ഞാലിക്കുട്ടിക്ക്‌ മാത്രമാണെന്നും അദ്ദേഹം വിശദമാക്കി. യുഡിഎഫിനോട്‌ അന്ധമായ എതിര്‍പ്പൊന്നും ഇല്ല. അന്നെടുത്ത നിലപാട്‌ ഇതുവരെ ശരിയാണെന്നാണ്‌ തെളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കെ.എം മാണി മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥിയായ കുഞ്ഞാലിക്കുട്ടിക്ക്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്‌ സൗഹൃദത്തിന്റെ പുറത്തുളള പിന്തുണയാണെന്നും യുഡിഎഫിനെ അല്ല താന്‍ പിന്തുണക്കുന്നതെന്നും മാണി വ്യക്തമാക്കിയിരുന്നു.

 കൂടാതെ കേരള കോണ്‍ഗ്രസ്‌ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുകയും ചെയ്യുമെന്ന്‌ അറിയിച്ചിരുന്നു.

ഇതില്‍ പങ്കെടുക്കാനായി കുഞ്ഞാലിക്കുട്ടി യുഡിഎഫ്‌ നേതാക്കളുടെ അനുമതിയും വാങ്ങിയിരുന്നു. പിന്നാലെയാണ്‌ മാണി മടങ്ങിവരണമെന്ന ആഗ്രഹം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ വ്യക്തമാക്കിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക