Image

നീര്‍ കിളികള്‍ (കഥ: റോബിന്‍ കൈതപ്പറമ്പ്)

Published on 21 March, 2017
നീര്‍ കിളികള്‍ (കഥ: റോബിന്‍ കൈതപ്പറമ്പ്)
ആരോടും ഒന്നും പറയാതെ ആണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. അല്ലെങ്കില്‍ തന്നെ ആരോട് എന്താണ് പറയേണ്ടത്, നാടും വീടും വിട്ട് പോവുകയാണെന്നോ; അതോ എല്ലാറ്റിനേയും പുറകില്‍ ഉപേക്ഷിച്ച് ഒരു ഭീരുവിനെപ്പോലെ രക്ഷപെടുകയാണന്നോ. ചുറ്റിലും കാണുന്നതെല്ലാം പൊയ്മുഖങ്ങളും പൊള്ളയായ ചിരികളും മാത്രം. ഒരിറ്റ് തണലിനായി, ഭാരമിറക്കി തല ചായിച്ച് നില്‍ക്കാന്‍ ഒരു ചുമലിനായി; ഇല്ല .. തനിക്കെന്ന് പറയാനായി ഇവിട ആരും ഇല്ല. നേടിയെന്ന് കരുതിയതും, സ്വന്തമാക്കാന്‍ കൊതിച്ചതും എല്ലാം എല്ലാം തനിക്ക് ഇന്ന് അന്യമായിരിക്കുന്നു.

എത്രയും പെട്ടെന്ന് ഇവിടുന്ന് രക്ഷപെടണം. തന്നെ കടിച്ചു വലിക്കാന്‍ നില്‍ക്കുന്ന സഹോദരങ്ങളുടെയും, ബദ്ധുക്കളുടെയും ഇടയില്‍ നിന്നും ഓടിപ്പോയെ മതിയാകു. കൈയ്യില്‍ കിട്ടിയതൊക്കെ ഒരു ബാഗില്‍ കുത്തി നിറച്ച് അക്ഷരാര്‍ത്ഥത്തില്‍ ഓടുകതന്നെ ആയിരുന്നു. തന്റെ ചോര നീരാക്കി വാളര്‍ത്തിയ തന്റെ സഹാദരങ്ങള്‍ ,ഇപ്പോള്‍ നേര്‍ക്ക് നിന്ന് സംസാരിക്കാറായിരിക്കുന്നു. തന്റെ കുറ്റങ്ങളും കുറവുകളും എണ്ണി പറയാനും തുടങ്ങിയിരിക്കുന്നു. ധൃതിയില്‍ ഉള്ള നടത്തയില്‍ കാല് എവിടെയോ തട്ടി; കണ്ണ് നിറഞ്ഞിരുന്നത് കാഴ്ച്ചയെ തെല്ല് മറച്ചുവോ....

ആദ്യം വന്ന ഓട്ടോയിക്ക് കൈ കാണിച്ചു " റെയില്‍വെ സ്‌റ്റേഷന്‍ '' ഓട്ടോ ഓടിച്ചിരുന്ന പയ്യന്‍ ഒന്നു നോക്കി. ഈ അസമയത്ത് എന്ത് എന്നാകും, അതോ കണ്ണ് നിറഞ്ഞിരുന്നത് അവന്‍ കണ്ടുവോ? മുഖം തിരിച്ച് വേഗം "പോകട്ടെ " എന്ന് പറഞ്ഞു. ഉള്ളിലെ സങ്കടം മുഴുവനും തേങ്ങലായ് പുറത്തേയ്ക്ക് ഒഴുകുമോ എന്ന് ശങ്കിച്ചു.ചുണ്ട് മുറുക്കി കടിച്ച് തികട്ടി വന്ന കരച്ചില്‍ ഒതുക്കി.എത്രയും പെട്ടെന്ന് ഏറ്റവും ദൂരത്തേയ്ക്ക് അതു മാത്രമായിരുന്നു മന:സില്‍. എങ്ങോട് എന്ന ചിന്ത അപ്പോഴും ബാക്കിയായി. പെട്ടെന്നാണ് ഡല്‍ഹിയില്‍ ഉള്ള പ്രീയ കൂട്ടുകാരി രേഷ്മയെക്കുറിച്ച് ഓര്‍ത്തത്, പണ്ട് ഡല്‍ഹിയില്‍ ജോലി ചെയ്യുംബോള്‍ ഒരേ മുറിയില്‍ കഴിഞ്ഞിരുന്നവരാണ്. അവളുടെ അടുത്തേയ്ക്ക് തന്നെ പോകാം. ബാക്കി അവിടെ ചെന്നിട്ട് .

ഓട്ടോക്കാരന് കാശും കൊടുത്ത് റെയില്‍വെ സ്‌റ്റേഷനിലേയ്ക്ക് നടന്നു. അറിയാവുന്ന പയ്യന്‍ ആയിരിക്കണം. ഓട്ടോ ഇറങ്ങി റെയില്‍വെ സ്‌റ്റേഷന്‍ കയറുന്നതു വരെ അവര്‍ അവിടെ തന്നെ നില്‍ക്കുന്നത് കണ്ടു.പണ്ടൊക്കെ തന്നെ യാത്രയാക്കാന്‍ എല്ലാവരും കൂടെ എത്തുന്നത് ഒരു നിമിഷം ഓര്‍ത്തു പോയി. ഡെല്‍ഹിക്ക് ടിക്കറ്റും എടുത്ത് ട്രെയിന്‍ വരാനായി ഒഴിഞ്ഞ് കിടന്ന ഒരു ബഞ്ചില്‍ ഇരുന്നു. തന്നെ ഇപ്പോള്‍ ആരെങ്കിലും അന്വേഷിക്കുന്നുണ്ടാകുമോ, ഉണ്ടാകും വെറുതെ അങ്ങനെ ആശിക്കാന്‍ മന:സ്സ് പറയുന്നു.അങ്ങനെ അല്ലെങ്കില്‍ പോലും.

ഒന്നും ഓര്‍ക്കരുത്, ചിന്തിക്കരുത് എന്ന് എത്ര മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചാലും, എല്ലാം ഒന്നിന് പിറകെ ഒന്നായി കടിഞ്ഞാണ്‍ പൊട്ടിയ കുതിരയെപ്പോലെ തന്റെ ബലിഷ്ടമായ കാലുകള്‍ ആഴത്തില്‍ പതിപ്പിച്ച്; അസഹ്യമായ വേദനയോടെ കടന്ന് വരുന്നു. ഓര്‍മ്മകള്‍ കൂടിക്കുഴഞ്ഞ് കിടക്കുന്നു. ഒന്നിനും ഒരു അടുക്കും ചിട്ടയും ഇല്ലാത്ത തന്റെ ജീവിതം പോലെ. നഴ്‌സിങ്ങ് പഠിക്കുംബോഴും, ജോലികിട്ടി കൂട്ടുകാരൊത്ത് മുറി പങ്കിടുമ്പോഴും എല്ലാവര്‍ക്കും ഉണ്ടായിരുന്ന പരാതി അത് മാത്രമായിരുന്നു " അടുക്കും ചിട്ടയും" ഇല്ല. പക്ഷേ തന്റെ ആ സ്വഭാവത്തിന് രേഷ്മയാണ് ഒരു പരിധി വരെ നിയന്ത്രണം കൊണ്ടു വന്നത്. പലപ്പോഴും ഒരു കൂടപ്പിറപ്പിനെപ്പോലെ അവള്‍ ശാസിക്കുകയും അനുസരിപ്പിക്കുകയും ചെയ്തു

ചിന്തകള്‍ക്ക് ചൂടു പിടിക്കുന്നത് കൊണ്ടാവണം കണ്ണ് അറിയാതെ നിറഞ്ഞ് തുളുമ്പുന്നു. ഇനി എന്ത് എന്ന ചോദ്യവും ബാക്കിയാകുന്നു. തന്റെ ഇത്രയും നാളത്തെ പരിശ്രമവും പ്രയത്‌നവും എല്ലാം പാഴായിരുന്നല്ലോ എന്ന് ഓര്‍ക്കുംബോള്‍.... വിവാഹ ജീവിതവും ഉപേക്ഷിച്ച് കുടുംബത്തിന് വേണ്ടി ജീവിക്കുന്ന തന്നെ പോലുള്ള സ്ത്രീകളുടെ എല്ലാം അവസാനം ഇങ്ങനെ ഒക്കെ ആയിരിക്കാം. എല്ലാം വിധി, സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. ഏതായാലും ഒന്നുണ്ട്, സഹോദരങ്ങള്‍ക്ക് എല്ലാം ജീവിതം ആയി. തനിക്ക് ആശ്വാസമായി കൂടെ നില്‍ക്കും എന്ന് കരുതിയ അച്ചനും അമ്മയും തന്നെ തള്ളി പറഞ്ഞപ്പോളാണ് ശരിക്കും തോറ്റു പോയത്. എവിടെയും സ്വാര്‍ത്ഥതയുടെ പൊയ്മുഖങ്ങള്‍ മാത്രം.

കുറച്ചൊന്ന് മയങ്ങിയതോ അതോ ഓര്‍മ്മകളിലേയ്ക്ക് കൂപ്പുകുത്തിയതോ, അറിയില്ല. ആരോ തൊട്ടു വിളിക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. ഒരു കൊച്ചു പെണ്‍കുട്ടി കൈയ്യും നീട്ടി നില്‍ക്കുന്നു. കാണുംബോഴെ അറിയാം വിശനിട്ടാണ് എന്ന് കരഞ്ഞ് കണ്ണ് രണ്ടും കലങ്ങി കിടക്കുന്നു.കൈയിലും കാലിലുമായി അടികൊണ്ട് തിണര്‍ത്ത പാടുകള്‍.ഒരു നിമിഷം താന്‍ തന്നെ ആണോ ആ നില്‍ക്കുന്നത് എന്ന് തോന്നിപ്പോയി. "എന്താ മോളുടെ പേര് " വത്സല്യത്തോടെ ചോദിച്ചു. "ഗൗരി " അവള്‍ മറുപടി പറഞ്ഞു. "എന്താ വേണ്ടത് ഗൗരിക്ക് " ഇപ്പോള്‍ കരയും എന്ന പരുവം ആയി അവള്‍ "വിശക്കുന്നു ഒന്നും കഴിച്ചിട്ടില്ല എന്തെങ്കിലും മേടിച്ച് തരുമോ" തന്റെ ഉള്ളിലെ മാതൃ ഹൃദയം ഒന്ന് തേങ്ങിയോ? കൈ നീട്ടി അവളെ ചേര്‍ത്തു പിടിച്ചു.മനസ്സ് നിറയെ സങ്കടവുമായിട്ടാണ് താന്‍ ഇരിക്കുന്നത് പക്ഷേ ഈ കുഞ്ഞുമോളുടെ സങ്കടത്തിന് മുന്‍പില്‍ അത് ഒന്നും അല്ലാത്തതു പോലെ തോന്നി. കാന്റീനിലേയ്ക്ക് ഗാരിയെം കൂട്ടി നടക്കുന്നതിനിടയില്‍ അവള്‍ തന്റെ കഥ പറഞ്ഞു. അച്ചനും അമ്മയും ആരാണെന്ന് അറിയില്ല. തെരുവിലാണ് താമസം, മറ്റ് തെരുവിലേ കുട്ടികളോടൊപ്പം നടക്കും, എല്ലാവരോടും കൈ നീട്ടും, കിട്ടുന്നത് കൊടുത്ത് വിശപ്പടക്കും. ചില ദിവസങ്ങളില്‍ ഒന്നും കിട്ടാറില്ല.ചില ദിവസങ്ങളില്‍ അടി കിട്ടും. ഇന്ന് വിശപ്പ് സഹിക്കാതെ ഒരു ഹോട്ടലില്‍ കയറി അവര് അടിച്ച പാടുകള്‍ ആണ് കൈയ്യിലും കാലിലും. താനിപ്പോള്‍ ശരിക്കും കരഞ്ഞു പോകുമോ എന്ന് തോന്നി.

കാന്റീനില്‍ ചെന്ന് അവള്‍ക്ക് വേണ്ടുന്നത് എല്ലാം വാങ്ങി കൊടുത്തു. അവള്‍ അതെല്ലാം ആര്‍ത്തിയോടെ വാരി കഴിക്കുന്നത് നോക്കി ഇരുന്നു.ഭക്ഷണം കഴിക്കുന്നതിന്റെ ഇടയില്‍ ഗൗരിയോട് ചോദിച്ചു " മോള് ചേച്ചിയുടെ കൂടെ വരുന്നോ? ചേച്ചിക്കും ആരും ഇല്ല;ചേച്ചിയുടെ കൂടെ വരാമെങ്കില്‍ എന്നും ഭക്ഷണവും നല്ല ഉടുപ്പും ഒക്കെ മേടിച്ച് തരാം, പോരുന്നോ കൂടെ ". വയര്‍ നിറഞ്ഞതിന്റെ ആശ്വാസത്തില്‍ അവള്‍ ചിരിച്ചു. തന്റെ കൂടെ വരാം എന്നും സമ്മതിച്ചു.

ഇതുവരെ ഉള്ള യാത്ര എന്നും തനിച്ചായിരുന്നു. ഇനി മുതല്‍ തന്റെ ഒപ്പം ഗൗരിയും ഉണ്ട്. രണ്ട് പേരും തുല്യ ദു:ഖിതര്‍, ഒരാള്‍ അനാഥത്വവും പേറി തെരുവില്‍ അലയുന്നു, മറ്റെയാള്‍ എല്ലാവരും ഉണ്ടായിരുന്നിട്ടും അനാഥയായി ജീവിക്കാന്‍ വിധിക്കപ്പെട്ടവള്‍. പലപ്പോഴും ജീവിതം അങ്ങനെയാണ്. ലോകത്തിന്റെ വര്‍ണ്ണക്കാഴ്ച്ചകള്‍ കൊണ്ട് നമ്മെ വല്ലാതെ ഭ്രമിപ്പിക്കും എന്നിട്ട് ഒറ്റ നിമിഷാര്‍ദ്ധം കൊണ്ട് ചില്ല് കൊട്ടാരം പോലെ തകര്‍ത്തു കളയും. പിന്നെയും സ്വപനം കാണാന്‍ നമ്മെ പ്രേരിപ്പിക്കും തന്റെ തന്നെ ജീവിതം അതിന് ഉദാഹണം. എല്ലാ ബന്ധങ്ങളും സ്വപ്നങ്ങളും പുറകില്‍ ഉപേക്ഷിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചവള്‍, എല്ലാറ്റില്‍ നിന്നും ഉള്‍വലിഞ്ഞ് എങ്ങോട്ടെന്ന് അറിയാതെ ഇറങ്ങി തിരിച്ചവള്‍. ഇതാ ഇവിടെ ഗൗരിയുടെ രൂപത്തില്‍ ജീവിതം വീണ്ടും മാടി വിളിക്കുന്നു.ഗൗരിയുടെ മുഖത്തേയ്ക്ക് നോക്കുംബോള്‍ തന്റെ ഉള്ളിലെ അമ്മ മന:സ് ഉണരുന്നു.ഇവള്‍ ശരിക്കും തന്റെ മകള്‍ തന്നെ അല്ലേ.തനിക്ക് ജനിക്കാത്ത തന്റെ പൊന്നു മകള്‍.ഗൗരിയേയും ചേര്‍ത്ത് പിടിച്ച് ട്രയിന്‍ കയറുംബോള്‍ കിഴക്ക് സൂര്യന്‍ പൊന്‍ പ്രഭ വീശി ഉദിച്ചു തുടങ്ങി.തന്റെ തന്നെ ഇരുളടഞ്ഞ ഭൂതകാലത്തെ പുറകിലേക്ക് തള്ളി മാറ്റി ഗൗരി എന്ന സൂര്യശേഭ തന്റെ ജീവനിലേയ്ക്ക് വന്നതു പോലെ. ഇവിടെ തങ്ങളുടെ ജീവിതം തുടങ്ങുന്നു, തന്റെയും ഗൗരിയുടെയും. ട്രയിന്‍ നീട്ടി ചൂളം വിളിച്ച് പതിയെ നീങ്ങിതുടങ്ങി. പുറത്തെ കാഴ്ച്ചകള്‍ നോക്കി ഗൗരീയും അവളെ നോക്കി ഞാനും.... പുതിയ ഒരു ജീവിതം തുടങ്ങാന്‍ ഞങ്ങള്‍ രണ്ട് പേരും ..........

റോബിന്‍ കൈതപ്പറമ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക