Image

കൃഷ്‌ണദാസ്‌ റിമാന്റില്‍ തന്നെ; ജാമ്യം നല്‍കരുതെന്ന്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Published on 21 March, 2017
കൃഷ്‌ണദാസ്‌ റിമാന്റില്‍ തന്നെ; ജാമ്യം നല്‍കരുതെന്ന്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
 കൊച്ചി: ലക്കിടി കോളജ്‌ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ പാമ്പാടി നെഹ്രു കോളജ്‌ ചെയര്‍മാന്‍ പി കൃഷ്‌ണദാസ്‌ റിമാന്റില്‍ തുടരും. 

കൃഷ്‌ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ കോടതി ബുധനാഴ്‌ചത്തേക്ക്‌ മാറ്റി. അതേസമയം, കേസിലെ മൂന്നാം പ്രതി നിയമോപദേശക സുചിത്രക്ക്‌ വടക്കാഞ്ചേരി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 

എന്നാല്‍ കൃഷ്‌ണദാസ്‌ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. അതേസമയം, കൃഷ്‌ണദാസിന്റെ അറസ്റ്റില്‍ ഹൈക്കോടതി അതൃപ്‌തി രേഖപ്പെടുത്തി. 

കൃഷ്‌ണദാസിന്‌ പോലീസ്‌ നോട്ടീസ്‌ അയച്ചത്‌ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു. എന്നാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ്‌ ചെയ്‌തു.

 ഇത്‌ എന്തുകൊണ്ടാണെന്ന്‌ ഹൈക്കോടതി പ്രോസിക്യൂഷനോട്‌ ചോദിച്ചു. ചോദ്യം ചെയ്‌തപ്പോഴാണ്‌ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ തീരുമാനിച്ചതെന്നും അതിനുള്ള അവകാശം അന്വേഷണ ഉദ്യോഗസ്ഥനുണ്ടെന്നുമുള്ള സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. 

നെഹ്രു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളജിലെ വിദ്യാര്‍ഥി സഹീറിനെ മര്‍ദ്ദിച്ച കേസിലാണ്‌ കൃഷ്‌ണദാസിനെയും നിയമ ഉപദേശക സുചിത്ര, അധ്യാപകരായ ഗോവിന്ദന്‍ കുട്ടി, സുകുമാരന്‍, പിആര്‍ഒ വല്‍സല കുമാര്‍ എന്നിവരെ അറസ്റ്റ്‌ ചെയ്‌തത്‌. 

കൃഷ്‌ണദാസ്‌ സഹീറിനെ മര്‍ദ്ദിച്ചെന്നും ചോദിക്കാന്‍ ചെന്ന രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നുമാണ്‌ പരാതി. 

 അതിനിടെ, ജിഷ്‌ണു പ്രണോയ്‌ കേസില്‍ കൃഷ്‌ണദാസിന്‌ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 

ഇതോടെ ഹൈക്കോടതിക്ക്‌ ജാമ്യം നല്‍കുന്നതിന്‌ തടസം നേരിട്ടിരിക്കുകയാണ്‌. 


കൃഷ്‌ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്ന ഹൈക്കോടതി ജഡ്‌ജിക്കെതിരേ, പാമ്പാടി നെഹ്രു കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്‌ണു പ്രണോയിയുടെ അമ്മ ചീഫ്‌ ജസ്റ്റിസിന്‌ പരാതി നല്‍കി. 

വാദം കേള്‍ക്കുന്ന ജഡ്‌ജിക്ക്‌ നെഹ്രു ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കണമെന്നാണ്‌ പരാതി. ബന്ധമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക