Image

രാഹുലിനെ വിമര്‍ശിച്ച മഹേഷിനെ സസ്‌പെന്‍ഡ്‌ ചെയ്‌തെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം

Published on 22 March, 2017
രാഹുലിനെ വിമര്‍ശിച്ച  മഹേഷിനെ സസ്‌പെന്‍ഡ്‌ ചെയ്‌തെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം

കൊല്ലം: യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി.ആര്‍ മഹേഷിനെ സസ്‌പെന്‍ഡ്‌ ചെയ്‌തതായി ദേശീയനേതൃത്വം. രാജിപ്രഖ്യാപനം നടത്തുന്നതിന്‌ മുന്‍പാണ്‌ അദ്ദേഹത്തെ പുറത്താക്കിയതെന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.

 കോണ്‍ഗ്രസ്‌ ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഫെയ്‌സ്‌ബുക്കിലൂടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനാണ്‌ സസ്‌പെന്‍ഷന്‍. ചീഞ്ഞുനാറി നില്‍ക്കാന്‍ ആഗ്രഹമില്ലെന്നും അതിനാല്‍ താന്‍ കോണ്‍ഗ്രസില്‍ നിന്നും താത്‌കാലികമായി വിടപറയുന്നുവെന്നും മഹേഷ്‌ ഉച്ചയ്‌ക്ക്‌ കൊല്ലത്ത്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ കെപിസിസി അധ്യക്ഷനെ നിയമിക്കാത്തതിലും കെഎസ്യുവില്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പും ഉത്തര്‍പ്രദേശ്‌ അടക്കമുളള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഫലങ്ങളും ചൂണ്ടിക്കാട്ടിയാണ്‌ ഇന്നലെ മഹേഷ്‌ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്‌.

 കെപിസിസിയ്‌ക്ക്‌ നാഥന്‍ ഇല്ലാതായിട്ട്‌ രണ്ടാഴ്‌ച്ച ആകുന്നു. ബിജെപിയുടെയും സിപിഐഎമ്മിന്റെയും ഭരണ പരാജയത്തിനെതിരെ ജനപക്ഷത്ത്‌ നിന്ന്‌ സമരം നയിക്കേണ്ട സംഘടന നേതൃത്വമില്ലാതെ നിശ്ശബ്ദതയില്‍ ആണെന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി.ആര്‍ മഹേഷ്‌ കുറ്റപ്പെടുത്തിയിരുന്നു. 

കെഎസ്യു അടക്കമുളള സംഘടനകളില്‍ നടത്തുന്ന തെരഞ്ഞെടുപ്പ്‌ അവസാനിപ്പിക്കണമെന്നും മഹേഷ്‌ ഫെയ്‌സ്‌ബുക്ക്‌ സ്റ്റാറ്റസില്‍ വ്യക്തമാക്കിയിരുന്നു.


ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത്‌ ലാഘവത്തോടെ കണ്ട്‌ നില്‍ക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്‌മരിപ്പിക്കുന്നു. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ മനസ്സ്‌ തേങ്ങുകയാണ്‌. 

ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക്‌ എതിരെ പട നയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുന്നു. ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധിക്ക്‌ നേതൃത്വം ഏറ്റെടുത്ത്‌ മുന്നില്‍ നിന്ന്‌ നയിക്കാന്‍ താല്‌പര്യം ഇല്ലെങ്കില്‍ അദ്ദേഹം ഒഴിയണമെന്നും മഹേഷ്‌ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക