Image

''ചായ പ്രിയന്‍ കൃഷ്ണമേനോന്‍ എനിക്ക് നല്‍കിയ ജീവിത പാഠങ്ങള്‍...'' (അഭിമുഖം: എ.എസ് ശ്രീകുമാര്‍)

Published on 22 March, 2017
''ചായ പ്രിയന്‍ കൃഷ്ണമേനോന്‍ എനിക്ക് നല്‍കിയ ജീവിത പാഠങ്ങള്‍...'' (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
'ശാന്തമായിരിക്കുക, ഒന്നും ചെയ്യാതെ.
വസന്തം വരുന്നു, പുല്ല് താനേ വളരുന്നു.
ജലം മുന്നിലിതാ, ജലം പിന്നിലിതാ.
ഇപ്പോഴും എപ്പോഴും ഒഴുകുന്നു...ഓരോന്നിനെയും
പിന്‍തുടര്‍ന്നേ പോകൂ...ഒഴുകൂ...ഒഴുകൂ...'

ഇതൊരു സെന്‍ കവിതാ ശകലമാണ്. നദിയുടെ നിരന്തരമായ ഒഴുക്കുപോലെ ഇവിടെ വെന്‍ പരമേശ്വരന്‍ എന്ന ആദ്യകാല അമേരിക്കന്‍ കുടിയേറ്റക്കാരന്റെ കര്‍മ ജീവിതവും ഒരു പിന്‍തുടര്‍ച്ചയാണ്...നിലയ്ക്കാത്ത പ്രവാഹമാണ്...അവിരാമമായ ഒഴുക്കാണ്. 63 വര്‍ഷം മുമ്പ് ഇരുപത്തിനാലാമത്തെ പ്രസരിപ്പുള്ള യുവത്വത്തില്‍ കല്‍ക്കത്തയില്‍ നിന്നും കപ്പലേറി അമേരിക്കയിലെത്തിയ വെങ്കിടാചലം പരമേശ്വരന് ഒരിക്കല്‍ പോലും പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരു മാസത്തെ കപ്പല്‍ യാത്രയ്ക്ക് ശേഷം 1954 ഓഗസ്റ്റ് ഒന്‍പതിന് നോര്‍ത്ത് കരോലിനയിലെ വില്‍മിങ്ടണ്‍ പോര്‍ട്ടില്‍ ഇറങ്ങി നടക്കുമ്പോള്‍ കൈവശമുണ്ടായിരുന്നത് പത്തേ പത്ത് ഡോളര്‍ മാത്രം.

സ്വപ്ന ഭൂമികയില്‍ കാലുകുത്തിയപ്പോള്‍ വേദനിപ്പിച്ചത് കറുപ്പും വെളുപ്പും തമ്മിലുള്ള തൊലിനിറത്തിന്റെ വകതിരിവില്ലാത്ത വിവേചനത്തിന്റെ നേര്‍ക്കാഴ്ചകള്‍. ടോയ്‌ലറ്റിലും കോഫിഷോപ്പിലുമെല്ലാം കറുത്തവരും വെളുത്തവരും തമ്മില്‍ വര്‍ണ്ണവെറിയുടെ വേലി കെട്ടി വകന്നു മാറ്റപ്പെട്ടിരിക്കുന്നു. മുന്‍ അദ്ധ്യായത്തില്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നത് മാന്യ വായനക്കാര്‍ ഓര്‍ക്കുമല്ലോ. അങ്ങനെ വില്‍മിങ്ടണില്‍ നിന്ന് വെന്‍ പരമേശ്വരന്‍ സുദീര്‍ഘവും സംഭവബഹുലവുമായ ജൈത്രയാത്ര ആരംഭിച്ചു. ഇന്ത്യയുടെ നയതന്ത്ര ശബ്ദം ലോകത്തെ ഉച്ചത്തില്‍ കേള്‍പ്പിച്ച വിശ്വമലയാളി വി.കെ കൃഷ്ണമേനോന്റെ കൂടെയുള്ള ഔദ്യോഗിക ജീവിതം വെന്‍ പരമേശ്വരനെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗുരുകുലവാസമായിരുന്നു... ഇ മലയാളിയുമായി പങ്കുവച്ച വര്‍ത്തമാനത്തിന്റെ ആ എപ്പിസോഡുകള്‍ തുടരുകയാണ്.
***
റീക്യാപ്...
? അമേരിക്കന്‍ മണ്ണില്‍ കാലുകുത്തിയ ആ ഗതകാല നിമിഷത്തെ എങ്ങനെ ഓര്‍ത്തെടുക്കുന്നു...
* കേട്ടറിവുമാത്രം ഉണ്ടായിരുന്ന തികച്ചും അപരിചിതമായ ഒരു വലിയ രാജ്യത്തെത്തിയതിന്റെ ആശങ്കയും അങ്കലാപ്പും അതോടൊപ്പം വലിയ പ്രതീക്ഷയും ഉണ്ടായിരുന്നു. കപ്പല്‍ ഇറങ്ങിയ ഉടന്‍ എനിക്ക് പെട്ടെന്ന് ടോയ്‌ലറ്റില്‍ പോകണമായിരുന്നു.  അന്വേഷിച്ചപ്പോള്‍ കറുത്തവര്‍ക്കും വെള്ളക്കാര്‍ക്കുമുള്ള റെസ്റ്റ് റൂമുകള്‍ കണ്ടു. ഏത് ടോയ്‌ലറ്റില്‍ പോകണമെന്ന ആശയക്കുഴപ്പത്തിലായി ഞാന്‍. കാരണം ഞാന്‍ വെളുമ്പനുമല്ല, കറുമ്പനുമല്ല, മറിച്ച് ബ്രൗണ്‍ ആണ്. എന്തു ചെയ്യണമെന്നറിയില്ല. കലശലായ മൂത്രശങ്കയുണ്ടായിരുന്നു. അപ്പോള്‍ അവിടെയെത്തിയ ഒരു പോലീസുകാരനോട് ഏത് ടോയ്‌ലറ്റാണ് ഞാന്‍ ഉപയോഗിക്കേണ്ടതെന്ന് ചോദിച്ചു. അയാളുടെ ആവശ്യപ്രകാരം ഞാന്‍ പാസ്‌പോര്‍ട്ട് കാണിച്ചു. ''നീ ഇന്റര്‍നാഷണല്‍ ആണ്. വെള്ളക്കാരന്റെ  ടോയ്‌ലറ്റില്‍ പൊയ്‌ക്കോ...'' എന്ന് പോലീസുകാരന്‍ പറഞ്ഞു. അങ്ങനെ അക്കാര്യം സാധിച്ചു. പിന്നെ അടുത്തു കണ്ട ഒരു റെസ്റ്റോറന്റില്‍ കാപ്പി കുടിക്കാന്‍ പോയി. അവിടെയും കറുത്തവര്‍ക്കും വെളുത്തവര്‍ക്കുമുള്ള പ്രത്യേക സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് വെളുത്തവരുടെ സ്ഥലത്തിരുന്ന് കാപ്പി കുടിക്കാന്‍ അനുവാദം കിട്ടി. വെള്ളക്കാര്‍ക്ക് വെള്ളക്കാരും കറുത്തവര്‍ക്ക് കറുത്തവരുമാണ് സെര്‍വ് ചെയ്തിരുന്നത്. ഇതെല്ലാം കണ്ടപ്പോള്‍ വലിയ മനോവിഷമം ഉണ്ടായി. പക്ഷേ പുറത്തു കാട്ടിയില്ല. അതായിരുന്നു അമേരിക്കയിലെ എന്റെ ഫസ്റ്റ് എക്‌സ്പീരിയന്‍സ്. 
***

? ആ നിമിഷം ഒറ്റയ്ക്കായിരുന്നല്ലോ തുടര്‍ന്നുള്ള യാത്ര...
* ഞാന്‍ അമേരിക്കയിലെത്തിയിട്ട് അപ്പോള്‍ ഏതാനും മണിക്കൂറുകളേ ആകുന്നുള്ളു. നോര്‍ത്ത് കരോലിനയില്‍ നിന്ന് ബസ്സെടുത്ത് വാഷിങ്ടണ്‍ ഡി.സിയില്‍ ഇറങ്ങി. ഇന്ത്യന്‍ എംബസിയില്‍ പോയി. അവിടെ വച്ച് ഞാന്‍ കണ്ടു മുട്ടിയ വ്യക്തിയാണ് ഹെന്റി ഓസ്റ്റിന്‍. അദ്ദേഹം അവിടെ ജോലി ചെയ്യുകയായിരുന്നു. അതേസമയം പി.എച്ച്.ഡി വിദ്യാര്‍ത്ഥിയുമായിരുന്നു. പിന്നീട് ലോക്‌സഭാംഗമായി. അദ്ദേഹം എനിക്ക് വേണ്ടി ഒരുപാട് സഹായങ്ങള്‍ ചെയ്തു തന്നു. എംബസി ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി. രണ്ടു ദിവസം വാഷിങ്ടണ്‍ ഡി.സിയില്‍ താമസിച്ച ശേഷം ന്യൂയോര്‍ക്കിലേക്കുള്ള ബസ്സില്‍ കയറി. എന്നെ ഭയപ്പെടുത്തിയ ഒരു സംഭവമാണ് തുടര്‍ന്നുണ്ടായത്.

? അതൊന്നു വിശദീകരിക്കാമോ...
* ബസ് ബാള്‍ട്ടിമോര്‍ കഴിഞ്ഞുള്ള സ്ഥലത്ത് നിര്‍ത്തി. അപ്പോള്‍ നാലഞ്ച് തടിമാടന്‍മാരായ അമേരിക്കക്കാര്‍ എന്നെ ബസില്‍ നിന്ന് പുറത്തേക്ക് വിളിച്ചു. പുറത്തിറങ്ങിയ എന്നെ അവര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. എന്തിനിവിടെ വന്നു എന്നും മറ്റും. ചോദിച്ച് വിഷമിപ്പിച്ചു. ഞാന്‍ വല്ലാതെ പേടിച്ചു. അവര്‍ എന്റെ ശരീരമാസകലം പരിശോധിച്ചു. കത്തിയോ തോക്കോ ഉണ്ടോ എന്നു ചോദിച്ചു. എന്റെ വലിയ സ്യൂട്ട് കേസ് തുറന്നു നോക്കി. എന്നെ സംബന്ധിക്കുന്ന വിവരങ്ങളും രേഖകളും വെളിപ്പെടുത്തിയപ്പോള്‍ യാത്ര തുടര്‍ന്നോളാന്‍ പറഞ്ഞു. അവര്‍ എഫ്.ബി.ഐക്കാരാണെന്ന് സഹയാത്രികര്‍ പറഞ്ഞു. ബാള്‍ട്ടിമോറില്‍ ഒരു വലിയ ബാങ്ക് കൊള്ള ആ സമയത്തു നടന്നിരുന്നു. പലരെയും ചോദ്യം ചെയ്തതു പോലെ സംശയം തോന്നി എന്നെയും അവര്‍ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു. ഞാന്‍ അമേരിക്കയിലെത്തിയിട്ട് മൂന്നു ദിവസമേ ആയിരുന്നുള്ളു എന്നോര്‍ക്കുക. തുടര്‍ന്ന് ന്യൂയോര്‍ക്കിലെത്തിയ ഞാന്‍ ഇന്ത്യന്‍ കോണ്‍സില്‍ ജനറല്‍ക്ക് ഈ ദുരനുഭവത്തെ പറ്റി വിശദമായ പരാതി നല്‍കുകയും അദ്ദേഹം എനിക്ക് മറുപടി നല്‍കുകയും ചെയ്തു. 

? പഠനത്തെ പറ്റി...
* ന്യൂജേഴ്‌സിയിലെ ഫെയര്‍ലി ഡിക്കിന്‍സണ്‍ യൂണിവേഴ്‌സിറ്റിയിലാണ് എനിക്ക് അഡ്മിഷന്‍ കിട്ടിയത്. വിജയലക്ഷ്മി പണ്ഡിറ്റ് സ്‌കോളര്‍ഷിപ്പിന് ഒരു പ്രശ്‌നമുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റിയുടെ ട്യൂഷന്‍ ഫീ മാത്രമേ ലഭിക്കുമായിരുന്നുള്ളു. അതുകൊണ്ടു തന്നെ എനിക്ക് അടിയന്തിരമായി ഒരു ജോലി ആവശ്യമായി വന്നു. 1954 ഓഗസ്റ്റ് ഒന്‍പതാം തീയതിയാണ് ഞാന്‍ അമേരിക്കയിലെത്തിയതെന്ന് പറഞ്ഞുവല്ലോ. 15-ാം തീയതി ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രത്യേക ക്ഷണമൊന്നും ഇല്ലാതെ തന്നെ അന്ന് കോണ്‍സുലേറ്റിലെത്താമെന്ന അറിയിപ്പുണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഞാനും അവിടെ പോയി. ചടങ്ങുകള്‍ക്കു ശേഷം ഞാന്‍ കോണ്‍സല്‍ ജനറലിനെ കണ്ട്, കൈയില്‍ പണമില്ലെന്നും ഒരു ജോലി തരപ്പെടുത്തി തരണമെന്നും അഭ്യര്‍ത്ഥിച്ചു. സ്റ്റെനോഗ്രാഫറെന്ന നിലയില്‍ എന്റെ എക്‌സ്പീരിയന്‍സ് ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം പിറ്റെ ദിവസം നടന്ന ടെസ്റ്റില്‍ ഞാന്‍ വിജയിക്കുകയും ഇന്ത്യയുടെ യു.എന്‍ മിഷനില്‍ ജോലി ലഭിക്കുകയും ചെയ്തു. 

? എന്തായിരുന്നു ആദ്യത്തെ ദൗത്യം...
* ഐക്യ രാഷ്ട്രസഭയുടെ ആദ്യത്തെ വനിതാ അദ്ധ്യക്ഷയായിരുന്നല്ലോ വിജയലക്ഷ്മി പണ്ഡിറ്റ്. അവരെ പോയി കാണുകയെന്നതായിരുന്നു ആദ്യത്തെ ദൗത്യം. അത്രയും വലിയൊരു പദവിയിലിരിക്കുന്ന വ്യക്തിയോടൊപ്പം ജോലി ചെയ്യാന്‍ ഭാഗ്യമുണ്ടായതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുകയും അതിശയപ്പെടുകയും ചെയ്തു. രണ്ടു ദിവസം ആ മഹതിക്കൊപ്പം സെക്രട്ടറിയുടെ ജോലി ചെയ്തു. തുടര്‍ന്ന് യു.എന്‍ മിഷനിലെ ജോലിയും പഠനവും തുടര്‍ന്നു. 

? താങ്കളുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിച്ച വ്യക്തിയാണല്ലോ വി.കെ കൃഷ്ണമേനോന്‍. അദ്ദേഹവുമായുള്ള കണ്ടുമുട്ടലിനെ പറ്റി...
* നെഹ്‌റുവിന്റെ വലം കൈയും ഉപദേശകനും ഏറ്റവും അടുപ്പമുള്ള വ്യക്തിയുമായ വി.കെ കൃഷ്ണമേനോന്‍ യു.എന്നിലെ ഇന്ത്യന്‍ അംബാസിഡറായി 1952 മുതല്‍ 1962 വരെ സേവനം ചെയ്തു. ഇന്ത്യയുടെ കരുത്തുറ്റ പ്രതിരോധ മന്ത്രിയും കൂടിയായിരുന്ന അദ്ദേഹത്തെ ടൈം മാഗസിന്‍ വിശേഷിപ്പിച്ചത് ജവാഹര്‍ലാല്‍ നെഹ്‌റു കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ അതിശക്തനായ വ്യക്തി എന്നാണ്. ഇന്ത്യയുടെ യു.എന്‍ മിഷന്റെ ഡെലിഗേഷന്‍ ചെയര്‍മാനായിരുന്നു വി.കെ കൃഷ്ണമേനോന്‍. ഒരിക്കല്‍ അദ്ദേഹം ഡല്‍ഹിയില്‍ നിന്നും ഒരു ടെലഗ്രാം അയച്ചു. എന്നെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അതിലെ മെസ്സേജ്. ന്യൂയോര്‍ക്കില്‍ വി.കെ കൃഷ്ണമേനോന്‍ ഏത് സമയത്ത് എത്തിയാലും അദ്ദേഹത്തോടൊപ്പം ഉണ്ടാവണമെന്ന ഔദ്യോഗിക അറിയിപ്പും കിട്ടി. അങ്ങനെ ആ മഹാരഥന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 

? കരുത്തനായ വി.കെ കൃഷ്ണമേനോനോടൊപ്പം ജോലി ചെയ്യുമ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍...
* ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തതു കൊണ്ട് രാഷ്ട്രീയം, നയതന്ത്ര ബന്ധം തുടങ്ങിയവയെ പറ്റിയൊക്കെ നല്ല പ്രായോഗിക പരിജ്ഞാനം എനിക്ക് കിട്ടി. അദ്ദേഹത്തിന്റെ മുറിയുടെ താക്കോല്‍ എന്റെ കൈവശമായിരുന്നു. രാവിലെ അഞ്ചര മണിക്ക് മുറി തുറക്കണം. അപ്പോള്‍ അദ്ദേഹം നല്ല ഉറക്കത്തിലായിരിക്കും. ആറു മണിയാവുമ്പോള്‍ ചായ ഉണ്ടാക്കി കൊടുക്കും. മുറിയില്‍ ഒരുപാട് പത്രങ്ങള്‍ കാണും. അന്ന് ന്യൂയോര്‍ക്കില്‍ എട്ട് ന്യൂസ് പേപ്പറുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. അതൊക്കെ ഓരോന്നോരോന്നായി വായിച്ച് തറയില്‍ ഇട്ടിരിക്കും. ആഴത്തിലുള്ള പത്രവായന കൊണ്ട് ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൃഷ്ണമേനോന് നല്ല അവഗാഹമുണ്ടായിരുന്നു. അതാണ് ആ നയതന്ത്രജ്ഞനില്‍ നിന്ന് എനിക്ക് കിട്ടിയ ആദ്യ പാഠം. 

? വി.കെയുടെ ദിനചര്യകള്‍ വിചിത്രമായിരുന്നു എന്ന് കേട്ടിട്ടുണ്ടല്ലോ...
* ശരിയാണ് കാലത്ത് ചായ കുടിച്ച ശേഷം അന്നത്തെ ദിവസം ചെയ്യണ്ട കാര്യങ്ങളെ കുറിച്ച് ആലോചിക്കും. ഇരുപത് മിനിറ്റ് കഴിഞ്ഞ് വീണ്ടും ചായ കുടിക്കും. പിന്നെ കുളിക്കാന്‍ പോകും. ആ സമയത്താണ് എല്ലാം പ്ലാന്‍ ചെയ്യുക. കുളി കഴിഞ്ഞ് വന്നാല്‍ പിന്നെ വലിയ തിരക്കാണ്. പത്ത് പതിനഞ്ച് പേരെയെങ്കിലും ഫോണ്‍ വിളിക്കാന്‍ എന്നോട് പറയും. അവരോടെല്ലാം സംസാരിക്കും. അതെല്ലാം ഞാന്‍ ശ്രദ്ധിക്കും. എനിക്ക് അതൊരു വലിയ പാഠമായിരുന്നു. 

? ഈ ചായകുടിയുടെ പ്രത്യേകതകള്‍...
* കൃഷ്ണമേനോന്‍ വലിയ ഭക്ഷണപ്രിയനൊന്നുമായിരുന്നില്ല. ചായയോടാണ് കമ്പം. ഒരു ദിവസം 25 കപ്പ് ചായ കുടിക്കും. ഒരു കപ്പില്‍ രണ്ട് ടീബാഗുണ്ടായിരിക്കും. അപ്പോള്‍ 50 ചായയുടെ ഫലം. രാവിലെ ഒമ്പതരയാകുമ്പോള്‍ യു.എന്നില്‍ പോകണം. പത്തര മണിക്ക് മീറ്റിംഗുകള്‍ തുടങ്ങും. അതിനു മുമ്പായി എല്ലാവരുമായി സംസാരിക്കും. ഒരു മണി വരെ യു.എന്നില്‍ ഇരിക്കും. മൂന്നു മണി കഴിഞ്ഞാല്‍ പല പല പാര്‍ട്ടികളില്‍ പങ്കെടുക്കാനായി പോകും. 11 മണിക്ക് റൂമില്‍ മടങ്ങിയെത്തും. രണ്ടു മണി വരെ വീണ്ടും പത്രവായനയാണ്. എല്ലാ പത്രങ്ങളും വായിച്ച ശേഷമേ ഉറങ്ങൂ. അമേരിക്കന്‍ പത്രക്കാരുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു വി.കെ കൃഷ്ണമേനോന്‍. ഒരിക്കല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ രണ്ടു ഫുള്‍ പേജില്‍ കൃഷ്ണമേനോന്റെ പ്രസംഗം അച്ചടിച്ചു വരികയും ചെയ്തു. 

? കൃഷ്ണമേനോനും ജവാഹര്‍ ലാല്‍ നെഹ്‌റുവും തമ്മിലുള്ള ബന്ധത്തെ പറ്റി...
* വി.കെ കൃഷ്ണമേനോന്‍ നെഹ്‌റുവിന് അയയ്ക്കുന്ന എല്ലാ രഹസ്യ സന്ദേശങ്ങളും ടൈപ്പ് ചെയ്തിരുന്നത് ഞാനായിരുന്നു. മേനോനും നെഹ്‌റുവും തമ്മില്‍ ശക്തമായ ബന്ധം നിലനിന്നിരുന്നു. മേനോന്റെ നയസമീപനങ്ങളും നിര്‍ദ്ദേശങ്ങളും മുഖവിലയ്‌ക്കെടുക്കുന്ന നെഹ്‌റു അതിനൊക്കെ അംഗീകാരവും നല്‍കിയിരുന്നു. യു.എന്നിലെ സേവനകാലത്ത് ഒട്ടേറെ ആഗോള പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശിച്ച പരിഹാരമാര്‍ഗങ്ങള്‍ വിജയിച്ചിരുന്നു. കൊറിയന്‍ യുദ്ധം, സൂയസ് കനാല്‍ ക്രൈസിസ്, അള്‍ജീരിയയുടെ ഡീകോളനൈസേഷന്‍ തുടങ്ങിയവ ഇവയില്‍ പെടുന്നു. മേനോന്റെ നേതൃപരമായ ഇടപെടലിന്റെ കൂടി ഫലമാണ് ഇന്റര്‍ നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി രൂപീകൃതമായത്. വി.കെ കൃഷ്ണമേനോനെ പറ്റി ഞാന്‍ ഒരു ഗ്രന്ഥം രചിക്കാന്‍ പോവുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ആഗ്രഹിക്കുന്നത്. അഞ്ചു കൊല്ലം അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത അനുഭവ ജ്ഞാനം ഉണ്ടല്ലോ.

? അതിനു ശേഷമുള്ള പഠനം... ജോലി... ജീവിതം...
* ഇതിനിടെ ഞാന്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ സമയത്താണ് എനിക്ക് ഫെയര്‍ലി ഡിക്കിന്‍സണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എസ് ബിരുദം (ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് പബ്ലിക് റിലേഷന്‍സ്) ലഭിക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ ഉന്നത പഠനം തുടരുവാന്‍ വേണ്ടി ഞാന്‍ ഐ.എഫ്.എസ് വേണ്ടെന്നു വച്ചു. ഐ.എഫ്.എസില്‍ ചേര്‍ന്നാല്‍ പല പല സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റം ചെയ്യപ്പെടും എന്നതിനാലാണ് ആ തീരുമാനമെടുത്തത്. ഞാന്‍ ഐ.എഫ്.എസില്‍ തുടര്‍ന്നിരുന്നെങ്കില്‍ അംബാസിഡറായിട്ടായിരിക്കും റിട്ടയര്‍ ചെയ്യുക. എന്നോടൊപ്പം യു.എന്നില്‍ ഉണ്ടായിരുന്നവരാണ് നട്‌വര്‍സിങ്, എസ്.കെ സിങ്, എ.പി വെങ്കിടേശ്വരന്‍, ബ്രിജേഷ് മിശ്ര, പി.എന്‍ ഹസ്‌ക്കര്‍, എ.കെ രസ്‌ഗോത്ര തുടങ്ങിയവരെല്ലാം. യു.എന്നില്‍ പിന്നെ അഡൈ്വസറായ ഞാന്‍ ഇന്ത്യയെ പറ്റി പ്രസംഗിക്കുകയും അത് മാധ്യമ വാര്‍ത്തയായതും ഇപ്പോഴും ഓര്‍ക്കുന്നു. 1959ല്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാര്‍ക്കറ്റിംഗില്‍ എം.ബി.എ ലഭിക്കുകയും ചെയ്തു. ഇടയ്ക്ക് ഇന്ത്യയിലെത്തി ഗുഡ് ഇയര്‍ ടയര്‍ ആന്‍ഡ് റബര്‍ കമ്പനിയില്‍ ഒരു വര്‍ഷക്കാലം അഡ്വര്‍ടൈസിംഗ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി ചെയ്തു. 

? ഇന്ത്യയില്‍ വളരെ വിവാദമുണ്ടാക്കിയ കമ്പനിയാണ് എന്റോണ്‍. അവിടുത്തെ സേവന കാലഘട്ടത്തെ എങ്ങിനെ ഓര്‍ക്കുന്നു...
* നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഞാന്‍ എന്റോണിന്റെ കണ്‍സള്‍ട്ടന്റായത്. മഹാരാഷ്ട്രയില്‍ എന്‍ റോണിന്റെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് തുടങ്ങുന്നതിനായി റാവുവിനെ ബോധ്യപ്പെടുത്തിയത് ഓര്‍ക്കുന്നു. 2.2 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം കമ്പനി നടത്തുകയുണ്ടായി. 1994ല്‍ ഇതു സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ പോയി. പിന്നീട് രാഷ്ട്രീയ കാരണങ്ങളാല്‍ എന്റോണ്‍ നിന്നു പോയത് വേറെ കാര്യം. മെരില്‍ ലിഞ്ചിന്റെ ഇന്‍വെസ്റ്റ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഏഷ്യന്‍ സെക്യൂരിറ്റീസ് കോര്‍പ്പറേഷന്റെ പ്രസിഡന്റ്, സി.ഇ.ഒ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കാന്‍ ഭാഗ്യമുണ്ടായി. ന്യൂയോര്‍ക്കിലെ പേസ് യൂണിവേഴ്‌സിറ്റിയിലും ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും, എക്കണോമിക്‌സ്, ഇന്റര്‍ നാഷണല്‍ റിലേഷന്‍സ്, ഫിനാന്‍സ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്ന പാര്‍ട്ട് ടൈം പ്രൊഫസറായും ജോലി ചെയ്തു. 

? അമേരിക്കന്‍ മലയാളി സമൂഹത്തിലെ കാരണവര്‍ എന്ന നിലയില്‍ സമൂഹത്തിന് കൊടുക്കാനുള്ള സന്ദേശം...
* 63 കൊല്ലം മുമ്പ് ഇവിടെ വന്നപ്പോള്‍ ന്യൂയോര്‍ക്കില്‍ ഏതാണ്ട് മുന്നൂറോളം ഇന്ത്യക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതില്‍ 75ഓളം പേര്‍ യു.എന്നിലെ ജോലിക്കാരായിരുന്നു. ബാക്കിയുള്ളവര്‍ മിക്കവരും വിദ്യാര്‍ത്ഥികളായിരുന്നു. ഏതാണ്ട് 25 മലയാളികളും ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു. ആ അവസ്ഥയല്ല ഇപ്പോള്‍. ഇന്ന് മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തും മറ്റ് വലിയ പദവികളിലും ജോലിയിലുമൊക്കെ തിളങ്ങുന്നവരാണ്. ഇതൊക്കെയാണെങ്കിലും മാതൃഭൂമിയുടെ സ്പന്ദനങ്ങള്‍ മറന്നുകൊണ്ട് ഒരു പ്രവാസിക്കും ഒരിടത്തും ജീവിക്കാനാവില്ല. അതിനാല്‍ മലയാണ്മയെ നെഞ്ചോടു ചേര്‍ക്കുക. എന്നെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ഇന്ത്യയില്‍ ആരും എന്നെ ഇപ്പോള്‍ അറിയാന്‍ ഇടയില്ല. കാരണം 63 കൊല്ലമായി എന്റെ തട്ടകം ഈ കര്‍മ്മ ഭൂമിയാണല്ലോ. എങ്കിലും എന്റെ കേരളത്തെ ഞാന്‍ അകമഴിഞ്ഞ് സ്‌നേഹിക്കുന്നു...നമിക്കുന്നു... 

(കേരളത്തിന്റെ സമഗ്ര വികസനത്തിനും ആരോഗ്യപ്രദാനമായ ജീവിതാവസ്ഥയ്ക്കും ക്ഷേമത്തിനും സമൃദ്ധിക്കും മൂല്യവത്തായ നാളേയ്ക്കുമുള്ള കംപ്ലീറ്റ് പാക്കേജ് വെന്‍ പരമേശ്വരന്റെ തലച്ചോറില്‍ വികാസം പ്രാപിച്ചിട്ടുണ്ട്. ഇദ്ദേഹത്തെപ്പോലെയുള്ള മഹാമനീഷികളുടെയും പ്രായോഗിക ജീനിയസുകളുടെയും ഉപദേശ നിര്‍ദേശങ്ങള്‍ നമ്മുടെ ഭരണ കര്‍ത്താക്കള്‍ തീര്‍ച്ചയായും തേടേണ്ടതുണ്ട്. ഇന്നത്തെ രാഷ്ട്രീയ വിദ്വാന്‍മാരും വിദുഷികളും രംഗത്തവതരിക്കുംമുമ്പ്, നെറ്റും സോഷ്യല്‍ മീഡിയയും ജനിക്കും മുമ്പ് ഏഴാം കടലിനക്കരെ മലയാളിയുടെ അഭിമാനം വാനോളമുയര്‍ത്തിയ അസാധാരണ വ്യക്തിത്വമാണ് വെന്‍ പരമേശ്വരന്‍) 
***
കൊടിയ യുദ്ധവും കടുത്ത ക്ഷാമവും കൊണ്ട് ദുരിതക്കയത്തിലായ റഷ്യയിലെ ഒരു തെരുവിലൂടെ നടന്നു പോവുകയായിരുന്നു എക്കാലത്തെയും എഴുത്തുകാരനായ ലിയോ ടോള്‍സ്റ്റോയ്. ഇടയ്ക്ക് അദ്ദേഹം ഒരു യാചകനെ കണ്ടു മുട്ടി. ടോള്‍സ്റ്റോയ് തന്റെ കീശയില്‍ നാണയത്തിനായി പരതി. പക്ഷേ ഒന്നുമുണ്ടായിരുന്നില്ല. യാചകനെ സഹായിക്കാന്‍ പറ്റാത്തതിനാല്‍ ടോള്‍ സ്റ്റോയിക്ക് വല്ലാത്ത കുറ്റബോധവും മനോവേദനയുമുണ്ടായി. അദ്ദേഹം യാചകനെ നെഞ്ചോട് ചേര്‍ത്തു പിടിച്ച്‌ പൊടിയും ചെളിയും പുരണ്ട കവിളില്‍ ചുംബിച്ചു കൊണ്ടു പറഞ്ഞു... ''എന്റെ സഹോദരാ... എന്നോട് കോപിക്കരുതേ..! എന്റെ കൈയില്‍  നിനക്ക് തരാനായി ഇപ്പോഴൊന്നുമില്ല...''                    

ഇതു കേട്ട യാചകന്‍ തന്റെ മെലിഞ്ഞുണങ്ങിയ മുഖമുയര്‍ത്തി കണ്ണീരിറ്റിച്ചു കൊണ്ടു പറഞ്ഞു. ''ഹാ..! അങ്ങെന്നെ സഹോദരാ എന്നു വിളിച്ചു. അതു മാത്രം മതി എനിക്ക്...'' ഒരാളുടെ ഹൃദയത്തില്‍ നിന്ന് മുന്നിലുള്ള ഒരാളുടെ നേരെ ''ഇവനെന്റെ സഹോദരന്‍...'' എന്നു തോന്നാന്‍ തുടങ്ങുമ്പോള്‍ അവനിലേക്ക് അലൗകികമായതെന്തോ കൈമാറ്റം ചെയ്യപ്പെടുകയാണ്. സ്വാര്‍ത്ഥത കൈമുതലായ ആധുനിക മനുഷ്യന്റെ മനസ്സിന്റെ ഉള്ളറകളില്‍ നിന്ന് സാഹോദര്യത്തിന്റെ, സമഭാവനയുടെ അംശഗുണങ്ങള്‍ ചോര്‍ന്നൊലിച്ചു പോകുമ്പോള്‍ വെന്‍ പരമേശ്വരന്‍ എന്ന മുന്‍ഗാമി, മാര്‍ഗദര്‍ശി തന്റെ സാര്‍ത്ഥക ജീവിത വെളിച്ചത്തില്‍ ദീപിതിയോടെ പരിലസിച്ചു കൊണ്ട് നമ്മെ സഹോദരങ്ങളായി കാണുന്നു, പരിഗണിക്കുന്നു...മലയാളത്തെ വന്ദിക്കുന്നു. ആ കാരണവ ഹൃദയത്തു നിന്ന് അലൗകികമായതെന്തോ കൈമാറ്റം ചെയ്യപ്പെടുന്നു... അതു മാത്രം മതി നമുക്ക്. 

''ചായ പ്രിയന്‍ കൃഷ്ണമേനോന്‍ എനിക്ക് നല്‍കിയ ജീവിത പാഠങ്ങള്‍...'' (അഭിമുഖം: എ.എസ് ശ്രീകുമാര്‍)''ചായ പ്രിയന്‍ കൃഷ്ണമേനോന്‍ എനിക്ക് നല്‍കിയ ജീവിത പാഠങ്ങള്‍...'' (അഭിമുഖം: എ.എസ് ശ്രീകുമാര്‍)''ചായ പ്രിയന്‍ കൃഷ്ണമേനോന്‍ എനിക്ക് നല്‍കിയ ജീവിത പാഠങ്ങള്‍...'' (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക