Image

ആക്രമത്തില്‍ വംശീയതയില്ല, വര്‍ഗീയതയും; അക്രമിക്കു വേണ്ടി പ്രാര്‍ഥിക്കുന്നു: ഫാ.ടോമി

Published on 22 March, 2017
ആക്രമത്തില്‍ വംശീയതയില്ല, വര്‍ഗീയതയും; അക്രമിക്കു വേണ്ടി പ്രാര്‍ഥിക്കുന്നു: ഫാ.ടോമി
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ഒരുങ്ങുന്നതിനിടെ ഒരാള്‍ തന്നെ ആക്രമിച്ച സംഭവത്തില്‍ വംശീയതയോ വര്‍ഗീയതയോ ഇല്ലെന്ന് മലയാളി വൈദികന്‍ ഫാ.ടോമി കളത്തൂര്‍. മെല്‍ബണില്‍ നിന്നും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരേയുണ്ടായത് വംശീയ ആക്രമണമല്ല. മാനസിക ദൗര്‍ബല്യമുള്ളയാളാണ് ആക്രണത്തിന് തുനിഞ്ഞത്. പോലീസ് അറസ്റ്റ് ചെയ്ത അക്രമിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രേവേശിപ്പിച്ചിരിക്കുകയാണ്. എന്തായാലും അയാളുടെ ആരോഗ്യത്തിനായി നമുക്ക് പ്രാര്‍ഥിക്കാം. തന്റെ തോളിനേറ്റ പരിക്ക് ഗുരുതര സ്വാഭാവത്തിലുള്ളതല്ല. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നുണ്ട്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മെല്‍ബണിലെ ബന്ധുവിന്റെ വീട്ടില്‍ വിശ്രമത്തിലാണെന്നും അടുത്തയാഴ്ചയോടെ പള്ളിയില്‍ തിരിച്ചെത്തി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും ഫാ.ടോമി അറിയിച്ചു.

സംഭവം അറിഞ്ഞതു മുതല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ വിവരങ്ങള്‍ അന്വേഷിക്കുകയും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി എല്ലാ സഹായവും ഉറപ്പാക്കുകയും ചെയ്തു. ഇന്ത്യന്‍ കോണ്‍സുലേറ്റിന് താന്‍ നന്ദി അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇടവകാംഗങ്ങള്‍ എല്ലാം ദുഖിതരാണ്. ഒരുപാട് പേര്‍ തന്റെ ആരോഗ്യസ്ഥിതി അറിയാന്‍ ബന്ധപ്പെടുന്നുണ്ട്. എല്ലാവരോടും നന്ദിയുണ്ടെന്നും തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും ഫാ.ടോമി പറഞ്ഞു.

താമരശേരി രൂപതയിലെ വൈദികനാണ് ഫാ.ടോമി. മെല്‍ബണിലെ ഫാക്‌നര്‍ നോര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന സെന്റ് മാത്യൂ പള്ളിയിലെ വികാരിയായി പ്രവര്‍ത്തിച്ചുവരികയാണ് അദ്ദേഹം. ആനക്കാംപൊയില്‍ കരിന്പ് സ്വദേശിയാണ് ഫാ. ടോമി. 1994ല്‍ വൈദികനായ ഇദ്ദേഹം അടയ്ക്കാക്കുണ്ട്, കല്ലുരുട്ടി, ചുണ്ടത്തും പൊയില്‍, വെറ്റിലപ്പാറ തുടങ്ങിയ ഇടവകകളില്‍ വികാരിയായും താമരശേരി അല്‍ഫോന്‍സ സ്‌കൂളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലു വര്‍ഷമായി മെല്‍ബണ്‍ അതിരൂപതയ്ക്കായി ശുശ്രൂഷ ചെയ്യുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക