Image

ചിരി വച്ചു പൂട്ടിയ അലമാര

ആശ പണിക്കര്‍ Published on 22 March, 2017
  ചിരി വച്ചു പൂട്ടിയ അലമാര
സാധാരണക്കാരന്റെ ജീവിതപരിസരത്തു കാണുന്ന കഥാപാത്രങ്ങളും സംഭവങ്ങളും സിനിമയാകുമ്പോള്‍ അത് കണ്ടിരിക്കാന്‍ വലിയ രസമാണ്. മിഥുന്‍ മാനുവല്‍ തോസിന്റെ പുതിയ ചിത്രം അലമാര പറയുന്നതും അങ്ങനെയൊരു കഥ തന്നെ. 

യുവമിഥുനങ്ങളായ അരുണിന്റെയും ഭാര്യയുടെയും ജീവിതത്തില്‍ ഒരു അലമാര പാരയാകുന്ന കഥയാണ് ഇത്തവണ സവിധായകന്‍ പറയുന്നത്. കല്യാണം കഴിഞ്ഞ് പെണ്ണിന്റെ വീട്ടുകാര്‍ ചെറുക്കന്റെ വീട്ടില്‍ വരുമ്പോള്‍ കുറേ ഗൃഹോപകരണങ്ങളും കൊണ്ടുവരുന്നത് പതിവാണല്ലോ. ഈ ചിത്രത്തില്‍ അലമാര പാരയാകുന്നതാണ് വിഷയം.

ഒരു വീട്ടിലെ ഏതാണ്ട് എല്ലാ രഹസ്യങ്ങളും അറിയുന്ന നിശബ്ദ സാക്ഷിയാണ് അലമാര. എന്തും സൂക്ഷിച്ചു വയ്ക്കാനും അരിശം വരുമ്പോള്‍ വലിച്ചടയ്ക്കാനുമെല്ലാം അലമാര ഒരുപാധിയാണ്.
47 പെണ്ണ് കണ്ടിട്ടും അരുണിന് ഒന്നുമങ്ങോട്ട് ശരിയാകുന്നില്ല. കൂട്ടുകാരന്‍ കണ്ടെ പെണ്ണിനെ പിന്നീട് അരുണ്‍ കല്യാണം കഴിക്കുന്നു. വിവാഹത്തിന്റെ മൂന്നാം നാള്‍ വധുവിന്റെ വീട്ടില്‍ നിന്നും അലമാരയെത്തുന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നു.

ഇക്കാലത്ത് ദാമ്പത്യജീവിതത്തില്‍ നിസാരകാര്യങ്ങള്‍ക്കു പോലും പിണങ്ങി പിരിയുന്ന ദമ്പതിമാരെ കുറിച്ചും ഇങ്ങനെയുള്ള പ്രശ്‌നങ്ങളെ ഊതിപ്പെരുപ്പിച്ച് വഷളാക്കുന്ന വീട്ടുകാരുടെ ഇടപെടലുമൊക്കെ വളരെ തന്‍മയത്വത്തോടെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. വിവാഹിതരായ പലര്‍കും വധൂഗൃഹത്തില്‍ നിന്നും ഈ സമ്മാനം കിട്ടിയിട്ടുണ്ടാകും. അങ്ങനെയുള്ളവര്‍ക്ക് തികച്ചും രസകരമായിരിക്കും ഈ  ചിത്രമെന്നതില്‍ സംശയമില്ല.

ചിത്രതതില്‍ എടുത്തുപറയേണ്ടത് സീമാ ജി.നായര്‍-രണ്‍ജി പണിക്കരുടെ പ്രകടനമാണ്. ഹാസ്യരംഗങ്ങളില്‍ രണ്ടു പേരും മത്സരിച്ചഭിനയിച്ചു. സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, സൗജു കുറുപ്പ് എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. നായികയായ അദിതി രവി തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. സലിംകുമാര്‍ ശബ്ദ സാന്നിധ്യം തന്നെ തിയേറ്ററില്‍ ചിരി പടര്‍ത്തുന്നു. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മണികണ്ഠന്‍ ഹാസ്യരംഗങ്ങളില്‍ മികച്ചു നിന്നു.

പ്രധാന പ്രമേയത്തില്‍ നിന്നും വഴി മാറി  സഞ്ചരിക്കുന്നത് പലപ്പോഴും കഥയുടെ രസച്ചരട് പൊട്ടിക്കുന്നതായി. തിരക്കഥയുടെ കെട്ടുറപ്പ് പലപ്പോഴു ഇക്കാരണം കൊണ്ടു ചോര്‍ന്നു പോകുന്നതായി കാണാം. എങ്കിലും രസച്ചരട് പൊട്ടിപ്പോകുന്നില്ല. നമുക്കു ചുറ്റും കാണുന്ന സംഭവങ്ങളായതു കൊണ്ട് അത് വെള്ളിതത്തരയില്‍ കാണുന്നതും തികച്ചും കൗതുകമാണ്.

പ്രേക്ഷകനെ അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളോ പഞ്ച് ഡയലോഗുകളോ സ്റ്റണ്ടോ ഒന്നും ഈ ചിത്രത്തിലില്ല. പക്ഷേ സാന്ദര്‍ഭികമായ നര്‍മം കൊണ്ട് പല രംഗങ്ങളും രസകരമാണ്. കുടുംബഹിതം കാണാന്‍ കഴിയുന്ന ഒരു കൊച്ചു ചിത്രമാണ് അലമാര.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക